ഇനി ഭൂമിയിൽ തെളിയില്ല പാടും നിലാ

Mail This Article
പാട്ടുതാരങ്ങൾ പലത് ഇനിയും വിടരും, പാട്ടലകൾ ഇനിയുമേറെ നമ്മെ തഴുകും, കാതോർത്തു നാം താളം പിടിക്കും. പക്ഷേ, അവയ്ക്കൊന്നും ‘ബാലു ടച്ച്’ ഉണ്ടാകില്ല. കാരണം, അദ്ദേഹം സംഗീതം മാത്രമല്ല, ഒരു വികാരമാണ്; ഉള്ളുവിങ്ങുമ്പോൾ, ചിരി പൊട്ടുമ്പോൾ, ഡപ്പാംകുത്ത് തുള്ളുമ്പോൾ, വിരഹിയാകുമ്പോൾ, പ്രണയിയാകുമ്പോൾ ഒക്കെ ഹൃദയത്തോടു ചേർന്നു മൂളും എസ്പിബി. നിറഞ്ഞചിരിയും കളിതമാശകളും കൊണ്ട് നമ്മുടെയെല്ലാം അടുപ്പക്കാരനായ ആൾ. കിരീടം ചൂടി നിൽക്കുമ്പോഴും എളിമ കൊണ്ട് നമ്മുടെ കൈകൂപ്പിച്ചയാൾ...
എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില വഷളായെന്ന വാർത്തയ്ക്കു പിന്നാലെ, ആരാധകർ കണ്ണീരോടെ കുറിച്ചു, ‘ബാലു സാർ എഴുന്തുവാ, നിലാവേ വാ...’ . അവരുടെ മാത്രം ‘പാടും നിലാ’ ആണു തമിഴകത്തിന് എസ്പിബി; ആന്ധ്രക്കാരനാണ് അദ്ദേഹമെന്ന് അവർ എന്നേ മറന്നുപോയി! ചില പ്രതിഭാസങ്ങൾ അങ്ങനെയാണ്, അവർ ബാക്കിയാക്കുന്ന ശൂന്യതയ്ക്കു പോലുമുണ്ടാകും വലിച്ചടുപ്പിക്കുന്ന കാന്തപ്രഭ.
പാട്ടു നന്നായില്ലെന്നു കന്നഡ സംഗീത സംവിധായകൻ സത്യത്തിന്റെ ശകാരം കേട്ടതിനു മാഞ്ചോട്ടിലിരുന്നു കരഞ്ഞ ചെറുപ്പക്കാരൻ, പിന്നെ സത്യം ഗാരുവിന്റെ സ്വന്തം കൊടുകു (മകൻ) ആയി. എന്റെ മകനെ എനിക്കുവേണം, അവന്റെ ശബ്ദം എനിക്കു വേണം എന്നു പറഞ്ഞ അദ്ദേഹം പിന്നീടൊരു സിനിമ പോലും കൊടുകുവിന്റെ ശബ്ദമില്ലാതെ പുറത്തിറക്കിയില്ല! സംഗീതസംവിധായകൻ കോദണ്ഡപാണിയുടെ മുന്നിലേക്ക് ആദ്യസിനിമയ്ക്കായി വിറച്ചുവിറച്ചു ചെന്ന ബാലുവിൽ നിന്ന് നമുക്ക് എസ്പിബിയെ കിട്ടില്ലായിരുന്നു, ഉരുക്കു പോലെ കൂടെ നിന്ന അദ്ദേഹത്തിന്റെ കൂട്ടുകാരൻ മുരളി ഇല്ലായിരുന്നെങ്കിൽ. റിക്കോർഡിങ് ഉച്ചയ്ക്കു രണ്ടിന്.
ഒന്നിനു കാർ അയയ്ക്കുമെന്നു പ്രൊഡക്‌ഷൻകാർ പറഞ്ഞതനുസരിച്ച് 12.30 യ്ക്ക് ഒരുങ്ങി ബാലു കാത്തിരുന്നു. 3.30 ആയിട്ടും കാർ വന്നില്ല. റിഹേഴ്സലിനു പാടിയത് ആർക്കും ഇഷ്ടപ്പെട്ടു കാണില്ലെന്നോർത്തു തളർന്നു പോയെങ്കിലും വിഷയം മാറ്റാൻ ബാലു മുരളിയോടു പറഞ്ഞു, വാ, നമുക്കൊരു സിനിമയ്ക്ക് പോകാം. പറ്റില്ല, സ്റ്റുഡിയോയിൽ പോയി നോക്കുക തന്നെ വേണം, അവർ കാർ അയയ്ക്കാൻ വിട്ടുപോയതാകുമെന്നു പറഞ്ഞ് ഉന്തിത്തള്ളി ബാലുവിനെ സൈക്കിളിൽ കയറ്റി മുരളി ആഞ്ഞുചവിട്ടി. വിയർത്തൊലിച്ചു വന്ന പയ്യന്മാരെ സ്റ്റുഡിയോ സെക്യൂരിറ്റി ഉണ്ടോ കടത്തി വിടുന്നു.
