ഉന്നത റാങ്കിനായി കോഴ: നാക് ഇൻസ്പെക്‌ഷൻ കമ്മിറ്റി ചെയർമാൻ ഉൾപ്പെടെ പിടിയിൽ

Mail This Article
ന്യൂഡൽഹി ∙ ഉന്നത റാങ്കിങ് നൽകുന്നതിനായി ആന്ധ്രയിലെ സ്ഥാപനത്തിൽ നിന്നു കോഴ സ്വീകരിച്ച കേസിൽ നാക് ഇൻസ്പെക്‌ഷൻ കമ്മിറ്റി ചെയർമാനും 6 അംഗങ്ങളും ഉൾപ്പെടെ 10 പേരെ സിബിഐ അറസ്റ്റ് ചെയ്തു. നാക് ഇൻസ്പെക്‌ഷൻ കമ്മിറ്റി ചെയർമാൻ സമരേന്ദ്ര നാഥ് സാഹ, നാക് കമ്മിറ്റി അംഗവും ജെഎൻയു പ്രഫസറുമായ രാജീവ് സിജാരിയ, മറ്റ് അംഗങ്ങളായ ഡി.ഗോപാൽ, രാജേഷ് സിങ് പവാർ, മാനസ് കുമാർ മിശ്ര, ഗായത്രി ദേവരാജ, ബുലു മഹാറാണ എന്നിവരാണ് അറസ്റ്റിലായത്. ആന്ധ്രയിലെ കൊണേരു ലക്ഷ്മയ്യ എജ്യുക്കേഷൻ ഫൗണ്ടേഷനു വേണ്ടിയായിരുന്നു കോഴ. ഈ സ്ഥാപനത്തിന്റെ വൈസ് ചാൻസലർ ജി.പി.സാരഥി വർണ, വൈസ് പ്രസിഡന്റ് കൊണേരു രാജ ഹരീൻ, സ്ഥാപനത്തിനു കീഴിലുള്ള കെഎൽ സർവകലാശാല ഡയറക്ടർ എ.രാമകൃഷ്ണ എന്നിവരും അറസ്റ്റിലായിട്ടുണ്ട്.
നാക് റാങ്കിങ്ങിൽ എപ്ലസ്പ്ലസ് ഗ്രേഡ് ലഭിക്കാനായിരുന്നു കോഴ നൽകിയത്. 37 ലക്ഷം രൂപ , സ്വർണം, ഒരു ഐഫോൺ 16 പ്രോ മൊബൈൽ ഫോൺ, 6 ലാപ്ടോപ്പുകൾ തുടങ്ങിയവ സിബിഐ പിടിച്ചെടുത്തു. കേസുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ 20 ഇടങ്ങളിൽ റെയ്ഡ് നടത്തി. കൊണേരു ലക്ഷ്മയ്യ എജ്യുക്കേഷൻ ഫൗണ്ടേഷന്റെ പ്രസിഡന്റ് കൊണേരു സത്യനാരായണ, നാക് മുൻ ഡപ്യൂട്ടി അഡ്വൈസർ എൽ.മഞ്ജുനാഥ റാവു, ബെംഗളൂരു സർവകലാശാല പ്രഫസർ എം.ഹനുമന്തപ്പ, നാക് ഉപദേഷ്ടാവ് എം.എസ്.ശ്യാംസുന്ദർ എന്നിവരെയും പ്രതിപ്പട്ടികയിൽ ചേർത്തിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്തിട്ടില്ല.