ആധാർ യന്ത്രം ഹാക്ക് ചെയ്ത് വ്യാജ ആധാർ നിർമിച്ച സംഭവം: അന്വേഷണം തുടങ്ങി
Mail This Article
തിരൂർ ∙ അക്ഷയ കേന്ദ്രത്തിലെ ആധാർ യന്ത്രത്തിൽ നുഴഞ്ഞുകയറി 38 ആധാറുകൾ നിർമിച്ച സംഭവത്തിൽ സൈബർ ക്രൈം വിഭാഗം അന്വേഷണം തുടങ്ങി. തൃപ്രങ്ങോട് ആലിങ്ങലിൽ പ്രവർത്തിക്കുന്ന അക്ഷയ കേന്ദ്രത്തിലെ ആധാർ യന്ത്രം വഴിയാണ് ആധാർ സംവിധാനത്തിലേക്കു നുഴഞ്ഞുകറിയത്. ബംഗാൾ, ജാർഖണ്ഡ് എന്നിവിടങ്ങളിൽനിന്നാണ് വിരലടയാളങ്ങളും റെറ്റിനയും പകർത്തിയിട്ടുള്ളതെന്ന് അന്വേഷണത്തിൽ തിരിച്ചറിഞ്ഞിട്ടുണ്ട്. യുഐഡി അഡ്മിൻ ആണെന്നു പരിചയപ്പെടുത്തി ജനുവരി 12ന് ആലിങ്ങലിലെ അക്ഷയ സെന്ററിലേക്കു വന്ന ഫോൺ കോളിലൂടെയാണു നുഴഞ്ഞുകയറ്റത്തിന്റെ തുടക്കമെന്നു സംശയിക്കുന്നു. ഹിന്ദിയിലായിരുന്നു സംസാരം.
വെരിഫിക്കേഷൻ നടത്താൻ എനിഡെസ്ക് എന്ന സോഫ്റ്റ്‍വെയറുമായി സിസ്റ്റത്തെ ബന്ധിപ്പിക്കാൻ ഫോൺ വിളിച്ചയാൾ പറയുകയും ഇതു ചെയ്തതോടെ ഒരാളുടെ എൻറോൾമെന്റ് നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ ആധാർ യന്ത്രത്തിലേക്കു നുഴഞ്ഞുകയറാൻ വിളിച്ച സംഘത്തിനു സാധിച്ചെന്നാണു സംശയം. തുടർന്ന് 38 ആധാർ കാർഡുകൾ സംഘം എൻറോൾ ചെയ്യുകയായിരുന്നു. യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ വിശദമായ പരിശോധന ഓരോ എൻറോൾമെന്റിലും നടക്കാറുണ്ട്. വ്യാജമായി കയറ്റിയ ആധാറുകളും ഈ പരിശോധന കടന്നുപോയിരുന്നു എന്നാണു വിവരം.
എന്നാൽ, വിരലടയാളങ്ങളും റെറ്റിനയും പകർത്തിയതിലെ ഗുണനിലവാരം പരിശോധിച്ചപ്പോഴാണ് കൃത്രിമം നടന്നതായി സംശയം തോന്നിയത്. ബംഗാളിലെ അതിർത്തിയിൽനിന്നുള്ള വിരലടയാളങ്ങളും റെറ്റിനയും അപ്‍ലോഡ് ചെയ്തതായും വിവരമുണ്ട്. ആലിങ്ങലിൽ അക്ഷയ കേന്ദ്രത്തിൽനിന്ന് സംഘം എൻറോൾ ചെയ്ത 38 ആധാറുകളും റദ്ദ് ചെയ്തു. സംഭവത്തിൽ സൈബർ ക്രൈം വിഭാഗത്തിനു പരാതി നൽകിയിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും അക്ഷയ ഡിസ്ട്രിക്ട് പ്രോജക്ട് മാനേജർ പി.ജി.ഗോകുൽ പറഞ്ഞു. ഇന്നലെ തിരൂർ പൊലീസും ഇക്കാര്യത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.