ജീവിതത്തിന്റെ ഗന്ധമുണ്ട്; കാത്തിരിപ്പിന്റെ കൊന്നപ്പൂ പാട്ടുകൾക്ക്

Mail This Article
ഏത് ദൂസര സങ്കൽപത്തിൽ വളർന്നാലും
ഏത് യന്ത്രവത്കൃത ലോകത്തിൽ പുലർന്നാലും
മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിൻ വെളിച്ചവും
മണവും മമതയും ഇത്തിരി കൊന്നപൂവും
കവി പാടിയ വരികൾ നമ്മളങ്ങനെ ഓരോ വിഷുക്കാലത്തും ആചാരം പോലെ നമ്മൾ പാടാറുണ്ട്. കൊന്നപൂവില്ലാതെ മലയാളിക്കൊരു വിഷുവില്ല. വിഷുക്കാലത്ത് അവന്റെ സങ്കൽപങ്ങളും സംഗീതവുമെല്ലാം ആ കൊന്നപ്പൂവിലായിരിക്കും ചെന്നെത്തുന്നത്. മലയാള സിനിമയിലെ പാട്ടുകളിലും കാണാം മേടമാസവും കൊന്നപൂവും. എങ്ങനെയാണു ആ വസന്തമോർക്കാതെ ഒരു വിഷുക്കാലം കടന്നു പോകുക. മലയാളി അത്രമേൽ ഹൃദയത്തോടു ചേർത്തുവച്ച ചില മേടക്കൊന്ന പാട്ടുകൾ
കൊന്നാപ്പൂവെ...കൊങ്ങിണിപൂവെ....
കണിക്കൊന്നയുടെ മഞ്ഞനിറം ക്യാമറയിൽ പതിയാതിരുന്ന കാലത്തും പാട്ടിൽ കൊന്നപ്പൂ നിറഞ്ഞിരുന്നു. പക്ഷേ, അന്നു പാടിപതിഞ്ഞ പാട്ട് ഈ അത്യാധുനികതയുടെ വിഷുക്കാലത്തും നമ്മൾ മറന്നില്ല. ആ ഗാനമാണ് ‘കൊന്നപ്പൂവേ...കൊങ്ങിണിപ്പൂവേ...’ 1963ൽ എത്തിയ ‘അമ്മയെ കാണാൻ’ എന്ന ചിത്രത്തിലേതാണ് ഗാനം. പി.ഭാസ്കരന്റെ വരികൾ. കെ. രാഘവന്റെ സംഗീതത്തിൽ എസ്. ജാനകി ആലപിച്ചിരിക്കുന്നു. സ്വപ്നങ്ങൾ നിറയുന്ന വരികള്‍. മറ്റാരും അറിയാതെയുള്ള നായികയുടെ കാത്തിരിപ്പ്. ആ കാത്തിരിപ്പ് ആരെങ്കിലും കാണുന്നുണ്ടോ, ശ്രദ്ധിക്കുന്നുണ്ടോ എന്നിങ്ങനെയുള്ള ആശങ്കകളും വരികളിലൂടെ പങ്കുവെക്കുകയാണു നായിക. നായികയുടെ പ്രണയവും പരിഭ്രമവും എല്ലാം നിറയുന്നുണ്ട് വരികളിൽ.
മേടമാസ പുലരി, കായലിൽ....
ഓരോ മേടപ്പുലരിയും കൺതുറക്കുന്നത് ആ വർഷം കാർഷിക സമൃദ്ധിയുടേതായിരിക്കണമെന്ന പ്രാർഥനയോടെയാണ്. പ്രകൃതിയുടെ ലാസ്യഭാവവുമായി എത്തുകയാണ് ഈ ഗാനം. ഇത്രയേറെ ഗൃഹാതുരതയുണർത്തുന്ന മറ്റൊരുഗാനമുണ്ടോ എന്നുതന്നെ സംശയം തോന്നും ഈ വരികൾ കേൾക്കുമ്പോൾ.
‘മേടമാസപ്പുലരി കായലിൽ
ആടിയും കതിരാടിയും
നിൻ
നീലനയനഭാവമായി
ഞാറ്റുവേലപ്പാട്ടുകേട്ടു
കുളിരു കോരും
വയലുകളിൽ
ആറ്റുകിളീ നിന്നെ കണ്ടു ഞാൻ
പൂക്കൈതക്കാടിന്റെ രോമാഞ്ചം നിറയും
വിരിയും കവിളിൽ നാണമോ...
കരളാകും തുടുമലരിൻ കവിതകൾ’
എന്ന കവിഭാവന പ്രകൃതിയെ പ്രണയിനിയാക്കുന്നു. നമ്മെതഴുകി കടന്നു പോകുന്ന ഇളംകാറ്റു പൊലൊരു പാട്ട്. മിണ്ടാപൂച്ചയ്ക്ക് കല്യാണം എന്ന ചിത്രത്തിലേകതാണു ഗാനം. മധു ആലപ്പുഴയുടെ വരികൾക്കു രവീന്ദ്രൻ ഈണം നൽകിയിരിക്കുന്നു. യേശുദാസ് ആണ് ആലാപനം.
മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്...
അതിമനോഹരമായ ഒരു പാട്ട്. വരികളും ചിത്രീകരണവും ഒന്നിനൊന്നു മെച്ചം. ഗിരീഷ് പുത്തഞ്ചേരിയുടെ മനോഹരമായ വരികൾക്കു സംഗീതം ഒരുക്കിയത് എം.ജി. രാധാകൃഷ്ണനാണ്. എം.ജി. ശ്രീകുമാറും അരുന്ധതിയും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രം ദേവാസുരം.
