ഇർഫാനു പ്രോത്സാഹനം വിഐപി വസതികളിലെ മോഷണാനുഭവങ്ങൾ; കേസൊന്നും വേണ്ടെന്നു ജഡ്ജിയും
Mail This Article
പട്ന ∙ ഇർഫാന്റെ ഗാരന്റിയിലാണു ബിഹാറിലെ സീതാമഡിക്കാർക്കു വിശ്വാസം. ജില്ലാ പരിഷത് തിരഞ്ഞെടുപ്പിൽ ഇർഫാന്റെ ഭാര്യ ഗുൽഷൻ പർവീൺ സീതാമഡി പുപ്രി വാർഡിൽ നിന്നു വൻ ഭൂരിപക്ഷത്തിൽ ജയിച്ചതും ഈ ഗാരന്റിയുടെ ബലത്തിലാണ്. സീതാമഡിയുടെ സ്വന്തം ‘കായംകുളം കൊച്ചുണ്ണി’യാണ് മുഹമ്മദ് ഇർഫാൻ. ‘സബ്കാ മാൻ, സബ്കാ സമ്മാൻ’ മുദ്രാവാക്യവുമായി ഇർഫാന്റെ പടവും മൊബൈൽ നമ്പറും സഹിതമായിരുന്നു ഗുൽഷന്റെ പോസ്റ്ററുകൾ. തീവണ്ടി എൻജിൻ ചിഹ്നത്തിൽ വോട്ടു വീഴാൻ വേറെന്തു വേണം. ഗുൽഷൻ ജില്ലാ പരിഷത് സ്ഥാനാർഥിയായതു തന്നെ നാട്ടുകാരുടെ നിർബന്ധം കൊണ്ടാണ്. ഇർഫാനെ ഭാവി എംഎൽഎയായി കാണുന്ന നല്ലവരായ നാട്ടുകാരെ കൊണ്ടു പൊറുതിമുട്ടുകയാണു കുടുംബം.
∙ഗ്രാമീൺ സഡക് യോജന
സീതാമഡി ജോഗിയ ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ സംഭാവനയാണ്. തസ്കര സമ്പാദ്യത്തിലൊരു പങ്ക് നാട്ടിലെത്തുമെന്നതിനാൽ ഇർഫാൻ സീതാമഡിയിൽ പോപ്പുലറാണ്. അയൽവാസിയായ പെൺകുട്ടിക്ക് കാൻസർ ശസ്ത്രക്രിയയ്ക്ക് 20 ലക്ഷം രൂപ നൽകി ജീവൻ രക്ഷിച്ചതോടെ ഇർഫാന്റെ ജനപ്രീതി അതുക്കും മേലെയായി. അൻപതോളം പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹം ഇർഫാന്റെ സഹായത്തിൽ നടന്നിട്ടുണ്ടെന്നാണു ഗുൽഷന്റെ കണക്ക്.
∙പെങ്ങളുടെ സ്ത്രീധനം
പെങ്ങൾക്കു സ്ത്രീധനം നൽകാൻ പതിനായിരം രൂപ കയ്യിലില്ലാതെ ഗതികെട്ടപ്പോഴാണ് ഇർഫാൻ ആദ്യമായി കക്കാനിറങ്ങിയത്. 2010ലെ ആദ്യ മോഷണം പിടികൂടാതെ പോയതോടെ ഇർഫാന് ആത്മവിശ്വാസമായി. നാട്ടുകാരായ പത്തു പന്ത്രണ്ടു ശിഷ്യന്മാരെ കൂട്ടി തസ്കരസംഘമുണ്ടാക്കി. ഡൽഹി, മുംബൈ, പുണെ തുടങ്ങി വൻ നഗരങ്ങളിലായിരുന്നു പിന്നീടുള്ള ഓപ്പറേഷനുകൾ. ഇടയ്ക്കിടെ ആഡംബര കാറുകളിൽ വീട്ടിലെത്തിയപ്പോൾ വൻ ബിസിനസ് എന്തോ തുടങ്ങിയെന്നാണു നാട്ടുകാർ കരുതിയത്. ഗ്രാമത്തിലെ ചെറിയ വീടിനു പകരം ബംഗ്ലാവ് ഉയർന്നു.
∙കവിനഗറിൽ പണി പാളി
യുപിയിലെ ഗാസിയാബാദ് കവിനഗറിലെ ബംഗ്ലാവിൽ നിന്ന് ഒന്നര കോടി രൂപ കവർന്ന കേസിലാണു പിടിവീണത്. സിസിടിവി ക്യാമറകൾ ഇർഫാനെയും ശിഷ്യരെയും ചതിച്ചു. ഇർഫാനെ തപ്പി സീതാമഡിയിലെത്തിയ യുപി പൊലീസ്, ഭാര്യ ഗുൽഷനെയും തസ്കര സംഘത്തിലെ രണ്ടു പേരെയും പൊക്കി. ഇർഫാന്റെ ബിസിനസ് രഹസ്യം അതോടെ നാട്ടിൽ പാട്ടായി. ഭാര്യയും കേസിൽ പ്രതിയായതോടെ ഇർഫാൻ പൊലീസിനു കീഴടങ്ങി. ഇർഫാനെ യഥാവിധി ചോദ്യം ചെയ്ത യുപി പൊലീസ് വിഐപി വസതികളിലെ മോഷണക്കഥകൾ കേട്ടു നടുങ്ങി.
∙ജഡ്ജിക്കു കേസ് വേണ്ട
ഡൽഹിയിലെ ഒരു ജഡ്ജിയുടെ വസതിയിൽ നിന്ന് 65 ലക്ഷം രൂപ മോഷ്ടിച്ചെന്ന ഇർഫാന്റെ മൊഴിയനുസരിച്ചാണു യുപി പൊലീസ് ജഡ്ജിയെ ചെന്നു കണ്ടത്. കേസൊന്നും വേണ്ടെന്നു പറഞ്ഞു ജഡ്ജി പൊലീസിനെ തിരിച്ചയച്ചു. കള്ളപ്പണ കേസിൽ പ്രതിയാകുമെന്ന ഭയത്തിൽ ഇർഫാനോടു ക്ഷമിച്ച സന്മനസ്സുള്ള പണക്കാർ വേറെയുമുണ്ടായി. തസ്കര ജീവിതം ഊർജിതമായി തുടരാൻ ഇർഫാനു പ്രോത്സാഹനം പകരുന്നതായിരുന്നു വിഐപി വസതികളിലെ മോഷണാനുഭവങ്ങൾ. ആഡംബര കാറുകളിൽ മോഷണ മുതലുമായി ഗമയിൽ മുങ്ങുന്ന ഇർഫാന്റെ വാഹനം തടഞ്ഞു പരിശോധിക്കാൻ സാധാരണ പൊലീസുകാർക്കും ധൈര്യമുണ്ടാകാറില്ല.