വോട്ട് ചെയ്ത് തമിഴകത്തെ താരങ്ങൾ
Mail This Article
ചെന്നൈ ∙ രാഷ്ട്രീയവും സിനിമയും ഇഴചേർന്ന തമിഴ്നാട്ടിൽ സൂപ്പർ താരങ്ങൾ ഉൾപ്പെടെയുള്ളവർ വോട്ട് രേഖപ്പെടുത്തി. രജനീകാന്ത്, കമൽഹാസൻ, വിജയ്, വിക്രം, അജിത്ത്, തൃഷ, ഗൗതമി, വടിവേലു, സൂര്യ, കാർത്തി, ജയംരവി, വരലക്ഷ്മി ശരത്കുമാർ, ധനുഷ്, യോഗിബാബു, ഐശ്വര്യ രാജേഷ് തുടങ്ങിയവർ ചെന്നൈയിൽ തന്നെ വോട്ട് ചെയ്തു. നടൻ വിശാൽ സൈക്കിളിൽ വോട്ടു ചെയ്യാനെത്തി. പുതിയ പാർട്ടി പ്രഖ്യാപിക്കാനിരിക്കെയാണു വിശാലിന്റെ സൈക്കിൾ യാത്ര. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നടൻ വിജയ് സൈക്കിളിൽ വോട്ട് ചെയ്യാനെത്തി തരംഗമായിരുന്നു.
മലയാളി താരം ജയറാം, ഭാര്യ പാർവതി, മകനും നടനുമായ കാളിദാസ്, മകൾ മാളവിക എന്നിവർ ഒന്നിച്ചാണു വോട്ടു ചെയ്യാനെത്തിയത്. സംഗീതസംവിധായകരായ ഇളയരാജ, അനിരുദ്ധ്, ജി.വി.പ്രകാശ് എന്നിവരും വോട്ട് ചെയ്തു.
ചെന്നൈ ആൽവാർപെട്ടിലെ ബൂത്തിൽ വോട്ട് ചെയ്തപ്പോൾ ഇവിഎം മെഷീനിൽ നിന്നു ‘ബീപ്’ ശബ്ദം കേൾക്കാത്തതിനെ തുടർന്ന്, പോളിങ് ഓഫിസറെ വിളിച്ചുവരുത്തി വോട്ട് പതിഞ്ഞതായി ഉറപ്പുവരുത്തിയ ശേഷമാണ് നടനും മക്കൾ നീതി മയ്യം അധ്യക്ഷനുമായ കമൽഹാസൻ മടങ്ങിയത്.
ഇതിനിടെ, ദേശീയ വനിതാ കമ്മിഷൻ അംഗവും നടിയുമായ ഖുഷ്ബു സുന്ദറിന്റെ സമൂഹമാധ്യമ പോസ്റ്റിനെച്ചൊല്ലി വിവാദമുയർന്നു. ഭർത്താവിനൊപ്പം വോട്ട് ചെയ്ത ചിത്രം പോസ്റ്റ് ചെയ്ത ഖുഷ്ബു ‘വോട്ട് ഫോർ ഇന്ത്യ’ എന്ന ഹാഷ്ടാഗ് ഉപയോഗിച്ചു. പ്രതിപക്ഷ സഖ്യത്തിന്റെ പേര് ‘ഇന്ത്യ’ എന്നായതാണു വിവാദത്തിനു കാരണമായത്. താൻ ഒരിക്കലും ഇന്ത്യാസഖ്യത്തെ പിന്തുണച്ചിട്ടില്ലെന്നു ഖുഷ്ബു വിശദീകരിച്ചു. ബിജെപി സ്ഥാനാർഥിയാകുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും സീറ്റ് ലഭിച്ചിരുന്നില്ല.