ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തു കോൺഗ്രസ് പുനഃസംഘടന ഇഴയുന്നതിനിടെ യൂത്ത് കോൺഗ്രസിലും പുനഃസംഘടന. മൊബൈൽ ആപ്ലിക്കേഷൻ വഴി രണ്ടു മാസത്തോളം നീളുന്ന തിരഞ്ഞെടുപ്പു പ്രക്രിയയാണു ദേശീയ നേതൃത്വം തീരുമാനിച്ചത്. അംഗത്വവിതരണം ഇന്ന് ആരംഭിക്കും. കൂടുതൽ അംഗങ്ങളെ ചേർക്കുന്നവരാണു ഭാരവാഹിത്വത്തിന് അർഹർ. 

അതേസമയം, കോൺഗ്രസ് പുനഃസംഘടന പാതിവഴിയിൽ നിൽക്കുന്നതിനാലും ലോക്സഭാ തിരഞ്ഞെടുപ്പു വരുന്നതിനാലും യൂത്ത് കോൺഗ്രസിൽ വാശിയേറിയ ഒരു തിരഞ്ഞെടുപ്പു പ്രക്രിയ കോൺഗ്രസ് നേതൃത്വം പ്രോത്സാഹിപ്പിക്കാൻ ഇടയില്ല. ഇക്കാര്യത്തിൽ ഇന്നു വയനാട്ടിൽ സമാപിക്കുന്ന നേതൃത്വ ക്യാംപ് നിലപാടെടുക്കും. താഴേത്തട്ടിൽ തിരഞ്ഞെടുപ്പ് അനുവദിച്ചാലും മേൽത്തട്ടിൽ ഒത്തുതീർപ്പിനാകും ശ്രമം. കഴിഞ്ഞ തവണയും ജില്ലാ കമ്മിറ്റി മുതൽ മുകളിലേക്കു ഗ്രൂപ്പ് അടിസ്ഥാനത്തിൽ ഒത്തുതീർപ്പായിരുന്നു. എന്നാൽ കെപിസിസി പ്രസിഡന്റായി കെ.സുധാകരന്റെയും പ്രതിപക്ഷ നേതാവായി വി.ഡി.സതീശന്റെയും വരവോടെ കോൺഗ്രസിലെയും യൂത്ത് കോൺഗ്രസിലെയും ഗ്രൂപ്പ് ഘടന മാറിയിട്ടുണ്ട്. ഇതും യൂത്ത് കോൺഗ്രസ് പുനഃസംഘടനയിൽ പ്രതിഫലിക്കും. സ്ഥാനമൊഴിയുന്ന യൂത്ത് കോൺഗ്രസ് ഭാരവാഹികളുടെ പുനരധിവാസവും വെല്ലുവിളിയാകും. മൂന്നു വർഷം കഴിഞ്ഞ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ മാസം 23നു സംസ്ഥാന സമ്മേളനം ചേരുന്നുണ്ട്.

അംഗമാകാൻ 8 സെക്കൻഡ് വിഡിയോയും 

അംഗത്വവിതരണം ഇന്നു മുതൽ ജൂലൈ 10 വരെ. ഭാരവാഹിത്വത്തിനു മേയ് 15 മുതൽ 28 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. മേയ് 30 മുതൽ ജൂൺ 4 വരെ സൂക്ഷ്മപരിശോധന. ജൂൺ അഞ്ചിനു സ്ഥാനാർഥികളെ പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പു തീയതി ഇന്നു തിരുവനന്തപുരത്തു പ്രഖ്യാപിക്കും.

അംഗത്വത്തിനും ഭാരവാഹിത്വത്തിനുമുള്ള പ്രായപരിധി 18–35 (ജനനത്തീയതി: 1987 മേയ് 10 – 2005 മേയ് 9). അംഗത്വ ഫീസ്  75 രൂപയായിരുന്നത് 50 ആയി കുറച്ചു. അംഗമാകാൻ ആഗ്രഹിക്കുന്നയാൾ ഫീസടയ്ക്കുന്നതിനൊപ്പം സ്വയം പരിചയപ്പെടുത്തി എട്ടു സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയും അയയ്ക്കണം. സ്ഥാനാർഥിയാകാൻ മണ്ഡലം കമ്മിറ്റിയിൽ 150 രൂപ, നിയമസഭാ മണ്ഡലം കമ്മിറ്റിയിൽ 500 രൂപ, ജില്ലാ കമ്മിറ്റിയിൽ 3000 രൂപ, സംസ്ഥാന കമ്മിറ്റിയിൽ 7500 രൂപ എന്നിങ്ങനെയാണു ഫീസ്. 

2 ജില്ലാ കമ്മിറ്റികളിൽ പട്ടികവിഭാഗത്തിൽ നിന്നുള്ളയാളാകണം പ്രസിഡന്റ്. മണ്ഡലം കമ്മിറ്റിയിൽ 15, നിയമസഭാ മണ്ഡലം കമ്മിറ്റിയിൽ 25, ജില്ലാ കമ്മിറ്റിയിൽ 25, സംസ്ഥാന കമ്മിറ്റിയിൽ 54 എന്നിങ്ങനെ ഭാരവാഹികളുണ്ടാകും. 45 ജനറൽ സെക്രട്ടറിമാരാണു സംസ്ഥാന കമ്മിറ്റിയിലുണ്ടാവുക. 8 വൈസ് പ്രസിഡന്റുമാരുമുണ്ടാകും. ഏറ്റവും കൂടുതൽ പേരെ ചേർക്കുന്ന 3 പേരെ സംസ്ഥാന പ്രസിഡന്റിനുള്ള പാനലിൽ ഉൾപ്പെടുത്തും. ഇവരെ അഭിമുഖം നടത്തി ഒരാളെ പ്രസിഡന്റായും മറ്റു 2 പേരെ വൈസ് പ്രസിഡന്റുമാരായും നിയമിക്കും. 4 മേഖലകളായി തിരിച്ചാണു തിരഞ്ഞെടുപ്പ്. 

English Summary : Youth congress for elections

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com