അണ്ണാ, ഇതൊരു ഉത്സവമല്ലേ...
Mail This Article
‘‘ഓ എന്തുവാടേ. എത്ര വലിയ കലോൽസവം വന്നാലും ആശ്രാമം മൈതാനത്തിനെന്തുവാ? ആന മൂക്കിപ്പൊടി വലിക്കുന്നതു പോലേയുള്ളൂ. വേദി എത്ര എമണ്ടനാന്ന് പറഞ്ഞാലും , ദോ പിന്നെയും കിടക്കുവല്ലേ പ്ലെയിൻ പറത്താനുള്ള സ്ഥലം.’’
‘‘പക്ഷേ എവിടെയും ഈ കമ്പിയും കൊള്ളിയും കൊണ്ടുള്ള വേലിയാന്നല്ലോ. അതാ പുറത്തു കടക്കാൻ ഈ ഞെരുക്കം. ദോ... വശപ്പെശകായി പാർക്കു ചെയ്തിരിക്കുന്ന ആ കാറാണ് പ്രശ്നം.’’
‘ദോ നാരങ്ങാവെള്ളം കുടിച്ചോണ്ടു നിൽക്കുന്ന ആ ഉണക്കല് പാർട്ടിടേതാ വണ്ടി. പക്ഷേ കുണ്ടാമണ്ടിയൊന്നും ഒപ്പിക്കല്ല്...’’
‘‘നമ്മക്കറിയാം അണ്ണാ പെരുമാറാൻ. പിന്നെ അണ്ണന് അറിഞ്ഞൂടാത്തൊരു കാര്യമുണ്ട്. 1999ൽ നമ്മളും ഉണ്ടാരുന്നു മൽസരിക്കാൻ. ഇവിടെ, ഈ മണ്ണീ കലോൽസവം നടന്നപ്പോ നമ്മടെ ജില്ലയ്ക്കു വേണ്ടി. നാടകടീമിൽ.... ഇപ്പം പ്രാരാബ്ധം ആയിപ്പോയതല്ലേ. എന്നാലും സോപാനത്തിലെ വേദിയിപ്പോയി ഇച്ചിരി നേരം പുള്ളാര്ടെ നാടകമൊന്ന് കാണണമെന്നുണ്ട്..
‘‘അതു പറ്റുമെന്ന് തോന്നുന്നില്ലെടേ. കൊല്ലത്തിനിനി ടാക്സിയില്ല. സകലതും ബുക്കിങ്ങാ. നാലു ദിവസം നീ ഓടിയോടി ഊപ്പാടു വരും. അതിരിക്കട്ടെ അന്നത്തെ നാടകത്തീ നിങ്ങള് ജയിച്ചാരുന്നോ..’’
‘‘എന്തുവാ അണ്ണാ ഇത്. നമ്മള് പങ്കെടുത്തു. ആ ഉൾക്കുളിരല്ലേ അണ്ണാ.. കാര്യം’’
‘‘ശ്ശെ. അങ്ങനാന്നോ...’’
‘‘അണ്ണന്റെ കുടുംബത്തീന്ന് ഏതേലും ഒരു കൊച്ച് വളർന്നു വരും. അന്നേരം മനസ്സിലാകും; എമ്പാടു നിന്നും ഇവിടെ വന്നുനിൽക്കുന്ന ഈ മനുഷ്യരെ.’’