ലഹരിക്കു പിന്നാലെ എച്ച്െഎവിയും

Mail This Article
ലഹരി ഉപയോഗത്തിനെതിരെ എല്ലാ വിഭാഗം ജനങ്ങളെയും വിവിധ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് ഏപ്രിൽ മുതൽ ശക്തമായ പ്രചാരണ, പ്രതിരോധ പരിപാടികൾ നടപ്പാക്കാൻ സംസ്ഥാന സർക്കാർ തയാറെടുക്കുമ്പോൾ കേട്ടൊരു വാർത്ത കേരളത്തെ നടുക്കുന്നതായി. സിറിഞ്ച് പങ്കുവച്ച് ലഹരി കുത്തിവച്ച സംഘത്തിലെ 10 യുവാക്കൾക്ക് എച്ച്ഐവി സ്ഥിരീകരിച്ചത് നാം അഭിമുഖീകരിക്കുന്ന സാമൂഹിക വിപത്തിന്റെ മാരകസ്വഭാവമാണ് വ്യക്തമാക്കുന്നത്. മരുന്നു കുത്തിവയ്ക്കാൻ ഒരേ സിറിഞ്ച് ഉപയോഗിച്ചതിലൂടെ എയ്ഡ്സ് പകർന്ന സംഭവങ്ങൾ മുൻപേ കേൾക്കുന്നതാണെങ്കിലും ലഹരി കുത്തിവയ്ക്കാൻ സിറിഞ്ച് പങ്കിട്ടതിലൂടെയുള്ള എച്ച്ഐവി വ്യാപനത്തിനു കൂടുതൽ ഗൗരവമാനങ്ങളുണ്ട്.
മലപ്പുറം ജില്ലയിലെ വളാഞ്ചേരി കേന്ദ്രീകരിച്ചുള്ള സംഘത്തിൽ എയ്ഡ്സ് സ്ഥിരീകരിച്ചതിൽ 6 പേർ അതിഥിത്തൊഴിലാളികളും 4 പേർ മലയാളികളുമാണ്. കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ സഹായത്തോടെ മലപ്പുറം ജില്ലാ പഞ്ചായത്ത് തവനൂർ ജയിൽ അന്തേവാസികളിൽ നടത്താറുള്ള പരിശോധനയ്ക്കിടെ കഴിഞ്ഞ ഡിസംബറിൽ അതിഥിത്തൊഴിലാളിയായ റിമാൻഡ് പ്രതിക്കാണ് ആദ്യം എച്ച്ഐവി സ്ഥിരീകരിച്ചത്. തുടർന്ന്്, ലഹരിസംഘത്തിലുള്ളവർക്കായി പ്രത്യേക പരിശോധനാ ക്യാംപ് നടത്തിയപ്പോൾ മറ്റു ചിലരിലും സ്ഥിരീകരിക്കുകയായിരുന്നു. സംഘത്തിലെ കൂടുതൽപേർക്കു രോഗം പകർന്നിട്ടുണ്ടോയെന്നറിയാൻ അടുത്ത മാസം വീണ്ടും ക്യാംപ് സംഘടിപ്പിക്കുന്നുണ്ട്.
കഴിഞ്ഞവർഷം സംസ്ഥാനത്ത് ആകെ എച്ച്ഐവി പോസിറ്റീവ് ആയതിൽ 8% പേർ ലഹരി കുത്തിവയ്പിലൂടെയാണ് വൈറസ് ബാധിതരായത്. സംസ്ഥാനത്ത് 19നും 25നും ഇടയിൽ പ്രായമുള്ളവരിൽ എച്ച്ഐവി ബാധ കൂടുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ലഹരി കുത്തിവയ്പ് ആണെന്ന ആരോഗ്യപ്രവർത്തകരുടെ വിലയിരുത്തൽ ഞെട്ടിക്കുന്നതാണ്. ആകെ എച്ച്ഐവി പോസിറ്റീവിൽ 15% പേരും ഈ പ്രായത്തിൽ ഉള്ളവരാണെന്ന് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി കണ്ടെത്തിയിരുന്നു.
