മങ്കൊമ്പിന്റെ മടിശീലയിൽ എല്ലാമുണ്ടായിരുന്നു; ‘താലിപ്പൂ പീലിപ്പൂ’ മുതൽ ‘ബാഹുബലി’ വരെ

Mail This Article
നാടൻപാട്ട്, കാവ്യശീലുള്ള വരികൾ, ഇതരഭാഷാ ഗാനശാഖയെ മലയാളത്തിന്റെ മാന്തളിരിട്ട ചില്ലയാക്കിയ മിഴിവ്, രാജ്യത്ത് ഏറ്റവുമേറെ ഡബ്ബിങ് ചിത്രങ്ങൾക്ക് തിരക്കഥയും ഗാനങ്ങളും ഒരുക്കിയറെക്കോർഡ്... അങ്ങനെ മങ്കൊമ്പിന്റെ മടിശീലയിൽ എല്ലാമുണ്ടായിരുന്നു
കാളിദാസന്റെ കാവ്യഭാവനയെ കാൽച്ചിലമ്പണിയിച്ച ഗാനരചയിതാവായിരുന്നു ഇന്നലെ അന്തരിച്ച മങ്കൊമ്പ് ഗോപാലകൃഷ്ണൻ. വയലാറും പി.ഭാസ്കരനുമൊക്കെ തെളിഞ്ഞുകത്തിനിന്നപ്പോഴും മങ്കൊമ്പിന്റെ ഭാവന ‘നാടൻപാട്ടിന്റെ മടിശ്ശീല കിലുക്കി’യും ‘താലിപ്പൂ പീലിപ്പൂ നുള്ളി’യും വേറിട്ടുനിന്നു. എന്നിട്ടും അദ്ദേഹത്തിന് അർഹമായ പരിഗണനയോ അംഗീകാരമോ മലയാള സിനിമ നൽകിയില്ല. ഒരുപക്ഷേ, പുതിയ തലമുറ മങ്കൊമ്പ് ഗോപാലകൃഷ്ണനെ അറിയുന്നത് ‘ബാഹുബലി’ ഉൾപ്പെടെയുള്ള ഇതരഭാഷാ ചലച്ചിത്രങ്ങളുടെ സംഭാഷണങ്ങളും പാട്ടുകളും മലയാളത്തിലേക്കു മൊഴിമാറ്റിയ ആളെന്ന നിലയ്ക്കാവും.
മങ്കൊമ്പ് മലയാളസിനിമയിൽ സജീവമായിട്ട് 5 പതിറ്റാണ്ടിലേറെയായി. ‘അലകൾ’ എന്ന സിനിമയിലെ ‘അഷ്ടമിപ്പൂത്തിങ്കളേ...’ എന്ന ഗാനത്തിലൂടെയാണു തുടക്കമെങ്കിലും ആദ്യമിറങ്ങിയത് ‘വിമോചനസമരം’ ആയിരുന്നു. വയലാറിനും ഭാസ്കരനും ഒപ്പമാണ് ഗോപാലകൃഷ്ണനും ഈ സിനിമയ്ക്കുവേണ്ടി പാട്ടെഴുതിയത്. 1974 ൽ ‘അയലത്തെ സുന്ദരി’ എന്ന സിനിമയിലെ ‘ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ...’, ‘ചിത്രവർണ പുഷ്പജാലമൊരുക്കിവന്നു...’, ‘നീലമേഘക്കുട നിവർത്തി...’, ‘ത്രയംബകം വില്ലൊടിഞ്ഞു...’ തുടങ്ങിയ മുഴുവൻ പാട്ടുകളും ഹിറ്റായതോടെ ഈ കുട്ടനാട്ടുകാരൻ കൂടുതൽ ശ്രദ്ധനേടി. തുടർന്നുവന്ന ‘ബാബുമോൻ’ എന്ന സിനിമയ്ക്കുവേണ്ടി എം.എസ്.വിശ്വനാഥനുമായി ചേർന്നൊരുക്കിയ ‘നാടൻപാട്ടിന്റെ മടിശ്ശീല...’, ‘പത്മതീർത്ഥകരയിൽ...,’ ഇവിടമാണീശ്വരസന്നിധാനം....’ തുടങ്ങിയവയും ഹിറ്റായതോടെ സിനിമയിൽ അദ്ദേഹം ഇരിപ്പിടം സ്വന്തമാക്കി.
ജി.ദേവരാജനും വി.ദക്ഷിണാമൂർത്തിയും എം.കെ.അർജുനനുമെല്ലാം സജീവമായിരുന്ന കാലത്തു തന്നെയാണ് ശങ്കർ ഗണേഷ്, രവീന്ദ്ര ജെയിൻ, ഇളയരാജ, കീരവാണി തുടങ്ങിയ ഇതരഭാഷാ സംഗീതസംവിധായകർക്കൊപ്പം മങ്കൊമ്പ് ഗാനവിസ്മയങ്ങൾ ഒരുക്കിയത്. ജി.ദേവരാജൻ, എം.എസ്.വിശ്വനാഥൻ, ആർ.കെ.ശേഖർ, ദക്ഷിണാമൂർത്തി തുടങ്ങിയ മിക്ക സംഗീതസംവിധായകർക്കൊപ്പവും ഹിറ്റുകൾ സമ്മാനിച്ചു. യേശുദാസും ജയചന്ദ്രനും ഒരുമിച്ച ‘ഇവിടമാണീശ്വര സന്നിധാനം’ എന്ന ഗാനം, യേശുദാസ്, ഉണ്ണി മേനോൻ, കെ.എസ്.ചിത്ര എന്നിവർ ഒന്നിച്ച ‘ഒരു പുന്നാരം കിന്നാരം’ (ബോയിങ് ബോയിങ്) എന്നിവ സൂപ്പർഹിറ്റായി. 'ആഷാഢമാസം ആത്മാവിൽ മോഹം....’ (യുദ്ധഭൂമി), ഇളംമഞ്ഞിൻ കുളിരുമായൊരു കുയിൽ... (നിന്നിഷ്ടം എന്നിഷ്ടം) എന്നീ ഗാനങ്ങൾ മൂളാത്ത മലയാളികളുണ്ടാകില്ല.
‘ഒരു തലൈരാഗ’ത്തിലെ ‘വാസമില്ലാ മലർ ഇത്...’, ‘ഈശ്വരന്റെ കോവിലിലാകെ...’ തുടങ്ങിയ ഗാനങ്ങൾ ഇന്നു ബാഹുബലിയിലെ ‘മുകിൽവർണാ മുകുന്ദാ...’ എന്ന ഗാനംപോലെ സൂപ്പർഹിറ്റായിരുന്നു. ആശാ ഭോസ്‌ലെ (സ്വയംവര ശുഭദിന...), ഹേമലത (ആശ്രിതവത്സലനേ...) തുടങ്ങിയ ഗായകർ മലയാളത്തിൽ ആദ്യമായി പാടിയത് മങ്കൊമ്പിന്റെ വരികളാണ്. സുജാതയുടെ ആദ്യഗാനമായ ‘നാണം കള്ള നാണ’വും (ഓർമകൾ മരിക്കുമോ) മങ്കൊമ്പിന്റെ രചനതന്നെ.