ADVERTISEMENT

തൃശൂർ ∙ എടിഎം കവർച്ചയ്ക്കു ശേഷം പ്രതികൾ താണിക്കുടം പുഴയിൽ ഉപേക്ഷിച്ച 9 കാഷ് ട്രേകളും ഗ്യാസ് കട്ടറും സ്കൂബാ ഡൈവർമാരുടെ സഹായത്തോടെ പൊലീസ് കണ്ടെടുത്തു. ഗ്യാസ് കട്ടർ പ്രവർത്തിപ്പിക്കാനുപയോഗിച്ച 2 ഗ്യാസ് സിലിണ്ടറുകൾ, എടിഎമ്മിലെ സിസിടിവി ദൃശ്യങ്ങൾ സൂക്ഷിക്കുന്ന ഡിജിറ്റൽ വിഡിയോ റെക്കോർഡർ (ഡിവിആർ) എന്നിവയും പുഴയുടെ അടിത്തട്ടിൽ നിന്നു സ്കൂബാ ഡൈവർമാർ കണ്ടെടുത്തു. ഷൊർ‌ണൂർ റോഡിൽ നായ്ക്കനാലിനു സമീപത്തെ എടിഎമ്മിനുള്ളിൽ തെളിവെടുപ്പിനിടെ കാഷ് ട്രേ പുറത്തെടുത്തതെങ്ങനെയെന്നു പ്രതികൾ പൊലീസിനു കാണിച്ചുകൊടുത്തു.

കവർച്ച നയിച്ച മുഖ്യസൂത്രധാരൻ മുഹമ്മദ് ഇക്രാം (42), കൂട്ടുപ്രതികളായ ഇർഫാൻ (32), സാബിർ ഖാൻ (26),സൗഖിൻ ഖാൻ (26), മുബാറക് (20) എന്നിവരെയാണ് എസിപി സലീഷ് എൻ. ശങ്കറും സംഘവും തെളിവെടുപ്പിനെത്തിച്ചത്. പതിനൊന്നരയോടെ ഷൊർണൂർ റോഡിലെ എടിഎമ്മിലായിരുന്നു ആദ്യം തെളിവെടുപ്പു നടത്തിയത്. ഇവിടെ എടിഎമ്മിനുള്ളിൽ കയറി ഗ്യാസ് കട്ടർ ഉപയോഗിച്ചു മെഷീൻ തകർത്തു കാഷ് ട്രേ പുറത്തെടുത്തതു സാബിർ ഖാനും സൗഖിൻ ഖാനും അസർ അലിയും ചേർന്നാണ്. 

അസർ പൊലീസ് വെടിവയ്പിൽ പരുക്കേറ്റു കോയമ്പത്തൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായതിനാൽ സാബിറിനെയും സൗഖിനെയും സൂത്രധാരൻ ഇക്രാമിനെയും മാത്രമേ പൊലീസ് വാഹനത്തിൽ നിന്നിറക്കിയുള്ളൂ. ഇക്രാമിനെ എടിഎമ്മിനു പുറത്തു നിർത്തിയ ശേഷം മറ്റു രണ്ടു പേരെയും പൊലീസ് എടിഎമ്മിനുള്ളിൽ കയറ്റി. ഷട്ടർ താഴ്ത്തിയ ശേഷം കവർച്ച നടത്തിയതെങ്ങനെയെന്നിവർ പൊലീസിനു വിശദമായി കാണിച്ചുകൊടുത്തു. നടപടികൾ അരമണിക്കൂറോളം നീണ്ടു. 

ഇവിടെ നിന്നു പ്രതികളെ താണിക്കുടം പുഴയിലേക്കു കൊണ്ടുപോയി. കോലഴിയിലെ കവർച്ചയും പൂർത്തിയാക്കിയ ശേഷം തങ്ങൾ താണിക്കുടം പുഴയിലേക്കാണു ഗ്യാസ് കട്ടറും ക്യാഷ് ട്രേകളും എറിഞ്ഞതെന്നു പ്രതികൾ പൊലീസിനോടു സമ്മതിച്ചിരുന്നു. ഇക്രാമിനെ മാത്രമേ പുഴയുടെ ഭാഗത്തു വാഹനത്തിൽ നിന്നിറക്കിയുള്ളൂ. കാർ അസറിന്റേതാണെങ്കിലും കവർച്ച സമയത്ത് ഓടിച്ചതു താനാണെന്ന് ഇക്രം മൊഴിനൽകി. പണം പുറത്തെടുത്ത ശേഷം ട്രേകൾ പുഴയുടെ ഏതു ഭാഗത്തേക്കാണെറിഞ്ഞതെന്ന ചോദ്യത്തിന് ഇയാൾ വ്യക്തമായ മറുപടി നൽകിയില്ല.

ഇതോടെ സാബിറിനെയും സൗഖിനെയും പുറത്തിറക്കി വിശദമായി വിവരങ്ങൾ ചോദിച്ചറിഞ്ഞു. തൃശൂർ അഗ്നിരക്ഷാ നിലയത്തിലെ സ്കൂബാ ഡൈവർമാരായ പി.കെ. പ്രജീഷ്, വി.വി.ജിമോദ് എന്നിവർ പുഴയിലിറങ്ങി ആദ്യ തിരച്ചിലിൽ തന്നെ കാഷ് ട്രേകൾ ഓരോന്നായി കണ്ടെടുത്തു. അടിത്തട്ടിൽ മുങ്ങി തിരഞ്ഞപ്പോഴാണു ഗ്യാസ് സിലിണ്ടറുകളും കട്ടറും കണ്ടെടുത്തത്. 3 ട്രേകൾ കൂടി കണ്ടെത്തേണ്ടതുണ്ടായിരുന്നെങ്കിലും മണിക്കൂറുകൾ തിരഞ്ഞ‍ിട്ടും ലഭിച്ചില്ല. 

ഈസ്റ്റ് എസ്എച്ച്ഒ എം.ജെ. ജിജോ, എസ്ഐമാരായാ ജിനോ പീറ്റർ, ഷീബു തുടങ്ങിയവർ ഉൾപ്പെട്ട സംഘം തെളിവെടുപ്പിനു നേതൃത്വം നൽകി. മാപ്രാണം, കോലഴി എടിഎമ്മുകളിലും തെളിവെടുപ്പു നടത്താനുണ്ട്. വ്യത്യസ്ത സ്റ്റേഷനുകൾക്കു കീഴിലാണ് ഇവയെന്നതിനാൽ ഇരിങ്ങാലക്കുട, വിയ്യൂർ പൊലീസ് ഇതിനു പ്രത്യേക കസ്റ്റഡി അപേക്ഷ സമർപ്പിക്കണം. 

English Summary:

ATM robbery: Cash trays and gas cutter found in river

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com