മിത്തും ഹൊററും ഒപ്പം ത്രില്ലും; പ്രേക്ഷകനെ ഭീതിയിൽ തളച്ചിടുന്ന ‘വടക്കൻ’; റിവ്യു
Vadakkan Review

Mail This Article
ഇന്ത്യയിലെ ആദ്യത്തെ ഹൊറർ റിയാലിറ്റി ഷോയായ എംടിവി ഗേൾസ് നൈറ്റ് ഔട്ട് 2011ന്റെ സൂത്രധാരനായ സജീദ് എ. സംവിധാനം ചെയ്ത ചിത്രമാണ് ‘വടക്കൻ’. മലയാളത്തിലെ ആദ്യത്തെ പാരാനോർമൽ ഇൻവെസ്റ്റിഗേഷൻ ചിത്രം എന്ന വിശേഷണത്തോടെയാണ് വടക്കൻ തിയറ്ററുകളിലെത്തിയത്. കന്നഡ താരമായ കിഷോർ കുമാർ, ശ്രുതി മേനോൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രം അക്ഷരാർഥത്തിൽ പ്രേക്ഷകർക്ക് സിരകളിൽ ഭയത്തിന്റെ തണുപ്പ് അരിച്ചരിച്ച് കയറുന്ന പ്രതീതിയാണ് ഉളവാക്കുന്നത്. റിലീസിന് മുൻപ് തന്നെ രാജ്യാന്തര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച ചിത്രം നിരവധി പുരസ്കാരങ്ങളും പ്രശംസകളും ഏറ്റുവാങ്ങിയാണ് കേരളത്തിലെത്തിയിരിക്കുന്നത്.
ബ്രഹ്മഗിരി മലയിലുള്ള ഒരു പഴയ ബ്രിട്ടിഷ് ബംഗ്ളാവിൽ നടക്കുന്ന റിയാലിറ്റി ഷോയിൽ പങ്കെടുക്കാനാണ് അവർ ആറുപേർ എത്തിയത്. രവി വർമൻ എന്ന സെലിബ്രിറ്റി ആങ്കർ നിർമിക്കുന്ന ഷോയിൽ പ്രേതശല്യമുണ്ടെന്നു പറയപ്പെടുന്ന ബംഗ്ളാവിൽ താമസിച്ച് പേടിച്ചോടാതെ അവശേഷിക്കുന്ന അവസാന ആളായിരിക്കും മത്സരവിജയി. പക്ഷേ ഒരുപാട് സ്വപ്നവുമായി റിയാലിറ്റി ഷോയിൽ പങ്കെടുക്കാനെത്തിയ അഞ്ചുപേരെ കാത്തിരുന്നത് ഭീതിപ്പെടുത്തുന്ന സംഭവങ്ങളായിരുന്നു. ദുരൂഹ സാഹചര്യത്തിൽ ഷോ ഡയറക്ടറായ രവി വർമനും കൊല്ലപ്പെടുന്നതോടെ വർമയുടെ ഭാര്യ മേഘ ചില അമാനുഷിക ശക്തികളുടെ ഇടപെടൽ സംശയിക്കുന്നു. പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്നും പാരാനോർമൽ ഇൻവെസ്റ്റിഗേഷൻ നടത്തുന്ന രാമൻ പെരുമലയനെ വരുത്തണമെന്നും മേഘ ആവശ്യപ്പെടുന്നു. പുറം രാജ്യത്ത് പ്രവർത്തിക്കുന്ന രാമൻ പെരുമലയൻ തന്റെ റിസേർച്ച് സ്റ്റുഡന്റായ അന്നയോടൊപ്പമാണ് നാട്ടിൽ നടന്ന കൊലപാതകങ്ങൾ അന്വേഷിക്കാനെത്തുന്നത്. തുടർന്ന് നടക്കുന്ന ഭീതിജനകമായ ചില സംഭവങ്ങളാണ് പ്രേക്ഷകരെ ഭയത്തിന്റെ ആഴങ്ങളലിൽ തളച്ചിടുന്നത്.