അവിടെയും മുരളി അവരുടെ കാലുപിടിച്ചു. ഒരു തരത്തിൽ ബാലു അകത്തെത്തിയപ്പോൾ കോദണ്ഡപാണി സർവാഗം വിറതുള്ളി നിൽക്കുന്നു, ‘നീയൊക്കെ ഇപ്പോഴേ സീനിയർ കളി തുടങ്ങിയോ. പിച്ചവയ്ക്കും മുൻപ് ഓടാനാണോ ഭാവം. അഹങ്കാരി’ എന്നൊക്കെ വഴക്ക്. കാർ എത്തിയില്ലെന്നറിഞ്ഞപ്പോൾ അദ്ദേഹം തണുത്തു. അങ്ങനെ ആദ്യഗാനത്തിന്റെ റിക്കോർഡിങ്.
എംജിആർ കേട്ടു, തമിഴിലേക്ക് വിളിച്ചു
തെലുങ്കിലേക്കു ഡബ് ചെയ്ത തന്റെ സിനിമയിലെ ഒരു ഗാനം സ്റ്റുഡിയോയിൽ റിക്കോർഡ് ചെയ്യുന്നതു യാദൃച്ഛികമായി കേട്ട എംജിആർ, ഗായകൻ ആരെന്നു തിരക്കി. എസ്.പി.ബാലസുബ്രഹ്മണ്യം എന്ന പയ്യനാണെന്നറിഞ്ഞപ്പോൾ തന്റെ ‘അടിമപ്പെൺ’ എന്ന സിനിമയിൽ ആ പാട്ടുകാരൻ മതിയെന്നായി .
തമിഴ് സിനിമയ്ക്കും പാട്ടു പ്രേമികൾക്കും അനുഗ്രഹമായ തീരുമാനം! പാട്ടെല്ലാം പഠിച്ചു റിക്കോർഡിങ്ങിനു തയാറെടുത്തപ്പോഴാകട്ടെ എസ്പിബിക്ക് ടൈഫോയ്ഡ്. ഇനി തന്നെ വിളിക്കില്ലെന്നോർത്തു വിഷമിച്ചു കിടക്കുന്നതിനിടെ വീണ്ടും എംജിആറിന്റെ കൈത്താങ്ങ്. ‘ ഈ സിനിമയിൽ പാടുന്നുണ്ടെന്നു ബാലു കൂട്ടുകാരോടൊക്കെ പറഞ്ഞില്ലേ. അവർ നിന്റെ പാട്ടു കേൾക്കാതാകുമ്പോൾ, കൊള്ളാത്തതു കൊണ്ട് ഒഴിവാക്കിയതാണെന്നോർക്കും. അതു കരിയറിനു ക്ഷീണമാണ്. സുഖപ്പെട്ടിട്ടു നീ തന്നെ പാടിയാൽ മതി.’’
മുരളിയോട്, എംജിആറിനോട്, ബാലുവിന്റെ തമിഴിനെ ഉരച്ചുമിനുക്കിയെടുത്ത എം.എസ്.വിശ്വനാഥനോട് എല്ലാം എത്ര നന്ദി പറയണം. ഒരിക്കൽ ഇതെക്കുറിച്ചു ചോദിച്ചപ്പോൾ എസ്പിബി പറഞ്ഞു, ‘ഒന്നും എന്റെ കഴിവല്ല. ഏതോ ഒരു ശക്തി തിരക്കഥ എഴുതുന്നു, നമ്മൾ അതിനൊപ്പം പോകുന്നു. അല്ലാതെ, പഴയ ഡാൽഡപ്പാട്ടയും കൊട്ടി ഹരികഥയും പറഞ്ഞു നടന്ന ഞാൻ സിനിമാപ്പാട്ടുകാരൻ ആകുന്നത് എങ്ങനെയാണ്. ഇത്ര ഭാഷകൾ പഠിക്കുന്നത് എങ്ങനെയാണ്,’ അദ്ദേഹം വിനയത്തോടെ കൈകൂപ്പുമ്പോൾ ആരാധകർ മനസ്സിൽ പറയുന്നത് ഇതാകും, എല്ലാ നിമിത്തങ്ങൾക്കും നന്ദി, ആ വലിയ തിരക്കഥയ്ക്കും നന്ദി.
