ജോഷിയുടെ വീട്ടിൽ മോഷണം: ഇർഫാനെപ്പറ്റി അന്വേഷിക്കാൻ പൊലീസ് ബിഹാറിലേക്ക്
Mail This Article
കൊച്ചി∙ സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തി പിടിയിലായ മുഹമ്മദ് ഇർഫാനെപ്പറ്റിയുള്ള വിവരശേഖരണത്തിനായി സൗത്ത് പൊലീസ് ബിഹാറിലേക്ക്. തിരഞ്ഞെടുപ്പു കഴിഞ്ഞാലുടൻ പുറപ്പെടുമെന്നാണു വിവരം. ‘ബിഹാർ റോബിൻഹുഡ്’ എന്നു വിളിപ്പേരുള്ള ഇർഫാൻ മോഷണ മുതലുകളും അതു വിറ്റുകിട്ടുന്ന പണവും കൈകാര്യം ചെയ്തിരുന്ന രീതി സംബന്ധിച്ചു വ്യക്തത വരുത്തുകയാണു ലക്ഷ്യം.
ഇർഫാന്റെ ഭാര്യയും ബിഹാർ സിതാമഡിയിലെ ജില്ലാ പരിഷത് അംഗവുമായ ഗുൽഷൻ പർവീണിൽ നിന്നു പൊലീസ് മൊഴിയെടുക്കും. ബിഹാറിൽ നിന്നുള്ള 2500 കിലോമീറ്ററിലേറെ ദൂരം 4 ദിവസം കൊണ്ടാണു പ്രതി താണ്ടിയത്. ഈ മാസം പതിനാറിനാണു സീതാമഡിയിൽ നിന്നു മുഹമ്മദ് ഇർഫാൻ കൊച്ചിയിലേക്കു പുറപ്പെട്ടതെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. യാത്രയ്ക്കിടെ കർണാടകയിലെ ഒരു ധാബയിൽ ഒരു രാത്രി തങ്ങി. ഈ യാത്രയിലെ പ്രവർത്തനങ്ങൾ സംബന്ധിച്ച് ഇതേ പാതയിലൂടെ സഞ്ചരിച്ചു പൊലീസ് സംഘം വ്യക്തത വരുത്തും.
മുംബൈയിൽ ഒരു ബന്ധുവിന്റെ സ്ഥാപനത്തിൽ ഇർഫാൻ ജോലി നോക്കിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവിടെ നിന്നാണ് കേരളത്തിലേക്കുള്ള യാത്രയ്ക്ക് ഉപയോഗിച്ച കാർ വാങ്ങിയത്. പണം നൽകിയെങ്കിലും രേഖകൾ തന്റെ പേരിലേക്കു മാറ്റിയിരുന്നില്ല. മുംബൈയിൽ നിന്നു ബിഹാറിലേക്കു പോകും മുൻപ് അവിടെ ഒരു വീട്ടിൽ പ്രതി മോഷണശ്രമം നടത്തിയെന്നും പ്രതി സമ്മതിച്ചിട്ടുണ്ട്. ഇക്കാര്യവും അന്വേഷിക്കുമെന്ന് എറണാകുളം എസിപി പി.രാജ്കുമാർ പറഞ്ഞു. 3 ദിവസത്തെ കസ്റ്റഡിക്കു ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.