പാരാനോർമൽ അന്വേഷകനായി ചിത്രത്തിലെത്തുന്നത് കന്നഡ താരമായ കിഷോർ കുമാറാണ്. രാമൻ പെരുമലയൻ എന്ന കഥാപാത്രമായി വിസ്മയപ്രകടനമാണ് കിഷോർ നടത്തിയത്. ശ്രുതി മേനോൻ ആണ് മേഘ എന്ന കഥാപാത്രമായെത്തിയത്. നിരവധി ലയറുകളുള്ള ഏറെ സങ്കീർണതകളുള്ള കഥാപാത്രം ശ്രുതി മികവുറ്റതാക്കി. അന്ന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മെറിൻ ഫിലിപ്പും മികച്ച പ്രകടനം കാഴ്‌ചവച്ചു. മാലാ പാർവതി, കലേഷ് രാമാനന്ദ്, മീനാക്ഷി ഉണ്ണികൃഷ്ണൻ, ഗാർഗി അനന്തൻ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ മികച്ച പ്രകടനവുമായി എത്തുന്നുണ്ട്.
വടക്കൻ മലബാറിലെ പുരാതനമായ നാടോടിക്കഥകളെ അടിസ്ഥാനമാക്കിയുള്ളതാണ് വടക്കന്റെ തിരക്കഥ. ഉണ്ണി ആർ. ആണ് വടക്കന് തിരക്കഥ രചിച്ചിരിക്കുന്നത്. ഓരോ നിമിഷവും പ്രേക്ഷകനെ ഭീതിയിൽ തളച്ചിടുന്ന രീതിയിലാണ് ചിത്രത്തിന്റെ കഥ പറഞ്ഞുപോകുന്നത്. റിയാലിറ്റി ഷോ സീനുകളും അത്ഭുതപ്പെടുത്തുന്ന പാരാനോർമൽ സീനുകളും സാങ്കേതികത്തികവോടെയാണ് ചിത്രീകരിച്ചിരിക്കുന്നത്. കേയ്ക നകുഹാര എന്ന ജാപ്പനീസ് സിനിമാറ്റോഗ്രാഫറാണ് പ്രേക്ഷകനെ ഞെട്ടിക്കുന്ന ദൃശ്യമികവോടെ വടക്കന്റെ ക്യാമറയ്ക്ക് പിന്നിൽ പ്രവർത്തിച്ചത്. ഇൻഫ്രാറെഡ് ടെക്നോളജി ഉപയോഗിച്ചാണ് വടക്കൻ ചിത്രീകരിച്ചിരിക്കുന്നത് എന്നതാണ് മറ്റൊരു സവിശേഷത. ശബ്ദക്രമീകരണവും പശ്ചാത്തല സംഗീതവുമാണ് എടുത്തുപറയേണ്ട മറ്റു ഘടകങ്ങൾ.
ഓസ്കർ പുരസ്‌കാര ജേതാവ് റസൂൽ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈൻ ചെയ്തത്. സൂപ്പർ നാച്ചുറൽ സിനിമയായതുകൊണ്ട്തന്നെ ശബ്ദത്തിനു വലിയ പ്രാധാന്യമുണ്ട്. പ്രേക്ഷകനെ ഭയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഭീതിതമായ ശബ്ദങ്ങളും അതിഗംഭീരമായ ഗാനങ്ങളും പശ്ചാത്തല സംഗീതവും മികവുറ്റ രീതിയിൽ ആസ്വദിച്ചറിയണമെങ്കിൽ തീയറ്ററിൽ തന്നെ വടക്കൻ കാണേണ്ടിവരും. ബിജിബാൽ ആണ് സംഗീതസംവിധാനം നിർവഹിച്ചത്.
അമേരിക്കയിൽ നടന്ന ഫ്രൈറ്റ് നൈറ്റ് ഫിലിം ഫെസ്റ്റിവലിൽ മികച്ച സൂപ്പർനാച്ചുറൽ ത്രില്ലർ അവാർഡ് നേടിയ ചിത്രമാണ് 'വടക്കൻ’. ഈ മേളയിൽ പുരസ്‌കാരം നേടുന്ന ആദ്യ മലയാള ചിത്രമെന്ന ബഹുമതിയും വടക്കന് തന്നെ. ഇതിഹാസങ്ങളിലെ പ്രേതങ്ങളുടെ ഇരുണ്ട ലോകവും ആത്മാക്കളെക്കുറിച്ചുള്ള അന്വേഷണം നടത്തുന്ന ആധുനിക ലോകവുമായി കൂട്ടിമുട്ടിക്കുന്ന വടക്കനിലൂടെ പ്രേക്ഷകന് ലഭിക്കുന്നത് മലയാളത്തിൽ ആദ്യമായി സാങ്കേതിക തികവോടെയെത്തിയ മികവുറ്റ പാരാനോർമൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ്.