മരണമുഖത്ത് ഒരമ്മയും 2 കുട്ടികളും, ചീറിപ്പാഞ്ഞെത്തിയ ട്രെയിൻ; സെക്കൻഡുകൾ വൈകിയിരുന്നെങ്കിൽ...

Mail This Article
കോട്ടയം ∙ ‘‘ഏതാനും സെക്കൻഡുകൾ വൈകിയിരുന്നെങ്കിൽ 3 ജീവൻ ട്രെയിനിനു മുന്നിൽ പൊലിഞ്ഞേനെ. ഒരമ്മയും 2 പിഞ്ചുകുട്ടികളും. ചീറിപ്പാഞ്ഞെത്തിയ ട്രെയിനിന്റെ മരണമുഖത്തു നിന്നാണ് 3 പേരെ ജീവിതത്തിന്റെ പാളത്തിലേക്കു വലിച്ചിട്ടത്. 15 വർഷം മുൻപു നടന്ന സംഭവത്തിന്റെ ഞടുക്കം നെഞ്ചിലിപ്പോഴുമുണ്ട്.’’– കുടുംബപ്രശ്നം മൂലം ജീവനൊടുക്കാൻ എത്തിയവരുടെ മുന്നിലേക്കു രക്ഷാകരങ്ങളുമായി അന്നു പാഞ്ഞെത്തിയ സംഭവം കുമാരനല്ലൂർ മുൻ ഗ്രാമപ്പഞ്ചായത്ത് അംഗം ടി.ജി.പ്രസന്നന്റെ ഓർമയുടെ ട്രാക്കിൽ ഇടയ്ക്ക് ചൂളം വിളിച്ച് എത്താറുണ്ട്.
ഏറ്റുമാനൂർ പാറോലിക്കൽ റെയിൽവേ ഗേറ്റിനു സമീപം കഴിഞ്ഞ ദിവസം അമ്മയും 2 പെൺമക്കളും ജീവനൊടുക്കിയ ദാരുണസംഭവത്തിന്റെ പശ്ചാത്തലത്തിലാണു സമാനമായ പഴയ സംഭവം പ്രസന്നന്റെ ഓർമയിലെത്തിയത്. കുമാരനല്ലൂർ പഴയ റെയിൽവേ ഗേറ്റിനു സമീപത്താണ് ഒരു സ്ത്രീ 2 പെൺകുട്ടികളെയും എടുത്ത് പാളത്തിനു നടുവിലൂടെ കോട്ടയം ഭാഗത്തേക്കു നടന്നുപോകുന്നതു കണ്ടത്. അന്ന് ഒരു റെയിൽപാത മാത്രമേയുള്ളൂ. സമയം രാവിലെ 11. അൽപനേരം അവരെ ശ്രദ്ധിച്ചു. പാളത്തിൽനിന്നു മാറാതെ വളരെ വേഗത്തിലുള്ള അവരുടെ പോക്കു കണ്ടപ്പോൾ പന്തികേടു തോന്നി. പിന്നാലെ പോയി.
പാളത്തിന്റെ വശത്തു കാടുപിടിച്ച ഭാഗത്തു കൂടി 250 മീറ്ററോളം ഓടി പ്രസന്നൻ അവരുടെ അടുത്തെത്തി. 2 കുട്ടികളെയും കെട്ടിപ്പിടിച്ചു പാളത്തിനു നടുവിൽ കണ്ണടച്ചു നിൽക്കുകയാണു സ്ത്രീ. കോട്ടയം ഭാഗത്തു നിന്ന് ഒരു ട്രെയിൻ പാഞ്ഞെത്തുന്നതു കാണാം. പ്രസന്നൻ പാളത്തിലേക്ക് ഓടിക്കയറി സ്ത്രീയെയും ഒരു കുട്ടിയെയും പിടിച്ചുവലിച്ച് ഒരു വശത്തേക്കു മാറ്റി. 3 പേരും പാളത്തിനു വെളിയിൽ കാട്ടിലേക്കു വീണു. അതോടൊപ്പം മറ്റേ കുട്ടിയെ തള്ളി മറുവശത്തേക്കും ഇട്ടു. ട്രെയിൻ കടന്നുപോയ ശേഷമാണ് എല്ലാവരും രക്ഷപ്പെട്ടെന്നു മനസ്സിലായതെന്നു പ്രസന്നൻ ഓർമിക്കുന്നു.
‘എനിക്കും ഇതേ പ്രായത്തിൽ ഒരു പെൺകുട്ടിയുണ്ട്. നിങ്ങളുടെ പോക്ക് കണ്ടപ്പോൾ അവളുടെ മുഖമാണ് ഓർമ വന്നത്’ എന്നു സ്ത്രീയോടു പറഞ്ഞ ശേഷം പ്രസന്നൻ ഗാന്ധിനഗർ പൊലീസിനെ വിവരമറിയിച്ചു. തുടർന്നു പൊലീസെത്തി ‘സാന്ത്വനം’ ആശ്വാസ ഭവനിലേക്ക് 3 പേരെയും മാറ്റി. ഏറെ വർഷം സാന്ത്വനത്തിന്റെ തണലിലായിരുന്നു അവർ. കുട്ടികൾ ഇപ്പോൾ പ്ലസ്‌വണിലും പത്താം ക്ലാസിലുമാണു പഠിക്കുന്നത്. അമ്മ യുഎഇയിൽ ജോലി ചെയ്യുന്നു. ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നും സ്ത്രീകൾക്കും കുട്ടികൾക്കും ഏതു പ്രതിസന്ധിയിലും ‘സാന്ത്വന’ത്തെ സമീപിക്കാമെന്നും സാന്ത്വനം മാനേജിങ് ട്രസ്റ്റി ആനി ബാബു പ്രതികരിച്ചു.