ADVERTISEMENT

തിരുവനന്തപുരം ∙ ഭാവിയിൽ മുഖ്യമന്ത്രി സ്ഥാനാർഥിയായി അവതരിപ്പിക്കാൻ കഴിയുന്ന നേതാവായതുകൊണ്ടാണു കെ.കെ.ശൈലജ വടകരയിൽ പരാജയപ്പെട്ടതെന്നു സിപിഎം സംസ്ഥാന കമ്മിറ്റിയിൽ പി.ജയരാജൻ. സാമ്പത്തിക ഞെരുക്കവും ധനകാര്യ മാനേജ്മെന്റും തോൽവിക്കു കാരണമായെന്ന ആക്ഷേപം സംസ്ഥാന കമ്മിറ്റിയിൽ ഉയർന്നിരുന്നു. ഇതു തന്നെ ലക്ഷ്യമിട്ടാണെന്ന വികാരത്തിന്റെ അടിസ്ഥാനത്തിൽ പാർട്ടിക്കു വിശ്വാസമില്ലെങ്കിൽ ഒഴിയാനുള്ള സന്നദ്ധത സംസ്ഥാന സെക്രട്ടേറിയറ്റിൽ ധനമന്ത്രി പ്രകടിപ്പിച്ചെന്നാണു വിവരം. മുഖ്യമന്ത്രിയോ പാർട്ടി സെക്രട്ടറിയോ ഇതിനെ അനുകൂലിച്ചില്ല.

‘സകല വിഭാഗത്തിന്റെയും വോട്ടു ചോർന്നു’

ഭൂരിപക്ഷ–ന്യൂനപക്ഷ– പിന്നാക്ക വേർതിരിവില്ലാതെ എല്ലാ വിഭാഗങ്ങളുടെയും വോട്ടു ചോർന്നെന്നു സിപിഎം സംസ്ഥാന കമ്മിറ്റി വിലയിരുത്തി. പൗരത്വ നിയമഭേദഗതിയിൽ ഊന്നിയുളള പാർട്ടിയുടെ പ്രചാരണം തിരിച്ചടിച്ചെന്നുമാണു നിഗമനം. മുസ്‍ലിം ജനവിഭാഗങ്ങളെ കൂടെ നിർത്താനായി ആവിഷ്കരിച്ച പൗരത്വനിയമഭേദഗതി വിരുദ്ധ മുദ്രാവാക്യം കൊണ്ടു പ്രയോജനം ഉണ്ടായതു കോൺഗ്രസിനാണെന്നാണ് പാർട്ടിയുടെ നിഗമനം. 

ഈ വിഭാഗത്തെ പ്രീണിപ്പിക്കാൻ പാർട്ടി ശ്രമിക്കുന്നുവെന്ന തോന്നൽ ഭൂരിപക്ഷ വിഭാഗങ്ങൾക്കൊപ്പം, ന്യൂനപക്ഷ വിഭാഗങ്ങളുടെയും എതിർപ്പിനു കാരണമായി. ഈഴവ വിഭാഗങ്ങളിലേക്കു മാത്രമല്ല, പിന്നാക്ക വോട്ടു ബാങ്കിലേക്കും ബിജെപി കയറിയെന്നാണു നിഗമനം. പിന്നാക്ക– പട്ടികജാതി വിഭാഗങ്ങളെ എൽഡിഎഫ് സർക്കാരിന്റെ അവഗണന അകറ്റിയെന്ന വിമർശനം യോഗത്തിലുണ്ടായി. ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നതും ലൈഫ് പദ്ധതിയും മറ്റും നീണ്ടുപോകുന്നതും സർക്കാരിനോടുളള അകൽച്ചയ്ക്കു കാരണമായി.

English Summary:

KK shailaja failed because she was the chief ministerial candidate; P. Jayarajan said in the CPM State Committee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com