വരുമെന്നു പറഞ്ഞാൽ വന്നിരിക്കും! ബിടിഎസിന്റെ മടങ്ങിവരവ് ഉടനെന്ന് സൂചന; നിമിഷങ്ങളെണ്ണി ആരാധകർ

Mail This Article
ദക്ഷിണകൊറിയൻ സംഗീതബാൻഡ് ബിടിഎസിന്റെ മടങ്ങിവരവ് ഉടൻ ഉണ്ടാകുമെന്ന് റിപ്പോർട്ട്. അടുത്തിടെ പുറത്തിറങ്ങിയ ബിടിഎസ് 7 മൊമന്റ്‌സ് പ്രോജക്ടിന്റെ ടീസര്‍ ആണ് ആരാധകരുടെ ആകാംക്ഷ വര്‍ധിപ്പിക്കുന്നത്. ഇതോടെ ബാൻഡിന്റെ മടങ്ങിവരവിനു വേണ്ടി നാളുകളെണ്ണി കാത്തിരിക്കുന്ന ബിടിഎസ് ആർമി എന്ന ആരാധകവൃന്ദം അത്യാവേശത്തിലാണ്.
കഴിഞ്ഞ ദിവസമാണ് ബിഗ് ഹിറ്റ് എന്റര്‍ടെയ്ന്‍മെന്റ്‌സ് ബിടിഎസ് 7 മൊമന്റ്‌സിന്റെ ടീസര്‍ പുറത്തിറക്കിയത്. മണിക്കൂറുകൾക്കൊണ്ട് ടീസർ ദശലക്ഷക്കണിക്കിനാളുകൾ കണ്ടുകഴിഞ്ഞു. ഏപ്രില്‍ രണ്ടിനാണ് ബിടിഎസ് 7 മൊമന്റ്‌സിന്റെ റിലീസ്. മാർച്ച് 19 മുതല്‍ പ്രീ–ഓര്‍ഡറിങ് നടത്താം. ബിടിഎസ് 7 മൊമന്റ്‌സിലൂടെ ബാൻഡ് അംഗങ്ങൾ ഒരുമിച്ച് പ്രേക്ഷകർക്കു മുന്നിലെത്തുമെന്നാണു സൂചനകൾ.
നിര്‍ബന്ധിത സൈനികസേവനത്തിനുശേഷം തിരിച്ചെത്തിയ ജിന്‍, ജെ-ഹോപ് എന്നിവർ സോളോ പ്രോജക്ടുകളും ലൈവ് ഷോകളും അഭിനയ അരങ്ങേറ്റവുമൊക്കെയായി കലാലോകത്തിലേക്കു രണ്ടാംവരവ് നടത്തിയിരുന്നു. എന്നാൽ സംഘം ഒരുമിച്ച് വേദിയിലെത്തുന്നതും കാത്ത് കഴിയുകയാണ് ആരാധകർ.
ദക്ഷിണ കൊറിയയിലെ നിയമമനുസരിച്ച് 18നും 28നും ഇടയില്‍ പ്രായമുള്ള ആരോഗ്യവാന്‍മാരായ എല്ലാ പുരുഷന്‍മാരും നിർബന്ധമായും സൈനിക സേവനത്തിലേര്‍പ്പെട്ടിരിക്കണം. ഇതുപ്രകാരം ബിടിഎസ് പാട്ടിൽ നിന്ന് ഇടവേളയെടുത്ത് സൈനികസേവനത്തിനിറങ്ങി. 18 മുതൽ 21 മാസം വരെ നീളുന്ന സേവനമാണിത്. ബിടിഎസ് അംഗങ്ങൾക്കു നൽകിയ രണ്ടു വർഷത്തെ പ്രത്യേക ഇളവും കഴിഞ്ഞതോടെ ബാൻഡിലെ മുതിർന്ന അംഗമായ ജിൻ 2022 ഡിസംബറിൽ ദക്ഷിണ കൊറിയൻ ബൂട്ട് ക്യാംപിൽ പ്രവേശിച്ചു. മാസങ്ങളുടെ ഇടവേളയിൽ മറ്റുള്ളവരും ക്യാംപിലെത്തി.
സൈനികസേവനം പൂർത്തിയാക്കി തങ്ങൾ മടങ്ങിവരുമെന്നും പഴയതുപോലെ വേദികളിലെത്തുമെന്നും ബിടിഎസ് ആരാധകർക്ക് ഉറപ്പ് നൽകിയിരുന്നു. അവരൊന്നിച്ച് ലോകവേദികൾ കീഴടക്കാൻ വരുമെന്ന പ്രതീക്ഷയിലാണ് ബിടിഎസ് ആർമി. ഇപ്പോഴിതാ ബിടിഎസ് 7 മൊമന്റ്‌സിന്റെ ടീസര്‍ ആരാധകരുടെ ആവേശത്തിന് ആക്കം കൂട്ടുകയാണ്.