‘അമ്മാതിരി കമന്റൊന്നും വേണ്ട’: അവതാരകയോട് ക്ഷോഭിച്ച് മുഖ്യമന്ത്രി
Mail This Article
തിരുവനന്തപുരം ∙ ‘‘താങ്ക്‌യു സാർ, വളരെ നല്ലൊരു ഉദ്ഘാടനപ്രസംഗം കാഴ്ചവച്ചതിന്...’’ ചടങ്ങിലെ അവതാരക പറഞ്ഞുതീരുംമുൻപ് മുഖ്യമന്ത്രി രോഷാകുലനായി അവർക്കു നേരെ തിരിഞ്ഞു. ‘‘അമ്മാതിരി കമന്റൊന്നും വേണ്ട കേട്ടോ. നിങ്ങൾ ആളെ വിളിക്കുന്നെങ്കിൽ ആളെ വിളിച്ചാൽ മതി.’’ തുടർന്നു മടങ്ങുന്നതിനിടെ ‘വെറുതേ വേണ്ടാത്തതൊക്കെ പറയുന്നു’ എന്നും പറഞ്ഞു. ഇതോടെ അവതാരക ആശംസാപ്രസംഗത്തിനായി മന്ത്രി കെ.രാജനെ ക്ഷണിച്ചു.
നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ ന്യൂനപക്ഷ വിഭാഗം നേതാക്കളുമായുള്ള മുഖ്യമന്ത്രിയുടെ ‘മുഖാമുഖം’ പരിപാടിയിലായിരുന്നു സംഭവം. മുഖ്യമന്ത്രി ഉദ്ഘാടനപ്രസംഗം അവസാനിപ്പിച്ചത് ഇങ്ങനെയായിരുന്നു– ‘‘പരിപാടിയിൽ പങ്കെടുക്കാൻ കാലത്തുതന്നെ എല്ലാവരും എത്തിയത് അങ്ങേയറ്റം സന്തോഷം പകരുന്ന കാര്യമാണ്. അതിന് എല്ലാവർക്കും അഭിവാദ്യമർപ്പിച്ചുകൊണ്ട്, പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചതായി അറിയിക്കുന്നു. നിങ്ങൾക്കെന്റെ സ്നേഹാഭിവാദനങ്ങൾ’’.
തുടർന്നു പ്രസംഗപീഠത്തിനുമുന്നിൽനിന്നു മടങ്ങാൻ തുടങ്ങുമ്പോഴുള്ള അവതാരകയുടെ വാക്കുകളാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥയായിരുന്നു അവതാരക. മുൻപു പല ചടങ്ങുകളിലും ഈ ജോലി നന്നായി ചെയ്തയാളെന്ന നിലയിലാണ് ഇവരെ ചുമതല ഏൽപിച്ചത്.