പഴക്കമേറുന്തോറും പരിപാലനം കൂടണം; ശരിയായി പരിപാലിക്കാത്ത പഴയ വാഹനങ്ങൾ അപകടങ്ങൾ വർധിപ്പിക്കുന്നു

Mail This Article
10 വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങൾക്കു വലിയ തകരാർ കണ്ടുതുടങ്ങുമ്പോൾ സ്ഥിരമായി കേൾക്കുന്ന ഡയലോഗുണ്ട് – ‘തൽക്കാലം ഇങ്ങനെയങ്ങു പോട്ടെ. 15 വർഷമാകുമ്പോൾ ഫിറ്റ്നസ് ടെസ്റ്റ് വരുമല്ലോ. അപ്പോൾ ചെയ്യാം’. ഈ മനോഭാവം നിരത്തുകളിലെ അപകടനിരക്കു വർധിപ്പിക്കുന്നതായി ശാസ്ത്രീയമായി കണ്ടെത്തിയതാണ്. നിരത്തിലിറക്കാൻ പാടില്ലാത്ത വാഹനങ്ങൾ ഓടുന്നത് സംസ്ഥാനത്ത് അപകടങ്ങൾ വർധിക്കുന്നതിന്റെ പ്രധാന കാരണമാണെന്നു സിഎജി റിപ്പോർട്ടിലും കണ്ടെത്തിയിരുന്നു. 15 വർഷമാണു സ്വകാര്യ വാഹനങ്ങളുടെ റജിസ്ട്രേഷൻ കാലാവധി. ഇതു പിന്നിട്ടിട്ടും ഫിറ്റ്നസ് പുതുക്കാതെ വാഹനങ്ങൾ നിരത്തിലോടുന്നുണ്ട്.
∙ വാഹനത്തിനു പഴക്കമേറുന്തോറും ടയർ, ബ്രേക്ക്, ഹെഡ്‌ലൈറ്റ്, സിഗ്‌നൽ ലൈറ്റ്, പവർ വിൻഡോ, മിറർ തുടങ്ങിയവ പരിപാലിക്കാനുള്ള ഉടമകളുടെ താൽപര്യം കുറഞ്ഞുവരുന്നു.
∙ വാഹനത്തിൽ റോഡുമായി സമ്പർക്കം പുലർത്തുന്ന ഏക ഭാഗം ടയറാണ്. ബ്രേക്ക് സംവിധാനം ശരിയായി പ്രവർത്തിക്കുന്നതിലടക്കം ടയറിനു മുഖ്യപങ്കുണ്ട്. എന്നാൽ, ടയറിൽ ആവശ്യത്തിനു കാറ്റുണ്ടോ എന്നുപോലും പലരും പരിശോധിക്കാറില്ല.
∙ പഴയ വാഹനങ്ങളുടെ ഹെഡ്‍ലൈറ്റിനു തെളിച്ചം കുറഞ്ഞുവരുന്നത് ദൂരക്കാഴ്ച കുറയ്ക്കും. മുൻവശത്തെ ചില്ലിലൂടെ രാത്രിക്കാഴ്ച സുവ്യക്തമാണെന്ന് ഉറപ്പാക്കണം.
∙ ശരിയായ ഫിറ്റ്നസില്ലാത്ത പഴയ വാഹനങ്ങൾ കാരണം കഴിഞ്ഞ 6 വർഷത്തിനിടെ കേരളത്തിലുണ്ടായത് 3097 അപകടങ്ങൾ.