കത്തിക്കയറി ‘ഖുഷി’യിലെ പാട്ട്; 20 മില്യൻ കാഴ്ചക്കാരുമായി യൂട്യൂബിൽ തരംഗം, വിഡിയോ

Mail This Article
സമാന്തയും വിജയ് ദേവരകൊണ്ടയും മുഖ്യവേഷത്തിലെത്തുന്ന ‘ഖുഷി’യിലെ ഗാനം 20 മില്യൻ കാഴ്ചക്കാരുമായി യൂട്യൂബില്‍ തരംഗമാകുന്നു. ഹിഷാം അബ്ദുൾ വഹാബ് ആണ് പാട്ടിന് ഈണം പകർന്നത്. ‘എൻ റോജ നീയേ’ എന്നു തുടങ്ങുന്ന പാട്ടിന്റെ മലയാളം പതിപ്പിന് അരുൺ ഏളാട്ട് വരികൾ കുറിച്ചിരിക്കുന്നു.
മലയാളത്തിനു പുറമേ തമിഴ്, കന്നട, തെലുങ്ക് തുടങ്ങിയ ഭാഷകളിലും പാട്ട് പുറത്തിറക്കിയിട്ടുണ്ട്. വിജയ് ദേവരക്കൊണ്ടയുടെ പിറന്നാൾ ദിനത്തിലാണ് പാട്ട് റിലീസ് ചെയ്തത്. മികച്ച സ്വീകാര്യതയോടെ ട്രെൻഡിങ്ങിൽ മുൻനിരയിലെത്തിയ പാട്ടിനെക്കുറിച്ചു നിരവധി പേർ പ്രതികരണങ്ങളും അറിയിക്കുന്നു.
‘മഹാനടി’ എന്ന ചിത്രത്തിനുശേഷം സമാന്തയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘ഖുഷി’. ‘മജിലി’, ‘ടക്ക് ജഗദീഷ്’ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ ശിവ നിര്‍വാണ ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നു. മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രത്തിന്റെ നിർമാണം. സെപ്റ്റംബര്‍ 1 ന് ‘ഖുഷി’ തിയറ്ററുകളില്‍ എത്തും.