ഇത് കള്ള് പാട്ടിന്റെ പുതിയ പതിപ്പ്; വിഡിയോ വൈറൽ

Mail This Article
'ഹയ' ചിത്രത്തിലെ കള്ളുപാട്ടിന്റെ പുനരാവിഷ്കാര വിഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. രശ്മി സതീഷും ബിനു സരിഗയും വരുൺ സുനിലും ചേർന്നു പാടിയ ‘മോന്തടി മോന്തടി അന്തിക്കള്ള്’ എന്ന പാട്ടിന്റെ പുതിയ പതിപ്പാണ് പുറത്തുവന്നത്. എസ്ബിഐ പാലക്കാട് മേഖലയിലെ കലാകാരന്മാരായ ജീവനക്കാരാണ് വിഡിയോയ്ക്കു പിന്നിൽ.
കള്ള്പാട്ട് പുറത്തിറങ്ങിയപ്പോൾ തന്നെ സമൂഹമാധ്യമലോകത്ത് ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴും പാട്ടിനു മികച്ച പ്രതികരണങ്ങൾ ലഭിക്കുന്നുണ്ട്. വരുൺ സുനിൽ ഈണമൊരുക്കിയ ഗാനമാണിത്. രചന: സതീഷ് ഇടമണ്ണേൽ.
വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹയ’. കഥയിലും അവതരണത്തിലും നിരവധി വ്യത്യസ്തതകളോടെയെത്തുന്ന ചിത്രം കാമ്പസ്, മ്യൂസിക് ത്രില്ലർ കോംബോ വിഭാഗത്തിൽപ്പെടുന്നു. സിക്സ് സിൽവർ സോൾസ് സ്റ്റുഡിയോ ആണ് നിർമാണം.
24 പുതുമുഖങ്ങളാണ് സിനിമയിൽ അണിനിരക്കുന്നത്. ഗുരു സോമസുന്ദരവും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നു. ഇന്ദ്രൻസ്, ജോണി ആന്റണി, ലാൽ ജോസ്, ശ്രീ ധന്യ, ശ്രീകാന്ത് മുരളി, ശ്രീരാജ്, ലയ സിംസൺ, കോട്ടയം രമേഷ്, ബിജു പപ്പൻ, സണ്ണി സരിഗ, വിജയൻ കാരന്തൂർ തുടങ്ങിയവരാണു മറ്റു പ്രധാന താരങ്ങൾ.