മാനസ വധം: തോക്ക് നൽകിയവരെ കസ്റ്റഡിയിൽ വാങ്ങും
Mail This Article
കോതമംഗലം∙ നെല്ലിക്കുഴി ഡെന്റൽ കോളജിലെ ഹൗസ് സർജൻ പി.വി.മാനസയെ കൊലപ്പെടുത്തി രഖിൽ ജീവനൊടുക്കാൻ ഉപയോഗിച്ച തോക്ക് കൈമാറിയതിനു റിമാൻഡിലായ പ്രതികളെ കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് കോതമംഗലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ അപേക്ഷ നൽകി. ഇന്നു കസ്റ്റഡിയിൽ ലഭിച്ചേക്കും.
ബിഹാർ സ്വദേശികളായ സോനുകുമാർ മോദി (22), മനീഷ്കുമാർ വർമ (21) എന്നിവരെ കൂടുതൽ അന്വേഷണത്തിന്റെ ഭാഗമായാണു കസ്റ്റഡിയിൽ വാങ്ങുന്നത്. ഞായർ രാത്രി കോതമംഗലത്തെത്തിച്ച പ്രതികളെ തിങ്കളാഴ്ച നടപടിക്രമങ്ങൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കിയതിനാൽ കൂടുതൽ ചോദ്യംചെയ്യാൻ കഴിഞ്ഞിട്ടില്ല.
ഇവർക്കു കേരളത്തിലെ ബന്ധവും കേസിൽ കൂടുതൽ പ്രതികൾ ഉണ്ടോയെന്നും അന്വേഷിക്കേണ്ടതുണ്ട്. ഇവരിൽ നിന്നു പ്രാഥമികമായി ലഭിച്ച മൊഴികളൊന്നും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. കൃഷിയിടത്തിലെത്തുന്ന മൃഗങ്ങളെ വേട്ടയാടാനാണു രഖിൽ തോക്ക് ആവശ്യപ്പെട്ടതെന്നും കൊലപാതകം നടന്ന വിവരം അറിഞ്ഞില്ലെന്നുമാണു പ്രതികളുടെ മൊഴി. നായാട്ടിനു പിസ്റ്റൾ ഉപയോഗിക്കാറില്ലെന്നതിനാലാണ് ഈ മൊഴി വിശ്വാസത്തിലെടുക്കാത്തത്.
English Summary: Manasa murder case investigation