മനസ്സിൽ സന്തോഷം തളിർക്കും വരികൾ. ആനന്ദത്തിന്റെ തീരങ്ങളിലേക്കു കൂട്ടിക്കൊണ്ടു പോകുകയാണ് ഗിരീഷ് പുത്തഞ്ചേരിയുടെ കവിഭാവന.
‘മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്
പീലി കാവുകളില്‍ താലപൂപ്പൊലിയായ്
മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്
പീലി കാവുകളില്‍ താലപൂപ്പൊലിയായ്
തങ്കതേരിലേറും കുളിരന്തിത്താരകങ്ങള്‍
വര വര്‍ണ ദീപരാജിയായ്.’
കണിക്കൊന്നകൾ പൂക്കുമ്പോൾ...
ആ നാടും വീടും പെൺകുട്ടിയുടെ കിനാവുകളും ചിലപ്പോഴൊക്കെ നമ്മുടേതല്ലേ എന്നു തോന്നിപ്പിക്കും. ഓരോ പെൺമനസ്സിന്റെയും കൗമാര യൗവന സ്വപ്നങ്ങളും സങ്കൽപങ്ങളും ഇഷ്ടങ്ങളും ചാലിച്ചെഴുതുന്നുണ്ട് വരികളില്‍.
‘കണിക്കൊന്നകൾ പൂക്കുമ്പോൾ
മണിത്തൊങ്ങലും ചാർത്തുമ്പോൾ
ആരേകും വിഷുക്കൈനീട്ടം
(കണിക്കൊന്നകൾ)
കുറുമൊഴിയേ കിളിയേ കിളിക്കണ്ണിൽ
കരിമഷിയോ കളവോ എഴുതീ നീ
പച്ചപ്പട്ടുതൂവലിൽ മുട്ടിയുരുമ്മാൻ
ഇഷ്ടമുള്ളൊരാളിനെ സ്വപ്നം കണ്ടു നീ
കാത്തിരിപ്പിൻ വേദനകൾ ആരറിയുന്നൂ’
1995ൽ പുറത്തിറങ്ങിയ ‘ഒരു അഭിഭാഷകന്റെ കേസ് ഡയറി’യിലേതാണു ഗാനം. ഒരു ക്രൈംത്രില്ലറിൽ ഇങ്ങനെയൊരുഗാനം എന്നു ചിലപ്പോഴെങ്കിലും സംശയം തോന്നിയേക്കും. സുജാതയുടെ അതിമനോഹരമായ ആലാപനം. ഷിബു ചക്രവർത്തിയുടെ വരികൾക്കു സംഗീതം പകർന്നിരിക്കുന്നത് രവീന്ദ്രനാണ്.
കൊന്നപ്പൂ പോലെ മുന്നിൽ കാറ്റിലാടി
ജീവിതത്തിന്റെ ചില്ലകൾ പൂക്കുന്ന കാലത്തിന്റെ കണക്കുകൂട്ടലുകളാണ് ഗാനം പറയുന്നത്. പ്രതീക്ഷയുടെ പരകോടിയിൽ നിൽക്കുമ്പോൾ അപ്രതീക്ഷിതമായി വന്നുചേരുന്ന ചില നഷ്ടങ്ങളുണ്ടാകും. അതിന്റെ ആഴവും പരപ്പും വലുതായിരിക്കും. എങ്കിലും നഷ്ടങ്ങൾക്കിടയിലും പോയകാലത്തെ മധുരമുള്ള ഓർമകൾ ഉണരും. ജീവിക്കാൻ പ്രേരിപ്പിക്കും ഈ ഓർമകൾ. ശരത് വയലാറിന്റെതാണു വരികൾ. മധുബാലകൃഷ്ണനാണു ഗാനം ആലപിച്ചിരിക്കുന്നത്.
വിഷുക്കിളി കണിപ്പൂ കൊണ്ടുവാ(ഇവൻ മേഘരൂപൻ), പാടുന്നു വിഷുപ്പക്ഷികൾ മെല്ലെ.. (പുനരധിവാസം),മഞ്ഞക്കണിക്കൊന്ന പൂവുകൾ ചൂടും. (ആദ്യത്തെ അനുരാഗം), ശ്യാമവാനിലേതോ കണിക്കൊന്ന പൂത്തുവോ...(ആനച്ചന്തം), മൈനാക പൊൻമുടിയിൽ പൊന്നുരുകി (മഴവിൽക്കാവടി), കൊന്നപ്പൂ ചൂടുന്ന കിന്നാരം (കനകചിലങ്ക), അമ്പലനടകൾ പൂവണിഞ്ഞു (കുങ്കുമച്ചെപ്പ്), കൊന്നപ്പൂ പൊൻനിറം തേനിൽ(കിന്നരിപ്പുഴയോരം), കൊന്നപ്പൂക്കൾ പൊന്നുരുക്കുന്നോ (ഒരു വിളിയും കാത്ത്), പൊന്നിലഞ്ഞികൾ പന്തലൊരുക്കി (ഗുരുവായൂർ കേശവൻ), കൊന്ന പൂത്തു പുന്ന പൂത്തു, തങ്കക്കണിക്കൊന്ന പൂവിതറും... (അമ്മിണി അമ്മാവൻ), കണികാണും നേരം കമലനേത്രന്റെ(ഓമനക്കുട്ടൻ), കണികാണണം കൃഷ്ണാ (ബന്ധനം)...കൊന്നപ്പൂക്കൾ പൊന്നുരുക്കുന്നു (ഒരോ വിളിയും കാതോർത്ത്). തുടങ്ങി നിരവധി ഗാനങ്ങളിൽ കൊന്നപ്പൂക്കളുടെ ശോഭയും തിളക്കവുമുണ്ട്.