‘കാർ’മേഘം നീങ്ങി; അപ്പുവും കുടുംബവും ‘ഒരുമ’യുടെ വീട്ടിൽ

Mail This Article
കൊരട്ടി (തൃശൂർ) ∙ ഉദ്യോഗസ്ഥന്റെ വീഴ്ചയെത്തുടർന്ന് ലൈഫ് പദ്ധതിയുടെ പട്ടികയിൽനിന്നു പുറത്തായ കുടുംബത്തിന് ഓസ്ട്രേലിയയിലെ മലയാളി കൂട്ടായ്മ ‘ഒരുമ’ വീട് നൽകി. കോനൂർ 4-ാം വാർഡിലെ മുല്ലപ്പിള്ളി അപ്പുവിനും ഭാര്യ തുളസിക്കും ഭിന്നശേഷിക്കാരനായ മകനും ഓടുമേഞ്ഞ വീഴാറായ വീട്ടിൽനിന്നു മാറി ഇനി സുരക്ഷയുടെ തണലിലുറങ്ങാം.
ദാരിദ്ര്യത്തിന്റെയും നിസ്സഹായതയുടെയും തുരുത്തിൽ കഴിഞ്ഞ ഇവരുടെ ‘ലൈഫ്’ നഷ്ടപ്പെടുത്തിയത് ഒരുദ്യോഗസ്ഥന്റെ ‘അതിസാമർഥ്യ’മാണ്. ലൈഫ് പദ്ധതിയിൽ വീടിനായി 5 വർഷം മുൻപ് ഇവർ അപേക്ഷിച്ചിരുന്നു. ഉദ്യോഗസ്ഥൻ അന്വേഷണത്തിനെത്തിയത് മകനെ ചികിത്സയ്ക്കായി ആശുപത്രിയിൽ കൊണ്ടുപോകുന്ന ദിവസമാണ്. മകനെ കൊണ്ടുപോകാൻ അയൽവാസിയുടെ കാർ വീടിനു മുൻപിലുണ്ടായിരുന്നു.
ഉദ്യോഗസ്ഥൻ കുടുംബ വിവരത്തിനൊപ്പം കാറുണ്ടെന്നു രേഖപ്പെടുത്തിയതോടെ ഇവർ ലൈഫ് പട്ടികയിൽനിന്നു പുറത്തായി. അപ്പുവും കുടുംബവുമാകട്ടെ ‘തങ്ങൾക്കു കാറുണ്ടെന്ന’ ഞെട്ടിക്കുന്ന വിവരമറിഞ്ഞത് നാലു വർഷം കഴിഞ്ഞ് പുതിയ പഞ്ചായത്ത് ഭരണസമിതി വന്നപ്പോഴാണ്. പിന്നീടു മറ്റു ഭവന പദ്ധതികൾക്കായി കുടുംബാംഗങ്ങൾ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല.