വിലങ്ങാട് ഉരുൾപൊട്ടൽ: ഉത്തരവ് വൈകി; സൗജന്യ റേഷൻ മുടങ്ങി

Mail This Article
തിരുവനന്തപുരം ∙ ഉരുൾപൊട്ടൽ ഉണ്ടായ കോഴിക്കോട് വിലങ്ങാട് പ്രദേശത്ത് കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഡിസംബർ വരെ 3 മാസം കൂടി സൗജന്യ റേഷൻ നൽകാനുള്ള സർക്കാർ തീരുമാനം നടപ്പായില്ല. ഈ വർഷം ജനുവരിയിലെയും വിതരണം കഴിഞ്ഞ ശേഷമാണ് ഇതു സംബന്ധിച്ച് ഉത്തരവിറങ്ങിയതെന്നതാണു കാരണം. ഭക്ഷ്യപൊതുവിതരണ കമ്മിഷണറാണ് ഉത്തരവ് വൈകിയതിനാൽ റേഷൻ വിതരണം നടന്നില്ലെന്ന കാര്യം സർക്കാരിനെ അറിയിച്ചത്. കഴിഞ്ഞ വർഷം ജൂലൈ അവസാനമാണ് വിലങ്ങാട് ഉരുൾപൊട്ടൽ ഉണ്ടായത്. തുടർന്ന് ദുരിതബാധിതർ ഉൾപ്പെടുന്ന വാണിമേൽ പഞ്ചായത്തിലെ 9, 10, 11 വാർഡുകളിലും നരിപ്പറ്റ പഞ്ചായത്തിലെ മൂന്നാം വാർഡിലും സൗജന്യ റേഷൻ നൽകാൻ ഓഗസ്റ്റ് അവസാനവാരം സർക്കാർ തീരുമാനിച്ചു. ഇതു നടപ്പായെങ്കിലും ഒക്ടോബർ മുതൽ ഡിസംബർ വരെ വിതരണം തുടരാനുള്ള തീരുമാനം നടന്നില്ല. ഈ സാഹചര്യത്തിൽ ഫെബ്രുവരി മുതൽ ഏപ്രിൽ വരെ മാസങ്ങളിൽ സൗജന്യ റേഷൻ അനുവദിക്കാൻ സർക്കാർ അനുമതി നൽകി. ഫെബ്രുവരിയിലെ വിതരണം പൂർത്തിയാകാൻ 3 ദിവസം ബാക്കി നിൽക്കെയാണ് തീരുമാനം.