ഒരിക്കൽ സ്റ്റുഡിയോയിൽ ബാലുവിന്റെ പാട്ടുകേട്ട് എസ്.ജാനകി കരഞ്ഞിട്ടുണ്ട്. അന്ന് അവർ പറഞ്ഞു, നന്നായി പാടുന്ന എത്രയോ ഗായകരുണ്ട്, പക്ഷേ ബാലു നീയേ ഉള്ളൂ ഹൃദയം കൊണ്ടു പാടുന്ന ഒരേ ഒരാൾ.
സൽമാൻ ഖാൻ പറഞ്ഞു, എസ്പിബിയെ വേണം
മേനേ പ്യാര് കിയയിലെ ഹിറ്റ് ഗാനങ്ങൾ കൊണ്ടു തന്നെ എസ്പിബി സൽമാൻ ഖാനെ ‘വീഴ്ത്തി’. പിന്നീട് തന്റെ സിനിമകളിൽ എസ്പിബി പാടണമെന്നു സൽമാൻ ആവശ്യപ്പെടുമായിരുന്നു. രജനീകാന്ത്, കമൽഹാസൻ, ചിരഞ്ജീവി, വെങ്കടേഷ്, ബാലകൃഷ്ണ, നാഗാർജുന തുടങ്ങി ഒരു കാലത്തെ തമിഴ്, തെലുങ്ക്, കന്നഡ സൂപ്പർസ്റ്റാറുകൾക്കെല്ലാം എസ്പിബിയുടെ സ്വരമായിരുന്നു. വിജയ്ക്കും പ്രഭാസിനുമായി പാടുമ്പോഴും വർഷങ്ങൾ അദ്ദേഹത്തിന്റെ സ്വരത്തെ ഒന്നു തൊടാൻ പോലും മടിച്ചതായി മനസ്സിലാകും.
ഹായ്, എവരിബഡി, വിഷ് യു എ ഹാപ്പീ...... ന്യൂ ഇയർ
നാൻ താൻ സകല കലാ വല്ലവൻ എന്ന ചിത്രത്തിലെ ഇളമൈ ഇതോ ഇതോ... എന്ന ഗാനത്തിൽ കമൽഹാസൻ മിന്നിത്തിളങ്ങുമ്പോൾ എസ്പിബിയുടെ ശബ്ദം വെടിക്കെട്ടുപോലെ ചിതറി വീഴും, ഹായ് എവരിബഡി വിഷ് യു എ ഹാപ്പീ ന്യൂ ഇയർ. ഈ സിനിമ ഇറങ്ങിയതു മുതൽ പുതുവർഷരാവുകൾക്കു ഹരം പകരുന്ന പാട്ടാണിത്. ഇക്കുറി, ജനുവരി ഒന്നു പിറക്കുമ്പോഴും ഈ പാട്ട് മുഴങ്ങും, ഗായകൻ ഇല്ലെങ്കിലും.
മുഹമ്മദ് റഫിയാണു എസ്പിബിയുടെ ഇഷ്ട ഗായകൻ. നടനും ഡബ്ബിങ് ആർട്ടിസ്റ്റും സംഗീത സംവിധായകനുമൊക്കെയായി നിറഞ്ഞു നിന്ന അദ്ദേഹത്തിന്റെ കരിയറിനു പക്ഷേ, സാമ്യം കിഷോർ കുമാറിനോട്. നടനെന്ന നിലയിൽ കൂടി കഴിവു തെളിയിച്ച എസ്‌പിബി സിനിമയിൽ നായകർക്കായി പാടുമ്പോൾ ശബ്ദവും നടനവും തമ്മിൽ വല്ലാത്തൊരു പൊരുത്തം ആസ്വാദകർ അനുഭവിച്ചു. പാടുന്നത് എസ്പിബിയായിരിക്കണമെന്നു ചില നായക നടന്മാർ കരാറിൽ ഉൾപ്പെടുത്തുന്നിടത്തുവരെ കാര്യങ്ങളെത്തി.
