18 വയസ്സ് കഴിഞ്ഞ് ആധാറിന് അപേക്ഷിച്ചാൽ വീട്ടിലെത്തി പരിശോധന
Mail This Article
തിരുവനന്തപുരം ∙ 18 വയസ്സ് കഴിഞ്ഞവർ പുതുതായി ആധാറിന് അപേക്ഷിച്ചാൽ വില്ലേജ് ഓഫിസർ നേരിട്ടു വീട്ടിലെത്തി പരിശോധിച്ച ശേഷമേ അംഗീകാരം നൽകൂ. അപേക്ഷകനെ നേരിൽക്കണ്ട് അപേക്ഷയിലെ വിവരങ്ങൾ ശരിയാണെന്നു ബോധ്യപ്പെടണം. എന്നാൽ, ഇൗ നടപടിക്രമങ്ങൾക്ക് പ്രത്യേക ഫീസ് നൽകേണ്ടതില്ല. പ്രായപൂർത്തിയായവരുടെ പേരിൽ വ്യാജ ആധാർ കാർഡുകൾ വിതരണം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ വേണ്ടിയാണു പരിഷ്കാരം. എറണാകുളം, തൃശൂർ ജില്ലകളിൽ വില്ലേജ് ഓഫിസർമാർക്കു പകരം തദ്ദേശ സ്ഥാപന സെക്രട്ടറിമാരാണ് പരിശോധനയ്ക്കായി വീട്ടിലെത്തുക. കലക്ടർമാരുടെ തീരുമാന പ്രകാരമാണ് ഈ രണ്ടു ജില്ലകളിൽ പരിശോധനയ്ക്ക് തദ്ദേശ സെക്രട്ടറിമാരെ ചുമതലപ്പെടുത്തിയത്.
ആധാറിനായി എൻറോൾ െചയ്തുകഴിഞ്ഞാൽ വെബ്സൈറ്റിൽ (https://myaadhaar.uidai.gov.in/CheckAadhaarStatus) അപേക്ഷ ഏതു ഘട്ടത്തിലാണെന്നു പരിശോധിക്കാനാകും. സംസ്ഥാന സർക്കാരിന്റെ സ്ഥിരീകരണത്തിനായി കാത്തിരിക്കുന്നെന്നാണു സ്റ്റാറ്റസ് എങ്കിൽ വില്ലേജ് ഓഫീസുകളിലോ തദ്ദേശ സ്ഥാപനങ്ങളിലോ എത്തി തിരിച്ചറിയൽ രേഖകൾ കൈമാറുകയുമാകാം. വേഗം വിദേശത്തേക്കു മടങ്ങേണ്ട പ്രവാസികൾക്ക് ഇതു സഹായകമാകും. 18 വയസ്സ് കഴിഞ്ഞവരുടെ ആധാർ എൻറോൾമെന്റ് ജില്ല, ബ്ലോക്ക് തല അക്ഷയ കേന്ദ്രങ്ങളിൽ മാത്രമാക്കിയിട്ടുണ്ട്. ഈ കേന്ദ്രങ്ങളുടെ പട്ടിക അക്ഷയയുടെ വെബ്‌സൈറ്റിലുണ്ട്. (https://akshaya.kerala.gov.in/services/1/aadhaar-enrollment).