നിഗൂഢം, ഗംഭീരം; വീണ്ടും ഞെട്ടിച്ച് വിജയരാഘവൻ; ‘ഔസേപ്പിന്റെ ഒസ്യത്ത്’ റിവ്യൂ
Ouseppinte Osiyathu Review

Mail This Article
അപ്രതീക്ഷിതമായി കടന്നു വരുന്നൊരു പ്രശ്നം കുടുംബത്തിന്റെ താളം തെറ്റിക്കുന്നത് എങ്ങനെയെന്നാണ് ‘ഔസേപ്പിന്റെ ഒസ്യത്തി’ലൂടെ പറയുന്നത്. കരുത്തുറ്റ തിരക്കഥയും അഭിനേതാക്കളുടെ മികവാർന്ന പ്രകടനവും അതി ഗംഭീരമാർന്ന മേക്കിങ് ശൈലിയും ഈ സിനിമയെ വേറിട്ടതാക്കുന്നു. ഒരു പ്രശ്നമുണ്ടാകുമ്പോൾ കുടുബവും സഹോദരബന്ധങ്ങളും എന്നതിലുപരി മനുഷ്യൻ താനെന്ന സ്വാർത്ഥതയിലേക്കു എങ്ങനെ എത്തിപ്പെടുന്നുവെന്നും ഔസേപ്പിന്റെ ഒസ്യത്ത് നമുക്ക് കാണിച്ചു തരുന്നു.
മലയോര മേഖലയിലെ കർഷകനായ ഔസേപ്പിന്റെയും ഒസ്യത്തിന്റെയും കഥപറയുന്ന ചിത്രത്തിൽ ഔസേപ്പായി എത്തുന്നത് മലയാളികളുടെ പ്രിയതാരം വിജയരാഘവനാണ്. മൂത്തമകൻ മൈക്കിളായി ദിലീഷ് പോത്തനും രണ്ടാമത്തെ മകൻ ജോർജായി കലാഭവൻ ഷാജോണും ഇളയ മകനായി ഹേമന്ത് മേനോനുമാണ് അഭിനയിക്കുന്നത്. ഇടുക്കിയുടെ ഏലത്തോട്ടങ്ങളുെട ഭംഗി നമുക്ക് മുൻപിൽ വെള്ളിത്തിരയിലൂടെ പലതവണ എത്തിയിട്ടുണ്ടെങ്കിലും തികച്ചും വ്യത്യസതമായ അനുഭവാണ് ഔസേപ്പിന്റെ ഒസ്യത്തിലൂടെ ലഭിക്കുന്നത്. ഒസ്യത്തെന്നാൽ മരണ ശേഷം സ്വത്തുക്കൾ ആർക്കെന്നു തീരുമാനിക്കുന്ന വിൽ പത്രമാണ്. ജീവിച്ചിരിക്കുമ്പോൾ രഹസ്യമായി എഴുതി വയ്ക്കുന്ന ആ അവകാശ പത്രത്തിലേക്കു എത്തിപ്പെടുന്ന മക്കളുടെ കഥയാണ് ‘ഔസേപ്പിന്റെ ഒസ്യത്ത്’.
