വൻ സ്ഫോടനശ്രമം തകർത്തു; ഹരിയാനയിൽ 4 ഭീകരർ പിടിയിൽ
Mail This Article
ചണ്ഡിഗഡ് ∙ തെലങ്കാനയിലേക്ക് സ്ഫോടകവസ്തുക്കളുമായി പോയ പാക്ക് ഭീകരരുമായി ബന്ധമുള്ള 4 പേർ ഹരിയാനയിലെ കർണാലിൽ പിടിയിലായി. ഇവരുടെ വാഹനങ്ങളിൽനിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു. കർണാൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ 10 ദിവസത്തേക്കു പൊലീസ് കസ്റ്റഡിയിൽ വിട്ടു.
ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പാക്കിസ്ഥാനിലെ ഹർവിന്ദർ സിങ് റിൻഡയുമായി പ്രതികൾ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും എത്തിക്കുന്നതിനായി ലൊക്കേഷൻ അയച്ചു കൊടുത്തത് ഇയാളാണെന്നു വ്യക്തമായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
ഭൂപീന്ദർ സിങ് (ലുധിയാന), ഗുർപ്രീത് സിങ്, പർമീന്ദർ സിങ്, അമൻദീപ് സിങ് (ഫിറോസ്പുർ) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ 2 പേർ സഹോദരങ്ങളാണെന്നു സംശയിക്കുന്നു. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഹരിയാനയിലെയും പഞ്ചാബിലെയും പൊലീസ് സേനകൾ സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഇന്നലെ പുലർച്ചെ പ്രതികളെ പിടികൂടിയതെന്ന് ഹരിയാന ഡിജിപി പി.കെ.അഗർവാൾ വെളിപ്പെടുത്തി.
ഇവരിൽനിന്ന് 2.5 കിലോ വീതമുള്ള ആർഡിഎക്സ്, പാക്ക് നിർമിത പിസ്റ്റൾ, വെടിയുണ്ടകൾ എന്നിവയും 1.3 ലക്ഷം രൂപയും പിടിച്ചെടുത്തതായും അദ്ദേഹം പറഞ്ഞു.
ഫിറോസ്പുരിലെ വയലുകളിൽ ഡ്രോൺ ഉപയോഗിച്ച് ആയുധങ്ങൾ എത്തിച്ചുകൊടുത്തത് റിൻഡെ ആയിരുന്നു. മുഖ്യപ്രതിയെന്നു കരുതുന്ന ഗുർപ്രീത് സിങ്, റിൻഡെയുടെ കൂട്ടാളിയായിരുന്ന രാജ്ബിർ സിങ്ങിനെ ലുധിയാന ജയിൽ വച്ചു പരിചയപ്പെട്ടതായും വ്യക്തമായിട്ടുണ്ട്. ഇവരെക്കൂടി കേസിൽ പ്രതികളാക്കി.
കൂടുതൽ അന്വേഷണത്തിനായി ഹരിയാന പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു.
English Summary: 4 terrorist arrested in Haryana