‘തൂവിരൽത്തുമ്പിനാൽ പുഷ്പങ്ങളാക്കുന്ന’ പാട്ടുകൾ
Mail This Article
ആദ്യ ഗാനത്തിന്റെ പിറവി എസ്. രമേശൻ നായർ ഒാർത്തെടുക്കുന്നതിങ്ങനെ
1985 ഞാൻ തിരുവനന്തപുരം ആകാശവാണിയിൽ ജോലി ചെയ്യുന്ന കാലം. ഒരു ദിവസം രാവിലെ സെഞ്ചുറി ഫിലിംസിന്റെ രണ്ടു പ്രതിനിധികൾ കാണാൻ വന്നു. ‘എം.ടി വാസുദേവൻ നായർ സാർ മദ്രാസിലുണ്ട്, അദ്ദേഹത്തിന് അത്യാവശ്യമായി ഒന്നു കാണണം; പറ്റുമെങ്കിൽ ഇന്നത്തെ ഫ്ളൈറ്റിൽത്തന്നെ ചെല്ലണം. ടിക്കറ്റ് എടുത്തു തരാൻ പറഞ്ഞിരിക്കുകയാണ്’ എന്നു പറഞ്ഞു. അന്നു വൈകിട്ടു തന്നെ ഞാൻ മദ്രാസിലെത്തി. എന്റെ ആദ്യത്തെ ഫ്ളൈറ്റ് യാത്ര. സെഞ്ചുറി ഫിലിംസിന്റെ ഉടമസ്ഥൻ സെഞ്ചുറി കുഞ്ഞുമോൻ വിമാനത്താവളത്തിലുണ്ടായിരുന്നു. അദ്ദേഹം എന്നെ ചോള ഇന്റർനാഷനൽ എന്ന വലിയ ഹോട്ടലിലേക്കു കൊണ്ടുപോയി. അവിടെ എന്റെ പേരിൽ മുറി ബുക്ക് ചെയ്തിരുന്നു. ‘അടുത്ത മുറിയിലാണ് എം.ടി. സാർ. അദ്ദേഹം പുറത്തുപോയിരിക്കുകയാണ്. കുറച്ചു കഴിഞ്ഞാൽ വരും. അപ്പോൾ ചെന്നു കാണണം.’ എന്നു കുഞ്ഞുമോൻ പറഞ്ഞു.
കുറച്ചു കഴിഞ്ഞ് ഞാൻ ചെന്നു എം.ടിയുടെ വാതിലിൽ മുട്ടി. അദ്ദേഹമെന്നെ അകത്തേക്ക് വിളിച്ചിരുത്തി. സ്വന്തം കൈപ്പടിയിൽ എഴുതിയ ‘രംഗം’ എന്ന സിനിമയുടെ രണ്ടു ഭാഗം വരുന്ന തിരക്കഥ എനിക്കു തന്നിട്ടു പറഞ്ഞു: ‘എന്റെ പുതിയ തിരക്കഥയാണ്. അതിൽ മൂന്നു പാട്ടുകൾ ആവശ്യമുണ്ട്. ഒന്നു വായിച്ചുനോക്കൂ’. ആ തിരക്കഥകൾ വാങ്ങുമ്പോള്‍ വലിയൊരു കോരിത്തരിപ്പുണ്ടായി. ഒറ്റയിരുപ്പിനു രണ്ടുതവണ തിരക്കഥ പൂർണമായി വായിച്ചു. രാത്രി വൈകിയിട്ടും ഉറക്കം വരുന്നില്ല. ഒരു തുള്ളി വെള്ളം കുടിക്കാൻ പോലും തോന്നിയില്ല. രാത്രിതന്നെ മൂന്നു പാട്ടുകളും എഴുതി. ആദ്യത്തേത് ‘സ്വാതി ഹൃദയ ധ്വനികളിലുണ്ടൊരു സ്വരതാള പ്രണയത്തിൻ മധുര ലയം’ രണ്ടാമത്തേത് ‘ വനശ്രീ മുഖം നോക്കി വാൽക്കണ്ണെഴുതി പനിനീർ തടാകമൊരു പാനപാത്രം’ മൂന്നാമത്തേത് ‘സർഗതപസ്സിളകും നിമിഷം’
