ജഡ്ജിമാരുടെ മണിപ്പുർ സന്ദർശനത്തിൽ ഭിന്നാഭിപ്രായം

Mail This Article
കൊൽക്കത്ത ∙ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ ആറംഗ സംഘം ഇന്ന് മണിപ്പുർ സന്ദർശിക്കാനിരിക്കെ, മെയ്തെയ് വിഭാഗക്കാരനായ ജഡ്ജി ചുരാചന്ദ്പുർ ജില്ലയിലെ സന്ദർശനം ഒഴിവാക്കണമെന്ന് ജില്ലാ ബാർ അസോസിയേഷൻ ആവശ്യപ്പെട്ടു. സംഘത്തിൽ മെയ്തെയ് വിഭാഗക്കാരനായ ജസ്റ്റിസ് എൻ. കൊടിശ്വർ സിങ്ങും ഉണ്ട്. ജസ്റ്റിസുമാരായ ബിആർ.ഗവായ്, സൂര്യകാന്ത്, വിക്രംനാഥ്, എംഎം.സുന്ദരേശ്, കെ.വി.വിശ്വനാഥൻ എന്നിവരാണ് മറ്റു അംഗങ്ങൾ.എന്നാൽ, ചുരാചന്ദ്പുർ ബാർ അസോസിയേഷന്റെ നിർദേശത്തിനെതിരെ ഓൾ മണിപ്പുർ ബാർ അസോസിയേഷൻ രംഗത്തുവന്നു. നിർദേശം പിൻവലിക്കണമെന്നും എല്ലാ ജഡ്ജിമാരുടെയും സന്ദർശനം അനുവദിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. അതിനിടെ, ജിരിബാം എംഎൽഎ മുഹമ്മദ് അസാബുദീൻ കലാപകാരികൾക്ക് ആയുധങ്ങളും പണവും നൽകിയതായി മെയ്തെയ് സംഘടനയായ ജിരി അപുൻപ ലുപ് ആരോപിച്ചു.