വാചകമേള

Mail This Article
സമരം പൊളിക്കൽ കമ്യൂണിസ്റ്റ് നിഘണ്ടുവിലെ മോശം പദമാണ്. സമരം തീർക്കലാണ് നല്ല ഇടതുപക്ഷത്തിന്റെ ലക്ഷണം. സമരം തീർക്കുന്നതിനു പകരം സമരം പൊളിക്കുന്ന നവകേരള സൃഷ്ടിയിലാണ് പിണറായി വിജയൻ സർക്കാർ.
സി.പി.ജോൺ
-
Also Read
‘ഡോൺ ക്വിഹോത്തെ’ പാലക്കാട്ടെ അരങ്ങിൽ
പഴയ ഗാനങ്ങൾ ബീറ്റ്‌സ് മാറ്റി റീൽസ്‌പോലെ റീമിക്സ് ചെയ്യുന്നതിനോട് ഞാനെതിരാണ്. അത് ആ ഗായകരോടു ചെയ്യുന്ന ദ്രോഹമാണ്. അടുത്ത തലമുറയെയാണ് നാം ഇതിലൂടെ വഞ്ചിക്കുന്നത്. രണ്ടു ഗാനം കേൾക്കുമ്പോൾ ഏതാണ് ശരിയായി പാടിയത് എന്നറിയാതെ അവർ വലയേണ്ടിവരില്ലേ? ഒരുകോടി രൂപ തരാമെന്നു പറഞ്ഞാലും റീമിക്സ് ഗാനങ്ങൾ ഞാനാലപിക്കില്ല.
ലതിക
ആശാ വർക്കർ സമരത്തിന്റെ ഉറവിടത്തെപ്പറ്റി ഭരണകക്ഷിക്കൊപ്പം നിൽക്കുന്ന പലരും സംശയങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ, സമരം ഉയർത്തുന്ന വിഷയങ്ങളുടെ സത്യാവസ്ഥയും ഗൗരവവും ഭരണകൂടത്തിന്റെ തനിവാലാട്ടികൾക്കല്ലാതെ മറ്റാർക്കും നിഷേധിക്കാനാവാത്തവിധം വാസ്തവമാണ്. ഈ വാസ്തവത്തെ മറയ്ക്കാൻ കേരളസർക്കാർ കാട്ടുന്ന വാശി, ബാലിശമെന്ന നില പോയി തനിക്രൂരത തന്നെയായി മാറിയിരിക്കുന്നു.
ജെ.ദേവിക
ആശാ വർക്കർമാരുടെ സമരം സ്പോൺസർ ചെയ്യുന്നതു സംഘപരിവാറാണെന്ന പരിപ്രേക്ഷ്യം പലയിടങ്ങളിലായി കാണുന്നു. കേന്ദ്രമല്ലേ പൈസ തരാത്തത്, അപ്പോൾ അവരുടെ പ്രതിനിധി കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ സമരപ്പന്തലിലേക്ക് ആനയിക്കുന്നതു ശരിയോ എന്ന ചോദ്യമാണ് ഉയർത്തുന്നത്. അങ്ങനെയെങ്കിൽ, കൊച്ചിയിൽ നടന്ന വ്യാപാരസൗഹൃദ സമ്മിറ്റിൽ കേന്ദ്രമന്ത്രിമാരെ പങ്കെടുപ്പിച്ചതെന്തിനാണ്?
ഡോ. കെ.ജി.താര
ഇന്ത്യയിൽ അവിശ്വസനീയമായ ചിത്രങ്ങൾ നിർമിക്കാൻ കഴിയും. കേരളം ഒരു ചെറിയ ഇൻഡസ്ട്രി ആയിരുന്നു. പക്ഷേ, ഞങ്ങൾ ഒരുപാടുകാര്യം ചെയ്തിട്ടുണ്ട്. ആദ്യത്തെ സിനിമ സ്‌കോപ്, 70 എംഎം, ത്രീഡി, ഇപ്പോൾ മലയാളത്തിലെ ആദ്യ ഐമാക്‌സും.
മോഹൻലാൽ
ഒരിക്കൽ എറണാകുളത്ത് ഹോട്ടലിൽവച്ചു ദാസേട്ടനെ കണ്ടു. ദാസേട്ടൻ കൈ കഴുകാൻ പോയപ്പോൾ ഞാൻ പിന്നാലെ ഓടിച്ചെന്നത്രേ. അതു കണ്ടു ദാസേട്ടൻ ചിരിച്ചുകൊണ്ട് എന്റെ ചുമലിൽ തട്ടി. അന്നു വൈകിട്ട് എനിക്കു കുളിക്കാൻ മടിയായിരുന്നത്രേ. ദാസേട്ടന്റെ കൈ തൊട്ട ചുമലിൽ വെള്ളമൊഴിച്ചു കഴുകാനാകില്ലല്ലോ.
സുജാത മോഹൻ