റോഡ് ക്യാമറ റെഡി; പിഴ ഇന്നു രാവിലെ 8 മുതൽ

Mail This Article
തിരുവനന്തപുരം ∙ ഗതാഗതനിയമ ലംഘനത്തിനു പിഴ ഈടാക്കുന്ന റോഡ് ക്യാമറ സംവിധാനം ഇന്നു രാവിലെ 8 മുതൽ പ്രവർത്തനസജ്ജമാകും. സംസ്ഥാനമാകെ സ്ഥാപിച്ച 726 ക്യാമറകളിൽ 692 എണ്ണമാണ് ഇപ്പോൾ പ്രവർത്തന സജ്ജമായത്.
ആദ്യഘട്ടത്തിൽ പിഴ ഈ നിയമലംഘനങ്ങൾക്ക്:
∙ ഹെൽമറ്റ് ഇല്ലെങ്കിൽ: പിഴ 500 രൂപ (4 വയസ്സിനു മുകളിലുള്ള കുട്ടികൾക്കു ഹെൽമറ്റ് നിർബന്ധം)
∙ സീറ്റ് ബെൽറ്റ് എന്നിവ ഇല്ലെങ്കിൽ : 500 രൂപ (ഡ്രൈവർക്കു പുറമേ മുൻസീറ്റിലുള്ളയാൾക്കും സീറ്റ് ബെൽറ്റ് നിർബന്ധം)
∙ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ : 2000 രൂപ
∙ റെഡ് സിഗ്‌നൽ മുറിച്ചു കടന്നാൽ: പിഴ കോടതി വിധിക്കും.
∙ ഇരുചക്രവാഹനങ്ങളിൽ രണ്ടിലധികം പേരുടെ യാത്ര: 1000 രൂപ (മൂന്നാമത്തെയാൾ 12 വയസ്സിന് താഴെയുള്ള കുട്ടിയാണെങ്കിൽ തൽക്കാലം പിഴ ഇല്ല)
∙ അമിതവേഗം: 1500 രൂപ
∙ അപകടകരമായ പാർക്കിങ്: 250 രൂപ
ടൂവീലറിലെ കുട്ടി തൽക്കാലം ‘രക്ഷപ്പെട്ടു’
ഇരുചക്രവാഹനങ്ങളിൽ 12 വയസ്സിനു താഴെയുള്ള ഒരു കുട്ടിയെ കൂടി യാത്ര ചെയ്യാൻ അനുവദിക്കുന്നതിന് ആവശ്യമായ നിയമഭേദഗതി നടത്താൻ സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ അന്തിമതീരുമാനം വരുന്നതുവരെ 12 വയസ്സിനുതാഴെയുള്ള ഒരു കുട്ടി കൂടെ യാത്ര ചെയ്യുന്നതിനു പിഴ ഈടാക്കില്ലെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.
എസ്എംഎസും നോട്ടിസും വരും
ഗതാഗതലംഘനം കണ്ടെത്തിയാൽ മൊബൈലിലേക്ക് എസ്എംഎസ് സന്ദേശത്തിനു പുറമേ വീട്ടിലേക്കു നോട്ടിസ് അയയ്ക്കും. 15 ദിവസത്തിനകം ജില്ലാ എൻഫോഴ്സ്മെന്റ് ആർടിഒയ്ക്കു അപ്പീൽ നൽകാം. ഇത് ഓൺലൈൻ വഴി നൽകാനുള്ള സംവിധാനം 2 മാസത്തിനുള്ളിൽ നിലവിൽ വരും. എമർജൻസി വാഹനങ്ങൾക്കു പിഴയിൽനിന്ന് ഇളവുണ്ടാകും.
24 മണിക്കൂറും പ്രവർത്തിക്കുന്ന, രാത്രികാലങ്ങളിലും ദൃശ്യങ്ങൾ പകർത്താൻ കഴിയുന്ന ഇൻഫ്രാറെഡ് ക്യാമറകളുടെ സഹായത്തോടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓട്ടമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്‌നിഷൻ എന്നീ സാങ്കേതികവിദ്യ നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറിയെന്നു മന്ത്രി ആന്റണി രാജു പറഞ്ഞു. റോഡ് ക്യാമറ സംവിധാനത്തിൽ പിഴ നോട്ടിസ് ലഭിച്ചാൽ ഓൺലൈൻ വഴിയും ആർടി ഓഫിസുകളിൽ നേരിട്ടെത്തിയും പിഴ അടയ്ക്കാം.
English Summary: Road camera system to be implemented from june 5