സൈബർ തട്ടിപ്പ്: കണ്ടെത്തിയത് 12% മാത്രം; കേന്ദ്രത്തിന്റെ 4 വർഷത്തെ കണക്ക്

Mail This Article
ന്യൂഡൽഹി ∙ രാജ്യത്ത് കഴിഞ്ഞ 4 വർഷത്തിനിടെ സൈബർ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട തുകയിൽ കണ്ടെത്താനായത് വെറും 12% മാത്രം. 2021 മുതൽ 2025 ഫെബ്രുവരി 28 വരെ 38,22,550 കേസുകളിലായി 36,448.19 കോടി രൂപയാണ് സൈബർ തട്ടിപ്പുകാർ കൊണ്ടുപോയത്.
ഇതിൽ 4380.80 കോടി രൂപ തട്ടിപ്പുകാരിലെത്താതെ തടഞ്ഞെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്. കേരളത്തിൽനിന്ന് ഇതേ കാലയളവിൽ നഷ്ടമായത് 1142.92 കോടി. ഇതിൽ 165.26 കോടി രൂപ (14.4%) തട്ടിപ്പുകാർ കൈക്കലാക്കും മുൻപു കണ്ടെത്താനായി.
തുക കണ്ടെത്തിയെന്നതിന്റെ അർഥം ഉടമയ്ക്ക് അതു തിരികെ ലഭിച്ചു എന്നല്ല. സൈബർ തട്ടിപ്പുകളിൽ തുക പല അക്കൗണ്ടുകളിലൂടെ കൈമറിഞ്ഞാണ് യഥാർഥ തട്ടിപ്പുകാരുടെ കൈവശമെത്തുക.
അതിവേഗം പരാതിപ്പെട്ടാൽ ഈ കൈമാറ്റം ഇടയ്ക്കുവച്ച് തടയാൻ കഴിയും. എന്നാൽ, സാങ്കേതിക നൂലാമാലകൾ മൂലം യഥാർഥ ഉടമയ്ക്കു തുക ഉടൻ കൈമാറാനുമാകില്ല.
പാർലമെന്റിൽ ഐടി സ്ഥിരം സമിതി വച്ച റിപ്പോർട്ടിലെ കണക്കനുസരിച്ച് 2021 ഏപ്രിൽ 1 മുതൽ 2023 ഒക്ടോബർ 31 വരെ രാജ്യമാകെ സൈബർ തട്ടിപ്പുകാർ കൈക്കലാക്കിയ തുകയുടെ വെറും 0.04% ആണ് ഇരകൾക്കു തിരികെനൽകാനായത്. ഈ കാലയളവിൽ ആകെ നഷ്ടപ്പെട്ട 8586.71 കോടി രൂപയിൽ 4.15 കോടി മാത്രം.
തുക കൈമാറ്റം: ചട്ടത്തിന്റെ കരട് തയാർ|
കണ്ടെത്തുന്ന തുക വേഗത്തിൽ തിരികെ നൽകാനായി ആഭ്യന്തരമന്ത്രാലയം തയാറാക്കിയ കരടു നടപടിച്ചട്ടം റിസർവ് ബാങ്ക് അടക്കം വിവിധ ഏജൻസികളുടെ അഭിപ്രായമറിയാൻ അയച്ചിട്ടുണ്ടെന്ന് പാർലമെന്റിന്റെ ഐടി സ്ഥിരം സമിതിയെ കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. ബന്ധപ്പെട്ടവരുടെ അനുമതി ലഭിക്കുന്നതനുസരിച്ച് ചട്ടം അന്തിമമാക്കും.