ADVERTISEMENT

പാട്ടിന്റെ തേനും വയമ്പും ആസ്വാദകഹൃദയങ്ങളിലേക്കു പകരുന്ന അനുഗ്രഹീത ഗായികയാണ് എസ്.ജാനകി. തന്റെ തലമുറയിൽപ്പെട്ട ഗായകരുമായി മാത്രമല്ല തനിക്കു ശേഷമെത്തിയ ഗായകരോടും സവിശേഷമായ ഹൃദയബന്ധം എസ്. ജാനകി കാത്തുസൂക്ഷിക്കുന്നു. അത്തരമൊരു അമൂല്യനിമിഷത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. ഗായിക മിൻമിനിയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്ന എസ്.ജാനകിയാണ് വിഡോയോയിലുള്ളത്.

 

മിൻമിനിയെ കെട്ടിപ്പിടിച്ച്, നെറുകയിൽ ചുംബിക്കുന്ന ജാനകി സാരിത്തുമ്പു കൊണ്ട് മിൻമിനിയുടെ കണ്ണീർ തുടയ്ക്കുന്നു. ഇരുവരും ഒന്നിച്ചു പാടിയ ‘ചിന്ന ചിന്ന പൂങ്കൊടി ഉന്നൈ ചുട്രി പാടുതേ...’ എന്ന ഗാനവും പശ്ചാത്തലത്തിൽ കേൾക്കാം. ജാനകിയും മിൻമിനിയും ആദ്യമായി ഒരുമിച്ചു പാടിയ ഗാനമാണ് 'ചിന്നക്കണ്ണമ്മ' എന്ന ചിത്രത്തിലെ ഈ ഗാനം. 1992 മെയ് 19ന് പ്രസാദ് സ്റ്റുഡിയോയിൽ വച്ചായിരുന്നു റെക്കോർഡിങ്. അന്നു മുതൽ ഇന്നു വരെ,ഒരു മകളോടുള്ള സ്നേഹവാത്സല്യമാണ് ജാനകിക്ക് മിൻമിനിയോടുള്ളത്. ഇതു വ്യക്തമാക്കുന്നതാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോ. 

 

എ.ആർ.റഹ്മാന്‍ ആദ്യമായി സംഗീതം പകർന്ന റോജ എന്ന ചിത്രത്തിലെ ‘ചിന്ന ചിന്ന ആസൈ’ എന്ന ഗാനത്തിലൂടെയാണ് മിൻമിനി തെന്നിന്ത്യൻ സംഗീതലോകത്ത് ശ്രദ്ധ നേടുന്നത്. പിന്നണിഗാനരംഗത്ത് തിളങ്ങിനിൽക്കുന്നതിനിടയിൽ മിൻമിനിക്ക് ശബ്ദം നഷ്ടമായി. 1993ൽ ലണ്ടനിലെ മാഞ്ചസ്‌റ്ററിൽ ഇളയരാജയുടെ സഹോദരൻ ഗംഗൈ അമരന്റെ നേതൃത്വത്തിലുള്ള സ്‌റ്റേജ്‌ഷോയിൽ പാടുമ്പോഴായിരുന്നു സംഭവം. അതുവരെ പാട്ടുപാടി ഓടിനടന്നിരുന്ന മിൻമിനിക്ക് സംസാരിക്കാനോ ഒരു മൂളിപ്പാട്ടു പാടാനോ കഴിയാതെയായി. പിന്നീട്, ഏറെ നാളത്തെ ചികിത്സയ്ക്കു ശേഷമാണ് മിൻമിനിക്ക് ശബ്ദം തിരിച്ചു കിട്ടിയത്. തിരിച്ചു വരവിന്റെ പാതയിലാണ് ഗായിക ഇപ്പോൾ. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com