ADVERTISEMENT

തിരുവനന്തപുരം ∙ 4.43 കോടി രൂപയുടെ ബിൽ അടയ്ക്കാത്തതിനെ തുടർന്ന് ജലഅതോറിറ്റി വിഛേദിച്ച ശുദ്ധജല കണക്‌ഷൻ അനധികൃതമായി പുനഃസ്ഥാപിച്ചെന്ന കുറ്റത്തിന് ബാർ അസോസിയേഷൻ ഓഫിസിനും കന്റീനിനും അരലക്ഷം രൂപ വീതം പിഴ ചുമത്തി.

വഞ്ചിയൂർ കോടതി വളപ്പിലാണ് തിരുവനന്തപുരം ബാർ അസോസിയേഷൻ ഓഫിസും കന്റീനും പ്രവർത്തിക്കുന്നത്. ജില്ലാ ജഡ്ജിയുടെ ഉടമസ്ഥതയിലാണ് ഈ കെട്ടിടങ്ങൾ. പിഴ ഒടുക്കിയില്ലെങ്കിൽ കെട്ടിടം ജപ്തി ചെയ്യുകയാണു ജലഅതോറിറ്റിയുടെ മുന്നിലുള്ള അടുത്ത മാർഗം. 15 വർഷമായി ബാർ അസോസിയേഷനും 7 വർഷമായി കന്റീനും വാട്ടർ ബിൽ അടച്ചിരുന്നില്ല. ഇരുകെട്ടിടങ്ങൾക്കും പ്രത്യേക കണക‍്ഷനുകളാണുള്ളത്. അസോസിയേഷന് 3.05 കോടി രൂപയുടെയും കന്റീന് 1.38 കോടി രൂപയുടെയും ബിൽ കഴിഞ്ഞ മാസം 18നു നൽകിയിരുന്നു. തുക അടയ്ക്കാത്തതിനാൽ ഈ മാസം രണ്ടിനാണ് കണക‍്ഷനുകൾ വിഛേദിച്ചത്. വിഛേദിച്ച ഭാഗം ചപ്പുചവ‍റിട്ടു മൂടിയതായി കണ്ട് മണ്ണുനീക്കി പരിശോധിച്ചപ്പോഴാണു വെള്ളം ചോർത്തുന്ന‍തു ശ്രദ്ധയിൽപെട്ടതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ജലമോ‍ഷണം തടയാൻ എത്തിയ ഉദ്യോഗസ്ഥരെ കന്റീൻ നടത്തിപ്പുകാർ ഭീഷണിപ്പെടുത്തിയെന്നും അതിനാൽ കണക‍്ഷനുകൾ വിഛേദിക്കാൻ കഴിഞ്ഞിട്ടില്ലെന്നും പാറ്റൂർ സെക‍്ഷനിലെ അസിസ്റ്റന്റ് എൻജിനീയർ എം.ആർ.അനൂപ് എക്സിക്യൂട്ടീവ് എൻജിനീയർക്കു പരാതി നൽകി. ജില്ലാ സെഷൻസ് കോടതി ശിരസ്ത‍ദാർക്കും ബാർ അസോസിയേഷൻ സെക്രട്ടറിക്കും റജിസ്റ്റേഡ് തപാലിൽ ജലഅതോറിറ്റി നോട്ടിസ് അയച്ചു.

നോട്ടിസ് ലഭിച്ചിട്ടില്ല: ബാർ അസോസിയേഷൻ സെക്രട്ടറി

ആരോപണങ്ങൾ ശരിയല്ലെന്നും വൈദ്യുതി ബിൽ അടയ്ക്കുന്നതിനൊപ്പം വാട്ടർ ബില്ലും അടയ്ക്കുന്നുണ്ടായിരുന്നു എന്നാണു മനസ്സിലാക്കുന്നതെന്നും ബാർ അസോസിയേഷൻ സെക്രട്ടറി പ്രിജൈസ് ഫാസിൽ പറഞ്ഞു. പിഴ അടയ്ക്കണമെന്ന നോട്ടിസ് ലഭിച്ചിട്ടില്ലെന്നും പറഞ്ഞു.

English Summary: Fine for bar association for leaking water from court compound

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com