ആനീസിനും കഴുത്തിൽ ആഴത്തിൽ മുറിവ്, കൊല ആഭരണം മോഷ്ടിക്കാൻ; ഇയാളാണോ അയാൾ?

Mail This Article
ഇരിങ്ങാലക്കുട ∙ ദുരൂഹതയുടെ ഇരുളിൽ മൂടിപ്പോയ ആനീസ് വധക്കേസിൽ നിർണായക വഴിത്തിരിവെന്നു സൂചന. തിരുവനന്തപുരം അമ്പലമുക്കിൽ നഴ്സറി ജീവനക്കാരി വിനീതയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ കന്യാകുമാരി സ്വദേശി എസ്. രാജേന്ദ്രൻ (49) ആണോ ആനീസ് വധത്തിനു പിന്നിലുമെന്ന സംശയത്തിനു പിന്നാലെ ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി. രാജേന്ദ്രന്റെ ചിത്രം പതിച്ച നോട്ടിസ് ഇരിങ്ങാലക്കുട മേഖലയിൽ പുറത്തിറക്കിയിട്ടുണ്ടെന്നു ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ബിജോ അലക്സാണ്ടർ അറിയിച്ചു.
ഈസ്റ്റ് കോമ്പാറയിൽ ആനീസ് കൊല്ലപ്പെട്ട 2019ൽ രാജേന്ദ്രൻ ഇരിങ്ങാലക്കുട മേഖലയിൽ എത്തിയിരുന്നോ എന്നതാണു ക്രൈം ബ്രാഞ്ച് പ്രധാനമായും അന്വേഷിക്കുന്നത്. പ്രദേശത്തെവിടെയെങ്കിലും ജോലി ചെയ്തിരുന്നോ എന്നതിലാണു വ്യക്തത തേടുന്നത്. ഹോട്ടലുകൾ, ഇറച്ചിക്കടകൾ എന്നിവ കേന്ദ്രീകരിച്ചും പരിശോധന നടക്കുന്നുണ്ട്.
2019 നവംബർ 14ന് വൈകിട്ട് ആറരയോടെ വീട്ടിനുള്ളിൽ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിലാണ് ആനീസിന്റെ മൃതദേഹം കണ്ടെത്തിയത്. കൈകളിലെ വളകൾ മോഷണം പോയിരുന്നെങ്കിലും കാതിലെ കമ്മലും കഴുത്തിലെ മാലയും അലമാരയിലുണ്ടായിരുന്ന ആഭരണങ്ങളും നഷ്ടപ്പെട്ടിരുന്നില്ല. ഭർത്താവിന്റെ മരണശേഷം ഒറ്റയ്ക്കായിരുന്ന ആനീസിനു വീട്ടിൽ കൂട്ടുകിടക്കാൻ ഒരു സ്ത്രീ എത്തിയിരുന്നു. ഇവരാണു മൃതദേഹം ആദ്യം കണ്ടത്. ആഭരണങ്ങൾ മോഷ്ടിക്കാൻ നടത്തിയ കൊലപാതകം എന്ന നിലയിലായിരുന്നു അന്വേഷണം. ഫൊറൻസിക് വിദഗ്ധർ വീട്ടിൽ പരിശോധന നടത്തിയിട്ടും ഒരു തെളിവും ലഭിച്ചിരുന്നില്ല.
സംശയം ഉണർത്തുന്നത് കുറ്റകൃത്യ സമാനതകൾ
ഇരിങ്ങാലക്കുട ∙ ആനീസിന്റെയും വിനീതയുടെയും കൊലപാതകങ്ങളിൽ പ്രകടമായ സമാനതകളാണു ക്രൈം ബ്രാഞ്ചിൽ സംശയം ജനിപ്പിക്കുന്നത്. കഴുത്തിൽ ആഴത്തിലുള്ള മുറിവേറ്റാണു വിനീതയുടെ മരണം. ആനീസിന്റെ കഴുത്തിലും സമാന മുറിവുണ്ടായിരുന്നു. ആഭരണം മോഷ്ടിക്കാനായിരുന്നു ഇരു കൊലപാതകങ്ങളും.
മോഷ്ടിച്ചും പിടിച്ചുപറിച്ചും ആഭരണങ്ങൾ സ്വന്തമാക്കാൻ എന്തു ക്രൂരതയ്ക്കും മടിയില്ലാത്തയാളാണു രാജേന്ദ്രനെന്നു പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. കവർച്ചയ്ക്കു വേണ്ടി റിട്ട. കസ്റ്റംസ് ഓഫിസറെയും ഭാര്യയെയും കൊലപ്പെടുത്തിയതടക്കം ഒട്ടേറെ ക്രിമിനൽ കേസുകൾ രാജേന്ദ്രന്റെ പേരിലുണ്ട്.
Content Highlight: Aanees murder case investigation