ഡാക്മെസഞ്ചറിനു റെഡ് സിഗ്നൽ; റെയിൽവേയും ഡിജിറ്റൽ ട്രാക്കിൽ

Mail This Article
ന്യൂഡൽഹി ∙ രഹസ്യ സ്വഭാവമുള്ള രേഖകൾ ദൂതൻ വഴി കൊടുത്തയയ്ക്കുന്ന സമ്പ്രദായം റെയിൽവേ നിർത്തലാക്കുന്നു. ബ്രിട്ടിഷുകാരുടെ കാലം മുതൽക്കുള്ള സമ്പ്രദായങ്ങളിലൊന്നാണു നിർത്തുന്നത്. പകരം വിഡിയോ കോൺഫറൻസ് വഴി ആശയവിനിമയം മതിയെന്ന് ഉത്തരവിറക്കി.
ചെലവു ചുരുക്കൽ നടപടികളുടെ ഭാഗമായാണിത്. എല്ലാ വിഭാഗങ്ങളിലും റെയിൽവേ ബോർഡിലും വിഡിയോ കോൺഫറൻസ് വഴി ആശയവിനിമയം മതിയെന്ന് ബോർഡ് തീരുമാനിച്ചതായി ഉത്തരവിൽ പറയുന്നു.
അതീവ പ്രാധാന്യമുള്ള ഫയലുകളും മറ്റും അറ്റൻഡർ തസ്തികയിലുള്ള ജീവനക്കാർ (ഡാക് മെസഞ്ചർമാർ) വഴിയാണ് കൈമാറിക്കൊണ്ടിരുന്നത്.
എല്ലാ ദിവസവും മേഖലാ ആസ്ഥാനങ്ങളിലേക്കുള്ള ഫയലുകൾ ഇവർ മുഖേന അയയ്ക്കാറുണ്ട്. ഈ ജോലി ചെയ്തിരുന്നവർക്ക് മറ്റു ചുമതലകൾ നൽകും.
ചെലവു ചുരുക്കലിന്റെ ഭാഗമായി പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതു നേരത്തേ മരവിപ്പിച്ചിരുന്നു. വർക്‌ഷോപ്പുകളിലും മറ്റുമുള്ള അധിക ജീവനക്കാരെ പുനർവിന്യസിക്കാനും ആഘോഷച്ചടങ്ങുകൾ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലേക്കു മാറ്റാനും തീരുമാനിച്ചിരുന്നു.