നാക് റാങ്കിങ്: കോഴ വാങ്ങിയ പ്രഫസർക്ക് സസ്പെൻഷൻ

Mail This Article
ന്യൂഡൽഹി ∙ ഉന്നത റാങ്കിങ് നൽകുന്നതിന് ആന്ധ്രയിലെ സ്ഥാപനത്തിൽ നിന്നു കോഴ സ്വീകരിച്ച കേസിൽ ഉൾപ്പെട്ട ജെഎൻയു പ്രഫസർ രാജീവ് സിജാരിയയെ സസ്പെൻഡ് ചെയ്തു. നാക് ഇൻസ്പെക‍്‍ഷൻ കമ്മിറ്റി ചെയർമാൻ സമരേന്ദ്ര നാഥ് സാഹ ഉൾപ്പെടെ 10 പേരെ കഴിഞ്ഞ ദിവസം സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നലെയാണ് കമ്മിറ്റി അംഗം കൂടിയായ പ്രഫസറെ സസ്പെൻഡ് ചെയ്ത് ജെഎൻയു വിസി ശാന്തിശ്രീ പണ്ഡിറ്റ് ഉത്തരവിറക്കിയത്. എബിവിപി മീററ്റ് യൂണിറ്റ് മുൻ പ്രസിഡന്റാണ് സിജാരിയ.
ജെഎൻയുവിലെ അടൽ ബിഹാരി വാജ്‌പേയി സ്കൂൾ ഓഫ് മാനേജ്മെന്റ് ആൻഡ് ഒൻട്രപ്രനർഷിപ്പിൽ (എബിവിഎസ്എംഇ) അധ്യാപകനാണു രാജീവ്. മുൻപും പല വിവാദങ്ങളിലും ഉൾപ്പെട്ടിട്ടുണ്ട്. 2023 ൽ ഡീൻ പദവിയിൽ നിയമിതനായ ഇദ്ദേഹത്തെ അധ്യാപകരുടെ പരാതിയെത്തുടർന്നു തൊട്ടടുത്ത വർഷം നീക്കി.
നാക് റാങ്കിങ്ങിൽ എപ്ലസ്പ്ലസ് ഗ്രേഡ് ലഭിക്കാൻ ആന്ധ്രയിലെ കൊണേരു ലക്ഷ്മയ്യ എജ്യുക്കേഷൻ ഫൗണ്ടേഷനിൽ നിന്ന് 1.8 കോടി രൂപ കോഴ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ടാണു കേസ്. ചർച്ചകൾക്കു ശേഷം കമ്മിറ്റി ചെയർമാനു 10 ലക്ഷം രൂപയും ഓരോ അംഗത്തിനും 3 ലക്ഷം രൂപയും ലാപ്‌ടോപ്പും നൽകാമെന്ന ധാരണയിലെത്തി. സിജാരിയയാണ് ഇടപാടു നടത്തിയതെന്നും 1.3 കോടി രൂപ ആവശ്യപ്പെട്ടുവെന്നും പിന്നീട് 28 ലക്ഷം രൂപയ്ക്ക് ധാരണയായെന്നും എഫ്ഐആറിൽ പറയുന്നു.