രാവിലെ തന്നെ പാട്ടുകൾ ഞാൻ എം.ടിയെ കാണിച്ചു. അദ്ദേഹം വായിച്ചു നോക്കിയിട്ടു പറഞ്ഞു. ‘കുറച്ചു കഴിയുമ്പോൾ ശശി (സംവിധായകൻ ഐ.വി. ശശി) വരും’ പക്ഷേ, പാട്ടു നന്നായെന്നോ ഇല്ലെന്നോ പറഞ്ഞില്ല. കുറച്ചു കഴിഞ്ഞപ്പോൾ ഐ.വി. ശശി വന്നു., അദ്ദേഹം പാട്ടുകൾ നോക്കിയിട്ടു പറഞ്ഞു, ‘നമുക്കു കെ.വി. മഹാദേവനെ ഒന്നു കാണാം.’ അന്നത്തെ എന്റെ സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കില്ല.ഐ.വി. ശശി ഡ്രൈവ് ചെയ്ത കാറിൽ ഞാനും എം.ടിയും കൂടി മഹാദേവൻ സാറിന്റെ വീട്ടിൽ എത്തി. അവിടെ പ്രസിദ്ധ സംഗീത സംവിധായകൻ പുകഴേന്തി ഉണ്ടായിരുന്നു. പാട്ടുകൾ പുകഴേന്തി കെ.വി. മഹാദേവനെ വായിച്ചുകേൾപ്പിച്ചു. അദ്ദേഹത്തിനു പാട്ടുകൾ ഇഷ്ടപ്പെട്ടു. ഒരു വാക്കുപോലും മാറ്റിയില്ല. അങ്ങനെ എന്റെ ആദ്യഗാനങ്ങൾ പിറന്നു.
അതിനു മുൻപു ഞാൻ ഒരിക്കൽ മാത്രമേ എം.ടി. വാസുദേവൻ നായരെ കണ്ടിട്ടുള്ളൂ. തൃശൂർ ആകാശവാണിയിൽ ജോലി ചെയ്തിരുന്ന കാലത്തു കൊല്ലങ്കോട് കൊട്ടാരത്തിൽ, കേരള സാഹിത്യ അക്കാദമി തിരഞ്ഞെടുത്ത മുപ്പതോളം കുട്ടികൾക്കു വേണ്ടി നടത്തിയ സാഹിത്യ ശിൽപ്പശാലയിൽ വച്ച്. ഞാൻ ക്ലാസെടുക്കാൻ ചെന്നപ്പോൾ അവിെടയുണ്ടായിരുന്നവരെ കണ്ടു ഞെട്ടിപ്പോയി. പ്രഫ. എസ്. ഗുപ്തൻ നായർ, ജി. കുമാരപിള്ള, അക്കിത്തം, എം.ടി. വാസുദേവൻ നായർ തുടങ്ങിയ മഹാരഥന്മാർ. കവിതയുടെ രചന ആയിരുന്നു എന്റെ വിഷയം. ക്ലാസ് കഴിഞ്ഞപ്പോൾ എം.ടി. എന്നോട് പറഞ്ഞു. ‘രമേശൻ, ക്ലാസ് വളരെ നന്നായിരുന്നു’ എം.ടിയുമായി പരിചയപ്പെട്ടത് അന്നാണ്.
