ADVERTISEMENT

കോവിഡ് മഹാമാരിക്കെതിരെ പാട്ടുകൊണ്ട് അണി ചേർന്ന് സംഗീത ലോകത്തെ പ്രമുഖർ ഒരുക്കിയ ‘ലോകമിന്നൊരു താറവാടായ്’ എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ആ പാട്ടിന്റെ പിറവിക്കു വഴിയൊരുക്കിയ സാഹചര്യത്തെക്കുറിച്ച് തുറന്നു പറയുകയാണ് മലയാളികളുടെ വാനമ്പാടി കെ.എസ് ചിത്ര. ലോകം മുഴുവൻ മഹാമാരിയുടെ കഷ്ടതകൾ നേരിടുമ്പോൾ വീട്ടിലിരുന്ന് എന്തു ചെയ്യാം എന്ന ആലോചനയുടെ ഫലമാണ് മഴവിൽ മനോരമയ്ക്കായി ഒരുക്കിയ മ്യൂസിക് ആൽബമെന്ന് ചിത്ര പറയുന്നു. "സംഗീതമാണ് എന്റെ ഭാഷ," മ്യൂസിക് വിഡിയോ പങ്കുവച്ചുകൊണ്ട് ചിത്ര കുറിച്ചു. 

 

മഴവിൽ മനോരമയിലെ ‘സ്നേഹത്തോടെ വീട്ടിൽ നിന്ന്’ എന്ന പ്രത്യേക പരിപാടിയുടെ ഭാഗമായിട്ടാണ് സംഗീത ലോകത്തെ പ്രമുഖർ ചേർന്ന് പാട്ടൊരുക്കിയത്. ചിത്രയ്ക്കൊപ്പം എസ്.പി.ബാലസുബ്രഹ്മണ്യവും ശരത്തും ശങ്കർ മഹാദേവനും ആലാപനത്തിൽ പങ്കു ചേർന്നു. ഈ കൂട്ടായ്മയെക്കുറിച്ച് ചിത്ര പറയുന്നതിങ്ങനെ: 

 

‘എന്റെ ഭാഷ സംഗീതമാണ്. വീട്ടിലിരുന്ന് "എന്ത്" എന്ന ആലോചനയുടെ ഫലമായാണ് "ലോകാ സമസ്താ സുഖിനോ ഭവന്തു"വിന്റെ ജനനം. രചന ഞാൻ അമ്മയെപ്പോലെ കരുതുന്ന രാജി ചേച്ചിയുടേതാണ് (രാജി തമ്പി). സംഗീതം ശരത്തിന്റെയും. സഹനത്തോടും ക്ഷമയോടും ഗവണ്മെന്റിനോടുള്ള അനുസരണയോടും നമുക്ക് ഈ ദുരിതകാലത്തെ അതിജീവിക്കാം. വൈറസ്സൊഴിഞ്ഞ നല്ലൊരു പൊൻപുലരിയെ സ്വയം ശുദ്ധീകരിച്ച മനസുകളോടെ നമുക്ക് സ്വാഗതം ചെയ്യാം. എന്റെ ഈ ചെറിയ സംരംഭം നിങ്ങൾക്കു മുൻപിൽ സ്നേഹത്തോടെ സമർപ്പിക്കുന്നു’.

 

‘ലോകമിന്നൊരു തറവാടായ്

കോവിഡാണതിനെതിരാളി

ജാതികൾ വേണ്ട മതങ്ങൾ വേണ്ട

മനുഷ്യരായാ മാറാം

നമുക്കു മനസാലൊരുമിക്കാം...’

 

ഗായകരെല്ലാം അവരവരുടെ വീടുകളിലിരുന്നാണ് സംഗീത വിഡിയോയുടെ ഭാഗമായത്. കോവിഡ് വ്യാപനം മൂലം സമ്പൂർണ അടച്ചിടൽ നേരിടുന്ന സ്ഥലങ്ങളുടെ ദൃശ്യങ്ങളിലൂടെയാണ് പാട്ട് പുരോഗമിക്കുന്നത്. ഈ കൊറോണക്കാലത്ത് കർമനിരതരായി പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർ, രാഷ്ട്രീയ നേതൃത്വം പൊലീസ്, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ ജീവിതത്തിന്റെ നേർക്കാഴ്ച കൂടിയാണ് ഗാനം പ്രേക്ഷകർക്കു സമ്മാനിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com