തങ്ക മനിതൻ
നന്മയുള്ള, കരുതലുള്ള, എളിമയുള്ള ഒരു നല്ല മനുഷ്യൻ. എസ്.പി.ബാലസുബ്രഹ്മണ്യമെന്ന ഗായകനെക്കാൾ വലുതാണ് അദ്ദേഹമെന്ന മനുഷ്യൻ. എത്ര ഉയരത്തിലെത്തിയിട്ടും കാൽ നിലത്തു തന്നെ ഉറപ്പിച്ചു നിന്ന ആൾ. പുതുമുഖ ഗായകരെയും സംഗീതസംവിധായകരെയും എന്നും പ്രോൽസാഹിപ്പിച്ച എസ്പിബി, മുന്നിലെത്തുന്ന ആരോടും തനിക്കൊപ്പമുള്ള ആളെന്ന രീതിയിലാണു സംസാരിച്ചിരുന്നത്. ഒരിക്കൽ കാരുണ്യപ്രവർത്തനത്തിനു പണം സമാഹരിക്കാനായി ഗാനമേള സംഘടിപ്പിക്കാൻ എസ്പിബിയെ ഒരു സംഘം സമീപിച്ചു. എല്ലാവരിലും ദൈവത്തെ കാണണമെന്ന മഹത്തായ
സന്ദേശമാണ് ആ വലിയ ഗായകനിൽ നിന്നു തങ്ങൾ പഠിച്ചതെന്ന് അവർ പിന്നീടു കുറിച്ചു. എല്ലാ ചാരിറ്റി ഷോകളിലും അദ്ദേഹം പാട്ടുപാടാൻ ഓടിയെത്തി. പാവങ്ങളെ സഹായിച്ചു. അച്ഛന്റെ പേരിൽ ചാരിറ്റി ഫൗണ്ടേഷൻ ആരംഭിച്ച് ആയിരങ്ങളെ സഹായിച്ചു. ഇതിനു പബ്ലിസിറ്റി പാടില്ലെന്നും അദ്ദേഹത്തിനു നിർബന്ധമായിരുന്നു. ആരാധകർ ചേർന്ന് എസ്പിബി ചാരിറ്റി ഫൗണ്ടേഷൻ തുടങ്ങിയപ്പോൾ പേര് ഫാൻസ് ഫൗണ്ടേഷൻ എന്നു തന്നെ വേണമെന്ന് അദ്ദേഹം പറഞ്ഞു. ആരാധകരുടെ നന്മയുടെ ക്രെഡിറ്റ് തനിക്കു മാത്രം കിട്ടുന്നതു ശരിയല്ലല്ലോ എന്നായിരുന്നു ന്യായം. ഫാൻസ് ഫൗണ്ടേഷന്റെ സേവന പ്രവർത്തനങ്ങൾക്കായി അദ്ദേഹം കൈമാറിയത് കോടികൾ.
ഇശൈജ്ഞാനിയെന്നും ദാസണ്ണ (യേശുദാസ്) എന്നും പറയുമ്പോൾ നൂറു നാവായിരുന്നു എസ്പിബിക്ക്. അവരെല്ലാം പെരിയവർ, നാൻ കൊഞ്ചം കമ്മി എന്ന് അദ്ദേഹം എളിമകൊണ്ടു. പക്ഷേ, പ്രിയപ്പെട്ട ബാലു സർ, ഞങ്ങൾക്ക് അങ്ങും പെരിയവൻ. രജനിയും കമലും വിജയും സൽമാനും ഷാറൂഖും ചിരഞ്ജീവിയും മോഹൻലാലും പാടുമ്പോൾ അവർ തന്നെയാണു പാടുന്നതെന്നു തോന്നും പോലെ സ്വരച്ചേർച്ച നിറച്ച അത്ഭുതഗായകൻ. 54 കൊല്ലത്തിനിടെ നൂലിഴ പോലും സ്വരം മാറാത്ത അതിശയൻ. പാട്ടു സംവിധാനം ചെയ്തും അഭിനയിച്ചും ഡബ് ചെയ്തും വിസ്മയം കാട്ടിയ ജാലക്കാരൻ. ഒരിക്കലും കണ്ടിട്ടില്ലെങ്കിലും കേട്ടുകേട്ടു സ്വന്തമായ ഞങ്ങളുടെ വീട്ടുകാരൻ. എങ്കേയും എപ്പോതും സന്തോഷം സംഗീതം.... എന്നു പാടിപ്പഠിപ്പിച്ച ഗായകാ, നന്ദി. നിങ്ങൾ ഈ ഭൂമിയേ വിടുന്നുള്ളൂ, ഞങ്ങളുടെ മനസ്സിലേക്ക് പാടുംനിലാ പെയ്തുകൊണ്ടേയിരിക്കും.
Content highlight; SP Balasubrahmanyam