ഒരു ദിവസം എം.ടി. എന്നോടു ചോദിച്ചു, ‘തിരക്കഥ വായിച്ചല്ലോ. അതിൽ ഒരുപാടു കഥകളിപ്പദങ്ങളുണ്ട്. അതു പാടാൻ പറ്റിയതായി രമേശന് ആരെയെങ്കിലും നിർദേശിക്കാനുണ്ടോ?’ എനിക്ക് ഒട്ടും ആലോചിക്കേണ്ടി വന്നില്ല. ഞാൻ പറഞ്ഞു – കലാമണ്ഡലം ഹൈദരാലി. അദ്ദേഹവുമായി എനിക്ക് നല്ല അടുപ്പമുണ്ടായിരുന്നു. അപ്പോൾ എം.ടി. പറഞ്ഞു, എങ്കിൽ ഹൈദരാലിയെ വിളിക്കൂ. അങ്ങനെ ഞാൻ ഹൈദരാലിയെ വിളിച്ചു. അദ്ദേഹം വന്നു. പാടി. മറ്റൊരു സന്തോഷം തരംഗിണി ഇറക്കിയ ആദ്യ എൽ.പി. ഡിസ്ക് ‘രംഗം’ എന്ന സിനിമയ്ക്കുവേണ്ടി ഞാനെഴുതിയ പാട്ടുകളായിരുന്നു. ഡിസ്കിന്റെ ഒരു ഭാഗം മുഴുവൻ ഹൈദരാലിയുടെ കഥകളി സംഗീതവും.
ആ സിനിമയ്ക്കുശേഷം എം.ടി. – ഐ.വി. ശശി ടീമിന്റെ തന്നെ ഇടനിലങ്ങൾ (സംഗീതസംവിധാനം എം.എസ്. വിശ്വനാഥൻ), അഭയം തേടി (ശ്യാം), അതുകഴിഞ്ഞു പ്രിയദർശന്റെ ‘രാക്കുയിലിൻ രാഗസദസ്സിൽ.’ അതിലെ പാട്ടുകൾ വളരെ ജനകീയമായി. പ്രത്യേകിച്ചും യേശുദാസ് പാടിയ ‘പൂമുഖ വാതിൽക്കൽ പൂന്തിങ്കളാകുന്നു ഭാര്യ’ എന്ന പാട്ടും യേശുദാസും അരുന്ധതിയും ചേർന്നു പാടിയ ‘എത്ര പൂക്കാലമിനിയെത്ര മധുമാസമതിലെത്ര നവരാത്രികളിലമ്മേ..’ എന്ന പാട്ടും. 1981ൽ തൃശൂർ ആകാശവാണിയിൽ ജോലി ചെയ്യുമ്പോൾ ആകാശവാണിക്കു വേണ്ടി പാട്ടെഴുതിയിരുന്നു. എന്റെ അടുത്ത സുഹൃത്തായിരുന്നു കെ.പി. കേശവൻ നമ്പൂതിരി. അദ്ദേഹം തംബുരു ആർട്ടിസ്റ്റ് ആയിരുന്നു. എട്ടുപത്തുപാട്ടുകൾ ആയിക്കഴിഞ്ഞപ്പോൾ അദ്ദേഹം ചോദിച്ചു. നമുക്ക് ഇതൊക്കെ ചേർത്ത് ഒരു കസെറ്റ് ഇറക്കിക്കൂടേ? ജയചന്ദ്രൻ കേശവൻ നമ്പൂതിരിയുടെ അടുത്ത സുഹൃത്തായിരുന്നു. അങ്ങനെയാണ് എന്റെ ആദ്യ കസെറ്റ് പുഷ്പാഞ്ജലി പുറത്തിറങ്ങിയത്. ‘നെയ്യാറ്റിൻകര വാഴും കണ്ണാ നിൻ മുന്നിലൊരു നെയ്‌വിളക്കാവട്ടെ എന്റെ ജന്മം’ ‘വിഘേനേശ്വരാ ജന്മ നാളികേരം നിന്റെ തൃക്കാൽക്കലുടയ്ക്കുവാൻ വന്നു തുടങ്ങിയ ഗാനങ്ങൾ അതിലുള്ളവയായിരുന്നു. ഇന്നും ആ കസെറ്റിലെ പാട്ടുകൾ മുഴങ്ങിക്കേൾക്കുന്നു.