ആകാശം തൊടുന്ന വിസ്മയ കെട്ടുകാഴ്ചയായി ചെട്ടികുളങ്ങര കുംഭഭരണി

Mail This Article
ചെട്ടികുളങ്ങര ∙ കുത്തിയോട്ടച്ചുവടുകളുടെ താളത്തിലലിഞ്ഞ പകൽ; ആകാശം തൊടുന്ന കെട്ടുകാഴ്ചകളുടെ ശിൽപഭംഗിയിൽ മിഴികൾ വിടർന്ന രാത്രി. പിന്നെ, നാടിന്റെ ജീവവായുവായ ദേവി ജീവതയിൽ എഴുന്നള്ളുന്നതിനായി പുലരുവോളമുള്ള കാത്തിരിപ്പ്. ശബ്ദവും ദൃശ്യവും കരുത്തും കരവിരുതും ഭക്തിയുമെല്ലാം സംഗമിച്ച വിസ്മയദിനമായി ചെട്ടികുളങ്ങര കുംഭഭരണി.
വിണ്ണോളമുയർന്ന വിസ്മയ രൂപങ്ങളിൽ പ്രാർഥനകൾ കൊരുത്തുവച്ചു ദേശം ഭഗവതിക്കുള്ള തിരുമുൽക്കാഴ്ചയുമായി കാഴ്ചക്കണ്ടത്തിൽ അണിനിരന്നപ്പോൾ, കുംഭച്ചൂടിൽ പുണ്യം പുലർമഞ്ഞായി പെയ്തിറങ്ങി.
കെട്ടുകാഴ്ചകളെ വരവേൽക്കാൻ ഓണാട്ടുകരയുടെ മണ്ണും മനസ്സും ഇന്നലെ പുലർച്ചയോടെ ഒരുങ്ങിയിരുന്നു. അണിഞ്ഞൊരുങ്ങിയ കുത്തിയോട്ട സംഘങ്ങൾ രാവിലെ മുതൽ ക്ഷേത്രത്തിലേക്ക് ചുവടുവച്ചെത്തി. ദേവിക്കു മുൻപിൽ തൊഴുതു പ്രാർഥിച്ചു സമർപ്പണം നടത്തി. 14 കുത്തിയോട്ടങ്ങളാണ് ഇത്തവണയുണ്ടായിരുന്നത്. കുത്തിയോട്ട വരവ് ഉച്ചയോടെ അവസാനിച്ചു. പിന്നെ കെട്ടുകാഴ്ചകൾക്കായുള്ള കാത്തിരിപ്പ്.
വൈകിട്ടോടെ 13 കരകളിൽ നിന്നായി കുത്തിയൊലിച്ചുവരുന്ന മഹാനദികൾ പോലെ ചെറുവഴികളിലൂടെ ആൾക്കൂട്ടം ഒഴുകിയെത്തി; ഓരോ നദിപ്പരപ്പിലും മഹായനങ്ങൾ പോലെ ആകാശം തൊടുന്ന കെട്ടുകാഴ്ചകൾ. ക്ഷേത്രാങ്കണത്തിൽ നദികളൊന്നിച്ച് മഹാസാഗരമായി. ആകാശപ്പൊക്കമുള്ള ഗോപുരങ്ങൾ ആൾക്കടലിലൂടെ കാഴ്ചക്കണ്ടത്തിലേക്ക് ഒഴുകിയിറങ്ങി.
ദേവീസ്തുതികളും ആർപ്പുവിളികളും അകമ്പടിയായി. 13 കരകളിൽ നിന്നായി 6 കുതിരകളും 5 തേരുകളും ഭീമനും ഹനുമാനും പാഞ്ചാലിയും. ഗോപുരാകൃതിയിലുള്ള കുതിരകൾക്കു 125 അടിയോളമാണു പൊക്കം. മരച്ചക്രങ്ങൾ ഘടിപ്പിച്ച ചട്ടങ്ങളിൽ നിർമിച്ച ടൺ കണക്കിനു ഭാരമുള്ള കെട്ടുകാഴ്ചകൾ കരക്കാർ പ്രാർഥനകളോടെ വലിച്ചുനീക്കുമ്പോൾ കരുത്തും കരവിരുതും ഭക്തിയുമായി കലരുന്നു. മുകളിൽ ദാരുശിൽപകലയുടെ വിസ്മയം; താഴെ അധ്വാനത്തിന്റെ മഹത്വം.
ഈരേഴ തെക്കിന്റെ കുതിര വൈകിട്ട് 5.58ന് ക്ഷേത്രമുറ്റത്തെത്തി. അമ്മയെ വണങ്ങി കാഴ്ചക്കണ്ടത്തിലേക്കിറങ്ങി. കുതിരയുടെ ഇടക്കൂടാരത്തിന്റെ വശങ്ങളിൽ തുള്ളിക്കളിക്കുന്ന പാവക്കുട്ടികൾക്കൊപ്പം ജനം ആർപ്പുവിളികളോടെ ഇളകിമറിഞ്ഞു. രണ്ടാമത്തെയും നാലാമത്തെയും കെട്ടുകാഴ്ചയ്ക്കായുള്ള കാത്തിരിപ്പ് ഒരു മണിക്കൂറോളം നീണ്ടു.
ഈരേഴ വടക്കിന്റെ കുതിര രണ്ടാമതായി കാഴ്ചക്കണ്ടത്തിലേക്കിറങ്ങി. പിന്നാലെ ഊഴക്രമമനുസരിച്ച് കൈത തെക്ക്, കൈത വടക്ക്, കണ്ണമംഗലം തെക്ക്, കണ്ണമംഗലം വടക്ക്, പേള, കടവൂർ, ആഞ്ഞിലിപ്ര, മറ്റം വടക്ക്, മറ്റം തെക്ക്, മേനാമ്പള്ളി, നടക്കാവ് കരകളിലെ കെട്ടുകാഴ്ചകളും അമ്മയെ വണങ്ങി രാത്രിയോടെ കാഴ്ചക്കണ്ടത്തിൽ നിരന്നു. കെട്ടുകാഴ്ചകൾ നിരന്നതോടെ കാഴ്ചക്കണ്ടം ഭക്തിയുടെയും കരവിരുതിന്റെയും സംഗമഭൂമിയായി. പിന്നെ ദേശത്തിന്റെ തിരുമുൽക്കാഴ്ചകൾ സ്വീകരിച്ച് അനുഗ്രഹം ചൊരിയാൻ ചെട്ടികുളങ്ങരയമ്മ ജീവതയിലെഴുന്നള്ളുന്നതിനായുള്ള കാത്തിരിപ്പ്. ആ അനുഗ്രഹം ശിരസ്സിലേറ്റിയ ദേശവാസികൾ അടുത്ത ഭരണിക്കു കാണാം എന്ന ഉപചാരം ചൊല്ലി പിരിഞ്ഞു.