വിജയം ഒട്ടേറെ തടസ്സങ്ങൾ മറികടന്ന്: ഡോ. അരുൺ സഖറിയ

Mail This Article
ഈ വർഷം ഏറ്റെടുത്ത മൂന്നാമത്തെ പ്രധാന ആന ദൗത്യവും വിജയത്തിലെത്തിച്ചതിന്റെ ചാരിതാർഥ്യത്തിലാണു വനംവകുപ്പ് വെറ്ററിനറി സർജൻ ഡോ. അരുൺ സഖറിയ. ഏറെ വെല്ലുവിളിയുയർത്തിയ അരിക്കൊമ്പൻ ദൗത്യത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നു.
? എത്ര വിഷമകരമായ ദൗത്യമായിരുന്നു ഓപ്പറേഷൻ അരിക്കൊമ്പൻ
∙ തീർച്ചയായും വനം വകുപ്പിന്റെ ഒരു വലിയ ദൗത്യം തന്നെയായിരുന്നു. ആനയെ മാറ്റിപ്പാർപ്പിക്കുക എന്നതായിരുന്നു ശാന്തനാക്കാനുള്ള വഴി. അതു വിജയകരമായി പൂർത്തിയാക്കാനായി.
? മുന്നിലുണ്ടായിരുന്ന പ്രധാന പ്രതിബന്ധങ്ങൾ
∙ ചെറുതും വലുതുമായി ഒട്ടേറെ തടസ്സങ്ങൾ മറികടന്നാണു വിജയത്തിലെത്തിയത്. ചെരിവുള്ള ഭൂപ്രദേശമായിരുന്നു പ്രധാന വെല്ലുവിളി. ഇത്തരത്തിലൊരു ദൗത്യത്തിനു വളരെ പ്രതികൂലമായ ഭൂപ്രകൃതിയാണിത്. നമ്മൾ കൊടുക്കുന്നതു ആനയെ നാലു കാലിൽ നിർത്തിക്കൊണ്ടുള്ള സെഡേഷനാണ്. അങ്ങനെയുള്ളപ്പോൾ അവിടെ വാഹനമെത്താൻ കഴിയണം. അത് അസാധ്യമായതിനാലാണു വളരെ സമയമെടുത്ത് ആന അനുകൂല സ്ഥലത്തേക്കു വരുന്ന സമയം നോക്കി കാത്തിരുന്നത്. അതു വിജയിച്ചു.
? മേദകാനത്തെ കാലാവസ്ഥയും സാഹചര്യങ്ങളും ചിന്നക്കനാലിൽ നിന്നു വ്യത്യസ്തമാണോ. എത്ര ദിവസമെടുക്കും അരിക്കൊമ്പൻ പഴയ സ്ഥിതിയിലെത്താൻ.
∙ ഈ രണ്ടു സ്ഥലങ്ങളും തമ്മിൽ വലിയ വ്യത്യാസങ്ങളില്ല. അതൊരു പ്രശ്നമാകാനും സാധ്യതയില്ല. പുതിയ സ്ഥലത്ത് പൊരുത്തപ്പെടാൻ സ്വാഭാവികമായും അൽപം സമയം എടുക്കും. അതു നിരീക്ഷിക്കാനാണു റേഡിയോ കോളർ ഘടിപ്പിച്ചത്. ആനയുടെ ചലനങ്ങൾ നിരീക്ഷിച്ചു വരുന്നു.
? ആനയ്ക്ക് ആഴത്തിലുള്ള മുറിവുകൾ ഉണ്ടെന്നു പറഞ്ഞിരുന്നല്ലോ
∙ ഫൈറ്റ് ഇൻജറിയുണ്ട്. അതിനുള്ള ചികിത്സ നൽകിയാണ് ആനയെ തുറന്നു വിട്ടത്.
? 5 മയക്കുവെടി സാധാരണമാണോ. അത് ഏതെങ്കിലും തരത്തിൽ ബാധിക്കുമോ
∙ ആദ്യഘട്ടത്തിൽ ആനയെ മയക്കിയ ശേഷം കൃത്യമായ ഇടവേളകളിൽ മയക്കു മരുന്നിന്റെ ഡോസ് കൂട്ടി നൽകുക മാത്രമാണു ചെയ്യുന്നത്. അതിന് ഡാർട്ടിങ് അല്ലേ പറ്റൂ. ആവശ്യമായ അളവിൽ മരുന്നു കൊടുത്തുകൊണ്ടിരിക്കുന്നു. വണ്ടിയിൽ കയറ്റി കൊണ്ടുപോകുന്നു. ലോറിയിൽ നിർത്തി കൊണ്ടുപോകുന്നതിനിടെ മയക്കുമരുന്ന് കൂടുതൽ അളവിൽ പ്രയോഗിച്ചാൽ ആന വീണു പോകും. വീണുപോകാത്ത രീതിയിൽ മയക്കം നിലനിർത്തുക ഒരു വെല്ലുവിളിയാണ്.
? രാവിലെ എന്തായിരുന്നു ആനയുടെ അവസ്ഥ
∙ അവൻ പൂർണമായും ഉണർന്നു കഴിഞ്ഞാണു തുറന്നു വിട്ടത്.
English Summary: Arun Zachariah about Mission Arikomban