നിധീഷ്, നീ കണ്ണും കരളും ഹൃദയത്തുടിപ്പുമാണ്

Mail This Article
കാസർകോട് ∙ നിധീഷിന്റെ ഹൃദയം ഇനിയും രാജ്യത്തിനായി തുടിക്കും, കണ്ണുകൾ ജനിച്ച മണ്ണിനെ കൺനിറയെക്കാണും. നിധീഷ് ആറുപേർക്ക് ജീവിതവും വെളിച്ചവുമാകും. വാഹനാപകടത്തിൽ പരുക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച സൈനികൻ, പെരുമ്പള ചെല്ലുഞ്ഞി തെക്കേവളപ്പു വീട്ടിൽ കെ.നിധീഷിന്റെ (34) അവയവയങ്ങളാണ് ആറുപേർക്ക് പുതുജീവനേകുന്നത്.
-
Also Read
5 പേർക്ക് പുതുജീവനേകി ധീരജ് ഓർമയായി
കണ്ണ്, ഹൃദയം, ശ്വാസകോശം, കരൾ, വൃക്കകൾ എന്നിവ എയർആംബുലൻസിൽ ഡൽഹി, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലെ ആശുപത്രികളിൽ എത്തിച്ചാണ് മണിക്കൂറുകൾക്കകം 6 പേർക്കു നൽകിയത്. പൊയിനാച്ചി ഭാഗത്തുനിന്നു വീട്ടിലേക്ക് വരുന്നതിനിടെ ശനിയാഴ്ച അർധരാത്രിയാണ് നിധീഷ് ഓടിച്ച സ്കൂട്ടർ ചട്ടഞ്ചാൽ അടിപ്പാതയ്ക്കു സമീപം ഹംപിൽ തട്ടി മറിഞ്ഞത്. ആദ്യം കാസർകോട്ടെയും പിന്നീട് മംഗളൂരുവിലെയും ആശുപത്രിയിലെത്തിച്ചു.
വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് ബെംഗളൂരുവിലെ എയർഫോഴ്സ് കമാൻഡ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇവിടെവച്ചാണ് മസ്തിഷ്ക മരണം ഉണ്ടായത്. മണിക്കൂറുകൾക്കകം അവയവങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കാനായത് സൈന്യവും രാജ്യവും തമ്മിലുള്ള ബന്ധം തെളിയിക്കുന്നതാണെന്ന് പ്രതിരോധവകുപ്പ് സമൂഹമാധ്യമ കുറിപ്പിൽ പറഞ്ഞു. 2014ൽ കരസേനയിൽ പ്രവേശിച്ച നിധീഷ് ഹരിയാന അംബാലയിൽ സിഗ്‌നൽമാനായി ജോലി ചെയ്യുകയായിരുന്നു. ജനുവരി അവസാനമാണ് നാട്ടിലെത്തിയത്. ബെംഗളൂരുവിൽനിന്ന് ഇന്ന് നാട്ടിലെത്തിക്കുന്ന മൃതദേഹം രാവിലെ 8ന് പെരുമ്പള യൂത്ത് ക്ലബ്ബിൽ പൊതുദർശനത്തിനു ശേഷം വീട്ടിലേക്കു കൊണ്ടുപോകും. പരേതനായ എം.പി.രാജന്റെയും കെ.പാർവതിയുടെയും മകനാണ്. ഭാര്യ എം.ആതിര.