ലക്ഷ്യങ്ങൾ പാളുന്നത് വെല്ലുവിളി: ഡോ.റോയ്
Mail This Article
കേന്ദ്ര ബജറ്റ് വിജയിക്കുന്നതെവിടെ, പാളുന്നതെവിടെ – മലയാള മനോരമയുടെ ബജറ്റ് പ്രഭാഷണത്തിൽ, സാമ്പത്തിക വിദഗ്ധൻ ഡോ.രഥിൻ റോയ് വിശകലനം ചെയ്തപ്പോൾ...
കൊച്ചി ∙ സർക്കാരിന്റെ ധനസ്‌ഥിതിയുമായി ബന്ധപ്പെട്ട ഘടനാപരമായ പ്രശ്‌നങ്ങൾ വളരെ ഗൗരവമുള്ളതാണെന്നു സാമ്പത്തിക വിദഗ്‌ധനായ ഡോ. രഥിൻ റോയ് ചൂണ്ടിക്കാട്ടുന്നു. നികുതി വരുമാനം സംബന്ധിച്ച് ഓരോ വർഷവും സർക്കാർ പുതിയ ലക്ഷ്യങ്ങൾ നിർണയിക്കുന്നു. എന്നാൽ ലക്ഷ്യമിടുന്ന അളവിൽ നികുതി വരുമാനം ലഭിക്കുന്നില്ലെന്നതാണു സർക്കാർ നേരിടുന്ന ഘടനാപരമായ പ്രശ്‌നങ്ങളിൽ പ്രധാനം. ഈ വർഷംതന്നെ ആഭ്യന്തര മൊത്ത ഉൽപാദന (ജിഡിപി) ത്തിന്റെ 0.7% കുറവാണു നികുതി വരുമാനത്തിലുണ്ടായിരിക്കുന്നത്.
പൊതുമേഖലാ സംരംഭങ്ങളുടെ ഓഹരി വിൽപനയ്‌ക്ക് ഓരോ വർഷവും നിർണയിക്കുന്ന ലക്ഷ്യം നേടാനാകുന്നില്ലെന്നതാണു ഘടനാപരമായ മറ്റൊരു പ്രശ്‌നം. സർക്കാർ ചെലവുകളുമായി ബന്ധപ്പെട്ടതാണു പ്രശ്‌നങ്ങളിൽ മറ്റൊന്ന്. സംസ്‌ഥാനങ്ങളുമായി പങ്കിടേണ്ട വിഹിതം നൽകിക്കഴിഞ്ഞാൽ അറ്റ നികുതി വരുമാനം കുറയുന്നു എന്നതാണു യാഥാർഥ്യം. നികുതി വരുമാനത്തിലെയും നികുതിയേതര വരുമാനത്തിലെയും ഭീമമായ ഇടിവാണു കാരണം. ജിഡിപിയുടെ 8.07% വരുമാനം ലക്ഷ്യമിട്ട സ്‌ഥാനത്ത് 7.36% മാത്രമാണ് ഈ വർഷം പ്രതീക്ഷിക്കുന്നത്.
ഈ പ്രതിസന്ധി സർക്കാരിനെ വല്ലാത്തൊരു അവസ്‌ഥയിലാണ് എത്തിച്ചിരിക്കുന്നത്. ഒന്നുകിൽ കടം വാങ്ങണം, അതല്ലെങ്കിൽ ചെലവു ചുരുക്കണം. ഈ വർഷം സർക്കാർ കടംവാങ്ങിയതൊക്കെ നികുതിവരുമാനത്തിലെയും നികുതിയേതര വരുമാനത്തിലെയും ഇടിവു നികത്താൻവേണ്ടിയായിരുന്നു. തന്മൂലം രാജ്യത്തിന്റെ ബജറ്റ് വികസിക്കുകയല്ല ചുരുങ്ങുകയാണുണ്ടായതെന്നും റോയ് അഭിപ്രായപ്പെട്ടു.
മനോര ബജറ്റ് പ്രഭാഷണ പരമ്പരയിൽ ഇരുപത്തൊന്നാമത്തേതായിരുന്നു റോയിയുടേത്. ചീഫ് ന്യൂസ് എഡിറ്റർ ആർ. രാജീവ് മനോരമയുടെ ഉപഹാരം റോയിക്കു സമ്മാനിച്ചു. ഫിനാൻസ് വൈസ് പ്രസിഡന്റ് സിജി ജോസഫ് സ്വാഗതവും ‘ദ് വീക്ക് ’ സീനിയർ ന്യൂസ് എഡിറ്റർ സ്‌റ്റാൻലി തോമസ് നന്ദിയും പറഞ്ഞു. നികുതി വരുമാനത്തിൽ കേന്ദ്ര സർക്കാരിനു ലക്ഷ്യം കൈവരിക്കാനാകാതെപോകുമ്പോൾ അതു കേന്ദ്രത്തിനെയല്ല സംസ്‌ഥാനങ്ങളെയാണു കൂടുതൽ പ്രതിസന്ധിയിലാക്കുക എന്നു ഡോ. രഥിൻ റോയ് അഭിപ്രായപ്പെട്ടു.
ആഭ്യന്തര മൊത്ത ഉൽപാദന (ജിഡിപി) ത്തിന്റെ 0.7% ഇടിവാണു കേന്ദ്രത്തിനുള്ള നികുതി വരുമാനത്തിലുണ്ടായിരിക്കുന്നത്. അതേസമയം, സംസ്‌ഥാനങ്ങൾക്കുള്ള നികുതി വഹിതത്തിലുണ്ടാ ഇടിവ് 0.75 ശതമാനമാണ്.നികുതി വരുമാനം മാത്രമാണു കേന്ദ്രം സംസ്‌ഥാനങ്ങളുമായി പങ്കുവയ്‌ക്കുന്നത്. സെസുകൾ പങ്കുവയ്‌ക്കപ്പെടുന്നില്ല. ഇതാണ് അറ്റ നികുതി വരുമാനത്തിലെ ആനുപാതികമല്ലാത്ത കുറവിനു കാരണം. പതിനഞ്ചാം ധന കമ്മിഷന്റെ ഇടക്കാല റിപ്പോർട്ട് സൗകര്യപൂർവം വിസ്‌മരിക്കപ്പെട്ടെന്നു ചുരുക്കം – റോയ് ചൂണ്ടിക്കാട്ടി.