ADVERTISEMENT

പേരിനൊപ്പം ചേർക്കാന്‍ പാട്ടുകളുടെ നീണ്ട നിരയൊന്നുമില്ല രാധിക തിലക് എന്ന ഗായികയ്ക്ക്. എന്നാൽ പാടിയതിൽ ഒന്നും പാഴായില്ല, മാത്രവുമല്ല അത് പാട്ട് പ്രേമികളുടെ അകത്തളങ്ങളിൽ ആഴത്തിൽ പതിയുകയും ചെയ്തു. പിന്നണി ഗാനരംഗത്തെ ഈ സ്വരസാന്നിധ്യത്തെ കലാഹൃദയങ്ങൾ നെഞ്ചേറ്റി സ്നേഹിച്ചു തുടങ്ങിയപ്പോഴേ ആ നാദം പാതിയിൽ നിലച്ചു. അർബുദ രോഗത്തെത്തുടർന്ന് 2015 സെപ്റ്റംബർ ഇരുപതിന് അപ്രതീക്ഷിതമായി രാധിക തിലക് വിട പറഞ്ഞപ്പോൾ കലാരംഗം ഒന്നായി തേങ്ങി. കാരണം രാധികയുടെ ശബ്ദത്തിൽ പുറത്തു വന്ന പാട്ടുകളെല്ലാം അത്രമേൽ  തേൻകിനിയും ഗീതങ്ങളാണ്.

 

എഴുപതുകളിലാണ് രാധിക തിലക് സംഗീതലോകത്ത് ഹരിശ്രീ കുറിച്ചത്. 1989ൽ ‘സംഘഗാനം’ ചിത്രത്തിലൂടെ പിന്നണിഗാനരംഗത്തെത്തി. പിന്നീട് മലയാളത്തിലെ മഹാരഥന്മാർ കൊരുത്ത ഈണത്തിനൊപ്പം പലപ്പോഴായി കലാലോകത്ത് ആ പെണ്‍സ്വരം മുഴങ്ങിക്കേട്ടു. പാടിയ പാട്ടുകളിലെല്ലാം കയ്യൊപ്പ് ചാർത്തിയെങ്കിലും സംഗീതലോകത്ത് രാധിക തിലക് എന്ന ഗായികയുടെ പേര് പ്രത്യേകമായി കൊത്തിവച്ച ചില പാട്ടുകളുണ്ട്. മറ്റാരു പാടിക്കേട്ടാലും തൃപ്തി വരാത്ത ചില എണ്ണം പറഞ്ഞ പാട്ടുകൾ. കാലമെത്ര കഴിഞ്ഞാലും രാധികയുടെ നാദത്തിലല്ലാതെ ഈ പാട്ട് കേട്ടാൽ മലയാളിക്ക് തൃപ്തി വരികയുമില്ല. ‌ മായാമഞ്ചലിൽ, ദേവസംഗീതം നീയല്ലേ, മഞ്ഞക്കിളിയുടെ, കാനനക്കുയിലേ എന്നിവ അവയിൽ ചിലതു മാത്രം.

 

എഴുപതോളം സിനിമകൾകൾക്കു വേണ്ടി രാധിക തിലക് ഗാനങ്ങൾ ആലപിച്ചു. ഇതിനു പുറമെ, ഇരുന്നൂറിലധികം ലളിതഗാനങ്ങള്‍ക്കും ഭക്തിഗാനങ്ങള്‍ക്കും ഗായിക ശബ്ദം നൽകി. എങ്കിലും അർഹിച്ചതുപോലെയുള്ള അംഗീകാരങ്ങൾ ഈ ഗായികയെ തേടിയെത്തിയില്ല. പലപ്പോഴും സിനിമയക്കു വേണ്ടി പാടിയിരുന്നെങ്കിലും അവയൊന്നും പുറത്തു വന്നില്ല. രാധികയുടെ ഗാനങ്ങളിൽ പലതും കസെറ്റുകളിൽ ഒതുങ്ങി.

 

സിനിമയിൽ പാടാൻ നിരവധി അവസരങ്ങൾ ലഭിച്ചുവെങ്കിലും ചുരുക്കം ചിലതു മാത്രമേ രാധിക തിലക് തിരഞ്ഞെടുത്തുള്ളു. ബിരുദപഠനത്തിന്റെ അവസാന വർഷമായിരുന്നു വിവാഹം. പിന്നീട് അഞ്ച് വർഷത്തോളം ദുബായിൽ താമസമാക്കിയെങ്കിലും വേദികളിൽ സജീവമായിരുന്നു. യേശുദാസ്, ദക്ഷിണാമൂര്‍ത്തി, ജോണ്‍സണ്‍, രവീന്ദ്രന്‍ മാഷ് തുടങ്ങിയവരുടെയെല്ലാം ഗള്‍ഫില്‍ നടന്ന സംഗീത സന്ധ്യകളിലും രാധിക തിലക് സജീവ നിറസാന്നിധ്യമായി. ദുബായില്‍ താമസിക്കവേ വോയ്‌സ് ഓഫ് അറേബ്യ എന്ന ടെലിവിഷന്‍ ഷോയും അവതരിപ്പിച്ചിരുന്നു. എം.ജി. ശ്രീകുമാര്‍, യേശുദാസ്, വേണുഗോപാല്‍ തുടങ്ങിയവര്‍ക്കൊപ്പം നിരവധി സ്‌റ്റേജ് ഷോകളിലും പങ്കെടുത്തിട്ടുണ്ട്. ചുരുക്കം പാട്ടുകൾ കൊണ്ട് മലയാളിക്ക് ആസ്വാദനത്തിന്റെ വസന്തം സമ്മാനിച്ച രാധിക തിലക് എന്ന ഗായിക ഇന്നും കലാലോകത്ത് അനശ്വരയായി തന്നെ നില നിൽക്കുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com