ഹേമന്ത് അവതരിപ്പിക്കുന്ന ഇളയ മകനായ റോയി അപ്പനായ ഔസേപ്പിനോട് ഒരു തുക ആവശ്യപ്പെടുകയും അത് നൽകാതെ പറഞ്ഞയ്ക്കുകയും ചെയ്യുന്നു. അതിനു പിന്നാലെ
തഹസിൽദാറായ മൈക്കിളും എസ്ഐ ആയ ജോർജും അവർ ചെന്നെത്തുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായി അപ്പന്റെ അടുക്കൽ സഹായത്തിനായി എത്തുന്നു. കണിശക്കാരനും പിശുക്കനുമായ ഔസേപ്പ് പണം നല്‍കാതെ അവരെ മടക്കി അയയ്ക്കുന്നുണ്ടെങ്കിലും പ്രതീക്ഷ തുടരുന്ന മൈക്കിളിനും ജോർജിനുമിടയിലേക്കു കടന്നു വരുന്ന പ്രതിസന്ധികളിലൂടെ ചിത്രം മുൻപോട്ട് പോകുന്നു. കുടുംബബന്ധങ്ങളും സഹോദര സ്നേഹവുമെല്ലാം ഇഴകലർന്നു നീങ്ങുന്ന ചിത്രത്തിൽ റോയിയുടെ തിരോധാനം മുതലാണ് ഔസേപ്പിന്റെ കുടുംബത്തിലെ പ്രശ്നങ്ങൾ ആരംഭിക്കുന്നത്. ഓരോ പ്രശ്നങ്ങളിലും ഒരുമിച്ചു നീങ്ങിയിരുന്ന സഹോദരങ്ങൾ പെട്ടന്നൊരവസരത്തിൽ വേർപിരിയുന്നതും തങ്ങളുടെ മനഃസാക്ഷിക്കുമുൻപിൽ പിടിച്ചു നിൽക്കാനാകാതെ പോകുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം
മികച്ച തിരക്കഥയ്ക്കൊപ്പം കഴിവുതെളിയിച്ച അഭിനേതാക്കളും കൂടി ചേർന്നതോടെ ഔസേപ്പും മക്കളും ഒന്നിനൊന്നു മികച്ചതായിരുന്നു. അച്ഛൻ കഥാപാത്രങ്ങളിലുടെ വിസ്മയിപ്പിക്കുന്നവിജയരാഘവന്റെ കിഷ്കിന്ധാകാണ്ഡത്തിനു ശേഷം മികച്ച മറ്റൊരു അച്ഛൻ കഥാപാത്രമാണ് ഔസേപ്പെന്നു പറയാം. ദിലീഷ് പോത്തനും കലാഭവൻ ഷാജോണും സഹോദരന്മാരുടെ കഥാപാത്രങ്ങൾ മികച്ചതാക്കിയപ്പോൾ ഇളയ അനുജനായി ഹേമന്തും ഒട്ടും പിന്നിൽ നിന്നില്ല. കനി കുസൃതി പൊലീസ് ഇൻസ്പെക്ടറായിട്ടെത്തുന്നു എന്നൊരു പ്രത്യേകതകൂടി ഈ ചിത്രത്തിനുണ്ട്. ആട്ടം, രേഖാചിത്രം തുടങ്ങിയ സിനിമകളിലൂടെ വെള്ളിത്തിരയിലേക്കെത്തിയ സെറിൻ ഷിഹാബാണ് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ലെന അഞ്ജലികൃഷ്ണ, ജോജി മുണ്ടക്കയം തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.
നവാഗതനായ ഫസൽ ഹസനാണ് ചിത്രത്തിനായി തിരക്കഥയൊരുക്കിയിരിക്കുന്നത്, വ്യത്യസ്തമായ എഴുത്തിൽ പ്രേക്ഷകനെ അവസാനം വരെ പിടിച്ചിരുത്തുന്ന രീതിയിലാണ് സിനിമയുടെ രചന. ഏലക്കാടുകളുടെ വന്യതയും ഹൈറേഞ്ചിന്റയും അരവിന്ദ് കണ്ണാഭിരന്റെ ക്യാമറയിലൂടെയാണ് പകർത്തിയിരിക്കുന്നത്. ബി. അജിത് കുമാർ എഡിറ്റിങ്ങും നിർവഹിച്ച ചിത്രത്തിന്റെ സംഗീതം സുമേഷ് പരമേശ്വറാണ്. ഹൈറേഞ്ചിന്റെ രാത്രിയാമങ്ങളെ പശ്ചാതല സംഗീതത്തിലൂടെ മികച്ചതാക്കിയിരിക്കുന്നത് അക്ഷയ് മേനോനാണ്.
മെയ്ഗൂർ ഫിലിംസിന്‍റെ ബാനറിൽ എഡ്‍വേർഡ് അന്തോണിയാണ് ചിത്രത്തിന്‍റെ നിർമാണം. കുടുംബപ്രേക്ഷകരെ ഉൾപ്പടെ പൂർണമായും തൃപ്തിപ്പെടുത്തുന്ന ചിത്രം മനോഹരമായ ദൃശ്യാനുഭവമാകും പ്രേക്ഷകനു സമ്മാനിക്കുക.