വൈദ്യുതിനിരക്ക്: വർധന സർക്കാരിന്റെ അറിവോടെ; ഇളവ് വരുത്താനാകില്ല
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്തു വൈദ്യുതി നിരക്ക് കൂട്ടിയത് സർക്കാരിന്റെ പൂർണ അറിവോടെ. കെഎസ്ഇബി നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിൽ പൊതു തെളിവെടുപ്പും ഉപയോക്താക്കളുടെ അഭിപ്രായങ്ങളും സ്വീകരിച്ച ശേഷം വൈദ്യുതി റഗുലേറ്ററി കമ്മിഷൻ നിശ്ചയിച്ച നിരക്ക് വിജ്ഞാപനം ചെയ്തതോടെ ഇനി സർക്കാർ വിചാരിച്ചാലും ഇതിൽ ഇളവു വരുത്താനാകില്ല.
2023 നവംബർ 1 ന് നിലവിൽ വന്ന വൈദ്യുതി നിരക്കിന്റെ കാലാവധി കഴിഞ്ഞ ജൂൺ 30 ന് അവസാനിക്കാനിരിക്കേ, അതിനു മുൻപു കെഎസ്ഇബി നിരക്ക് വർധിപ്പിക്കാൻ അപേക്ഷ നൽകണമായിരുന്നു. എന്നാൽ, കെഎസ്ഇബി ഈ അപേക്ഷ നൽകിയത് ഓഗസ്റ്റിലാണ്. തുടർന്ന്, വിവിധ ഘട്ടങ്ങൾ കടന്ന് വിജ്ഞാപനം പുറത്തു വന്നപ്പോഴേക്കും ഡിസംബർ ആയതിനാൽ നിരക്ക് വർധിക്കാതെ 5 മാസം കൂടി വൈദ്യുതി ഉപയോഗിക്കാൻ ഉപയോക്താക്കൾക്കു കഴിഞ്ഞുവെന്ന നേട്ടം കൂടിയുണ്ട്.
നിരക്ക് വർധനയ്ക്കു മുന്നോടിയായി ഉപയോക്താക്കളുടെ പരാതികളും നിവേദനങ്ങളും പരിശോധിച്ച റഗുലേറ്ററി കമ്മിഷൻ വിവിധ സാഹചര്യങ്ങൾ പരിഗണിച്ച്, കെഎസ്ഇബി ആവശ്യപ്പെട്ടതിന്റെ പകുതി മാത്രം വർധനയാണ് ഇക്കൊല്ലം നടപ്പാക്കാൻ തീരുമാനിച്ചത്. 2025 ഏപ്രിൽ മുതൽ 12 പൈസ കൂടി വർധിപ്പിക്കാനും 2026–27 ൽ നിരക്കു വർധന ആവശ്യമില്ലെന്നും തീരുമാനിച്ച ശേഷം കമ്മിഷൻ വിജ്ഞാപനം തയാറാക്കുകയും തീരുമാനങ്ങൾ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ ധരിപ്പിക്കുകയും ചെയ്തിരുന്നു.
മുഖ്യമന്ത്രിയുടെ പൂർണ അറിവോടെയാണ് നിരക്കു വർധിപ്പിച്ചുള്ള ഉത്തരവ് പുറത്തിറങ്ങിയത്. അതിനാൽ, നിരക്ക് വർധനയെപ്പറ്റി അറിഞ്ഞില്ലെന്നു സർക്കാരിനു വാദിക്കാനാകില്ല. നിരക്ക് വർധനയിൽ എന്തെങ്കിലും തരത്തിലുള്ള ഭേദഗതി വരുത്താനും സർക്കാരിന് അവകാശമില്ല. സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പുറത്തിറക്കിയ വിജ്ഞാപനത്തിൽ മാറ്റം വരുത്തണമെങ്കിൽ വൈദ്യുതി അപ്‌ലറ്റ് ട്രൈബ്യൂണലിൽ അപ്പീൽ നൽകുകയാണ് വഴി. അതിനു സർക്കാർ തയാറാകാൻ സാധ്യതയില്ല. നിരക്കു വർധിപ്പിക്കാൻ അപേക്ഷ നൽകിയത് കെഎസ്ഇബി ആയതിനാൽ അവരും അത്തരമൊരു അപേക്ഷയുമായി അപ്‌ലറ്റ് ട്രൈബ്യൂണലിനെ സമീപിക്കില്ല. നിരക്ക് വർധനയുടെ ഭാരം ജനങ്ങൾക്ക് ഉണ്ടാകാതിരിക്കാൻ സബ്സിഡി പ്രഖ്യാപിക്കുകയാണ് മറ്റൊരു വഴി. എന്നാൽ, അതനുസരിച്ച നഷ്ടമാകുന്ന തുക മുൻകൂറായി സർക്കാർ കെഎസ്ഇബിക്കു നൽകിയാൽ മാത്രമേ ഇളവ് അനുവദിക്കാനാകൂ എന്നതിനാൽ സാമ്പത്തിക പ്രതിസന്ധിയിലായ സർക്കാർ അത്തരമൊരു നീക്കത്തിനും മുതിരില്ല.
നിരക്കുവർധന ഇല്ലാതാകുമോ?
ആഭ്യന്തര ഉൽപാദനം വർധിപ്പിച്ചും ദീർഘകാല കരാറുകളിലൂടെ കുറഞ്ഞ ചെലവിൽ വൈദ്യുതി കണ്ടെത്തുകയും ചെയ്ത് വൈദ്യുതി വാങ്ങൽ ചെലവ് ക്രമമായി കുറച്ചു വന്നാൽ അടുത്ത 2 വർഷത്തിനു ശേഷം വൈദ്യുതി നിരക്ക് വർധന ആവശ്യമാകില്ലെന്ന് റഗുലേറ്ററി കമ്മിഷൻ. കഴിഞ്ഞ വർഷങ്ങളിലെ വൈദ്യുതി നിരക്ക് വർധനയുടെ ഗ്രാഫ് താഴേക്കാണു പോകുന്നത്. 2022 ൽ യൂണിറ്റിന് 40.63 പൈസയാണ് വർധിപ്പിച്ചത്. 2023 ൽ 20 പൈസയും ഇക്കൊല്ലം 16 പൈസയുമാണ് വൈദ്യുതി നിരക്ക് വർധന. അടുത്ത വർഷം 12 പൈസയുടെ വർധന വരുത്തിയെങ്കിലും 2026–27 ൽ നിരക്ക് വർധന നിർദേശിച്ചിട്ടില്ല.
കഴിഞ്ഞ വർഷം വൈദ്യുതി വാങ്ങുന്നതിനു 13,000 കോടിയിലധികം രൂപയാണ് ചെലവായത്. വൈദ്യുതി ഉപയോഗം ഓരോ വർഷവും വർധിക്കുന്ന സാഹചര്യമാണ്. എന്നാൽ, സോളർ എനർജി കോർപറേഷൻ (സെകി), കേന്ദ്ര സർക്കാരിന്റെ കോൾ ലിങ്കേജ് പദ്ധതി തുടങ്ങിയ മാർഗങ്ങളിലൂടെ അടുത്ത വർഷം മുതൽ ദീർഘകാല വൈദ്യുതി ലഭ്യമാകാനുള്ള സാഹചര്യം ഉള്ളതിനാൽ വൈദ്യുതി വാങ്ങൽ ചെലവ് കുറയുമെന്നാണു പ്രതീക്ഷിക്കുന്നത്.