ADVERTISEMENT

ഇംഫാൽ ∙ മണിപ്പുർ കലാപത്തിന്റെ ഇരകളെ സ്വാതന്ത്ര്യദിനമായ ഇന്നു മുതൽ പുനരവധിസിപ്പിച്ചു തുടങ്ങുമെന്ന് മുഖ്യമന്ത്രി ബിരേൻ സിങ് പ്രഖ്യാപിച്ചു. കലാപത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്കു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രീഫാബ്രിക്കേറ്റഡ് വീടുകൾ നിർമിക്കുന്നുണ്ട്. ഇതിൽ നിർമാണം പൂർത്തിയായ ഏതാനും വീടുകളിലാണു താമസക്കാർ എത്തുക. കത്തിയമർന്ന നൂറുകണക്കിനു ഗ്രാമങ്ങളിലെ അരലക്ഷത്തിലധികം ആളുകളാണു ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നത്. 

ഇംഫാലിൽ വിരലിലെണ്ണാവുന്ന പ്രീഫാബ്രിക്കേറ്റഡ് വീടുകൾ മാത്രമാണ് നിർമിച്ചിട്ടുള്ളത്. ഭൂരിപക്ഷം പ്രദേശങ്ങളിലും ഇതിനുള്ള സ്ഥലം പോലും കണ്ടെത്തിയിട്ടില്ല. സംസ്ഥാനത്തെ സ്കൂളുകളിലും കോളജുകളിലുമാണ് ആയിരങ്ങൾ 3 മാസമായി അന്തിയുറങ്ങുന്നത്. പുനരധിവാസം എത്രയും പെട്ടെന്ന് പൂർത്തിയാക്കുമെന്നു ബിരേൻ സിങ് പറഞ്ഞു. 

കുക്കി-മെയ്തെയ് അതിർത്തികളിലാണു കലാപം ഏറെയും നടന്നത്. അതുപോലെ ഇംഫാൽ നഗരം ഉൾപ്പെടെ ഒരു വിഭാഗത്തിന് ഭൂരിപക്ഷമുള്ള സ്ഥലങ്ങളിലും. സ്വന്തം വീടുകൾ സ്ഥിതി ചെയ്യുന്നിടത്തേക്ക് ഇവരുടെ മടക്കം അസാധ്യമാണ്. ഇംഫാലിൽ സ്ഥലം വാങ്ങി വീടുവച്ചിരുന്ന കുക്കി ഉദ്യോഗസ്ഥരും ഇതു വിറ്റൊഴിക്കുകയാണ്. 

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു മണിപ്പുരിൽ വൻ സുരക്ഷയൊരുക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന റെയ്ഡിൽ ആയുധങ്ങൾ ഉൾപ്പെടെയുള്ളവ പിടികൂടിയിട്ടുണ്ട്. നിരോധിത മെയ്തെയ് സായുധ സംഘടനകളായ യുണൈറ്റഡ് നാഷനൽ ലിബറേഷൻ ഫ്രണ്ട് (യുഎൻഎൽഎഫ്), പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ), പീപ്പിൾസ് റവല്യൂഷണറി പാർട്ടി ഓഫ് കാംഗ്ലെപാക് എന്നിവരുടെ ഏകോപനസമിതിയായ കോർകോം സ്വാതന്ത്ര്യദിനം ബഹിഷ്കരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കുക്കി ഗോത്രവിഭാഗക്കാർ സായുധസേനയ്ക്കൊപ്പം ഇന്നു സ്വാതന്ത്ര്യദിനം ആഘോഷിക്കും. 

കലാപഭൂമിക്കു മീതേ കോപ്റ്റർ സർവീസ് 

ഇംഫാൽ ∙ മെയ്തെയ് ഭൂരിപക്ഷപ്രദേശങ്ങളിൽ കൂടി യാത്ര ചെയ്യാൻ സാധിക്കാത്ത കുക്കികൾക്കായി പ്രത്യേക ഹെലികോപ്റ്റർ സർവീസിനു കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുമതി നൽകി. കുക്കി പ്രദേശങ്ങളായ ചുരാചന്ദ്പുരിൽ നിന്ന് മിസോറം തലസ്ഥാനമായ ഐസോളിലേക്കും കാങ്പോക്പി, സേനാപതി എന്നിവിടങ്ങളിൽ നിന്ന് നാഗാലാൻഡിലെ ദിമാപുരിലേക്കുമാണ് കുറഞ്ഞനിരക്കിൽ പുതിയ സർവീസുകൾ ആരംഭിക്കുന്നത്. 

നിലവിൽ കുക്കി ഗോത്രമേഖലകൾ ഒറ്റപ്പെട്ടിരിക്കുകയാണ്. ഇംഫാൽ വിമാനത്താവളത്തിലേക്ക് ചുരാചന്ദ്പുരിൽ നിന്ന് 2 മണിക്കൂർ യാത്രാ ദൂരം മാത്രമേയുള്ളുവെങ്കിലും കുക്കി നേതാക്കൾ കേന്ദ്ര മന്ത്രി അമിത് ഷായെ കാണാൻ ഡൽഹിക്ക് പോയത് ഒരു രാത്രി മുഴുവൻ യാത്ര ചെയ്ത് ഐസോളിലെത്തിയാണ്. മോറെ ഭാഗത്തു നിന്നുള്ള കുക്കികൾക്ക് 24 മണിക്കൂർ യാത്ര ചെയ്താൽ മാത്രമേ അടുത്ത വിമാനത്താവളത്തിലെത്താൻ കഴിയൂ. 

സംസ്ഥാനത്തെ ഏക വിമാനത്താവളമുള്ള ഇംഫാലുമായുള്ള ബന്ധം പൂർണമായും അറ്റുപോയതിനാൽ പ്രത്യേക ഹെലികോപ്റ്റർ സർവീസ് വേണമെന്നത് കുക്കികളുടെ ആവശ്യമായിരുന്നു. 

English Summary : Manipur rehabilitation begins today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com