ലോകമാകെ 4 കോടിയോളം എച്ച്ഐവി ബാധിതരുണ്ടെന്നാണു ലോകാരോഗ്യസംഘടനയുടെ കണക്ക്. 4 കോടിയിലേറെപ്പേർ ഇതിനകം എച്ച്ഐവി ബാധിച്ചു മരിച്ചിട്ടുണ്ട്. ഇന്ത്യയിൽ എയ്ഡ്സ് രോഗികളുടെ എണ്ണം കുറഞ്ഞതായാണ് ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട്. ഓരോ വർഷവും പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം 2010നും 2022നും ഇടയിൽ ശരാശരി 44.23% കണ്ടു കുറഞ്ഞതായി ദേശീയ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷന്റെ റിപ്പോർട്ടിൽ പറയുന്നു. ലഹരിമരുന്നു ശരീരത്തിൽ കുത്തിവയ്ക്കുന്നവരിലാണ് എയ്ഡ്സ് പിടിപെടാൻ സാധ്യത ഏറ്റവും കൂടുതലെന്നാണ് കണ്ടെത്തൽ.
വളാഞ്ചേരി കേന്ദ്രീകരിച്ചുള്ള സംഘത്തിൽ ഇതുവരെ എയ്ഡ്സ് സ്ഥിരീകരിച്ചവരിൽ കൂടുതൽ പേരും അതിഥിത്തൊഴിലാളികളാണെന്നതു ഗൗരവത്തോടെ കാണേണ്ടതുണ്ട്. അതിഥിത്തൊഴിലാളികളിൽ ലഹരി ഉപയോഗിക്കുന്നവരും എച്ച്ഐവി ബാധിതരും കൂടുതലാണ്. അതിഥിത്തൊഴിലാളി മേഖലയിലെ ലൈംഗികത്തൊഴിലാളികൾക്കിടയിൽ എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ നടത്തിയ പരിശോധനയിൽ 70 പേർക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചത് 2023ൽ ആണ്. 10 അതിഥിത്തൊഴിലാളികളിലും എച്ച്ഐവി ബാധ കണ്ടെത്തുകയുണ്ടായി. 2 വർഷത്തിനിടയിൽ അതിഥിത്തൊഴിലാളി മേഖലകളിൽ ലൈംഗികത്തൊഴിലാളികളുടെ എണ്ണം വർധിച്ചതായും ലഹരി സംഘങ്ങൾ ഇവർ വഴി അതിഥിത്തൊഴിലാളികൾക്കിടയിൽ വൻതോതിൽ ലഹരിപദാർഥങ്ങൾ എത്തിക്കുന്നതായും ആ വേളയിൽ കണ്ടെത്തിയിരുന്നു.
സമൂഹാരോഗ്യത്തെ കാർന്നുതിന്നുന്ന, പുതുതലമുറയ്ക്കു മുന്നിൽ നരകവാതിൽ തുറന്നുവയ്ക്കുന്ന രണ്ടുതരം വിപത്തുകളിലേക്കാണ് ഒരേ സമയം ഇപ്പോഴത്തെ സംഭവം വിരൽചൂണ്ടുന്നത്: ലഹരി ഉപയോഗവും എച്ച്ഐവി വ്യാപനവും. സർക്കാർസംവിധാനങ്ങളോടൊപ്പം െപാതുസമൂഹവും ഇരട്ടി ജാഗ്രതയോടെ നിലയുറപ്പിക്കേണ്ട വേളയാണിത്. ഭാവികേരളത്തിനുവേണ്ടി നാം നടത്തുന്ന ലഹരിവിരുദ്ധ പോരാട്ടം കൂടുതൽ ശക്തമാക്കാനുള്ള ഓർമപ്പെടുത്തൽകൂടി ഈ സംഭവത്തിലുണ്ട്.