പ്രണയപ്പക: പതിനേഴുകാരിയെ കഴുത്തറുത്തു കൊലപ്പെടുത്തി

Mail This Article
വർക്കല∙ വടശ്ശേരിക്കോണം തെറ്റിക്കുളം യുപി സ്കൂളിനു സമീപം കോളജ് വിദ്യാർഥിനിയെ മുൻ സുഹൃത്ത് രാത്രി വീട്ടിൽ നിന്നു വിളിച്ചിറക്കി കഴുത്തറുത്തു കൊലപ്പെടുത്തി. വടശ്ശേരിക്കോണം തെറ്റിക്കുളം പൊലീസ് റോഡ് പാലവിള സംഗീത നിവാസിൽ സജീവ്–ശാലിനി ദമ്പതികളുടെ മകൾ സംഗീത(17)യാണു കൊല്ലപ്പെട്ടത്. പള്ളിക്കൽ പ്ലാച്ചിവിള നരിമാത്ത് കുന്നുംപുറത്ത് വീട്ടിൽ ഗോപു(20)വിനെ മണിക്കൂറുകൾക്കകം പള്ളിക്കലിലെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു.
ഗോപു കുറ്റം സമ്മതിച്ചതായി റൂറൽ എസ്പി ഡി.ശിൽപ അറിയിച്ചു. സ്നേഹബന്ധത്തിൽ നിന്നു സംഗീത പിന്മാറിയതാണു പകയ്ക്കു കാരണമെന്നാണ് ഇയാളുടെ മൊഴി. കിളിമാനൂരിലെ സ്വകാര്യ കോളജിൽ ബികോം ഒന്നാം വർഷ വിദ്യാർഥിനിയാണു സംഗീത. ടാപ്പിങ് തൊഴിലാളിയാണ് ഗോപു.
സംഗീത ഇയാളുമായുള്ള സൗഹൃദത്തിൽ നിന്നു പിന്മാറിയിരുന്നു. തുടർന്ന് പുതിയ ഫോൺ നമ്പറിൽ അഖിൽ എന്ന പേരിൽ ഗോപു പെൺകുട്ടിയുമായി ബന്ധമുണ്ടാക്കി. ബുധന്‍ രാത്രി ഒരു മണിയോടെ ബൈക്കിൽ സംഗീതയുടെ വീടിനു മുന്നിലെത്തിയ ഇയാൾ അഖിൽ എന്ന വ്യാജേന ഫോണിൽ വിളിച്ചു പുറത്തേക്കു വരാൻ ആവശ്യപ്പെട്ട ശേഷമായിരുന്നു കൊലപാതകം.

English Summary: Seventeen Year old girl murdered at Varkala, one held