ഒന്നാണ് ഞങ്ങൾ; മനോരമ നല്ലപാഠത്തിന്റെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും സ്കൂൾ വിദ്യാർഥികളുടെ പ്രതിജ്ഞ

Mail This Article
പകർച്ചവ്യാധി പോലെ പടരുന്ന അക്രമപരമ്പരകളെ ചെറുത്തു കേരളത്തിലെ കുട്ടികൾ ഇന്നലെ മനസ്സുകൾ കൊണ്ടൊരു മതിൽ കെട്ടി. ആ മതിൽ പൊളിക്കാൻ ലഹരിയുടെയും അക്രമവാസനയുടെയും കൈകൾ എത്തില്ലെന്ന് ഉറപ്പാക്കാൻ ഉറച്ച ശബ്ദത്തിൽ പ്രതിജ്ഞ കൊണ്ടൊരു അടിത്തറയും അവർ ആദ്യമേ കെട്ടി. കേരളത്തിന്റെ ഭാവിക്കു മേൽ ഇരുട്ട് വീഴ്ത്താൻ തുടങ്ങിയ ലഹരി, അക്രമസംഭവങ്ങൾക്കെതിരെ മലയാള മനോരമ നല്ലപാഠത്തിന്റെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും ഒരുക്കിയ കൂട്ടായ്മകളിലാണ് കുട്ടികൾ ഉറച്ച ശബ്ദത്തിന്റെ വെളിച്ചവുമായി എത്തിയത്. സ്കൂളുകളും പ്രതിജ്ഞയിൽ അണിചേർന്നു.
എറണാകുളം സുഭാഷ് പാർക്കിൽ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കുട്ടികൾക്കു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തിരുവനന്തപുരം വഴുതക്കാട് ചിന്മയ വിദ്യാലയത്തിൽ സാംസ്കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ്.അയ്യരും കുന്നുംപുറം ചിന്മയ വിദ്യാലയത്തിൽ വിജിലൻസ് ഡിഐജി കെ.കാർത്തിക്കും കൊടുങ്ങാനൂർ ഭാരതീയ വിദ്യാഭവനിൽ എൻട്രൻസ് കമ്മിഷണർ ഡോ. അരുൺ എസ്. നായരും നാലാഞ്ചിറ നവജീവൻ ബഥനി വിദ്യാലയത്തിൽ എഐജി വി.അജിത്തും പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കൊല്ലത്ത് സിറ്റി പൊലീസ് കമ്മിഷണർ എസ്. ഷെരീഫ്, കോർപറേഷൻ മേയർ ഹണി ബഞ്ചമിൻ, പത്തനംതിട്ട ടൗൺ സ്ക്വയറിൽ അഡിഷനൽ എസ്പി ആർ.ബിനു, ആലപ്പുഴ കലക്ടറേറ്റ് അങ്കണത്തിലെ ഗാന്ധിപ്രതിമയ്ക്കു മുന്നിൽ എഡിഎം: ആശ സി.ഏബ്രഹാം, കോട്ടയം തിരുനക്കര ഗാന്ധി പ്രതിമയ്ക്കു മുന്നിൽ എംജി സർവകലാശാല വൈസ് ചാൻസലർ ഡോ.സി.ടി അരവിന്ദകുമാർ, തൊടുപുഴയിൽ നഗരസഭ ഉപാധ്യക്ഷ ജെസി ആന്റണി, തൃശൂർ കേരള കലാമണ്ഡലത്തിൽ വൈസ് ചാൻസലർ ഡോ.ബി.അനന്തകൃഷ്ണൻ, പാലക്കാട് പത്തിരിപ്പാല മണ്ണൂർ കയ്മുകുന്നത്തുകാവ് ക്ഷേത്ര മൈതാനിയിൽ എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ വൈ.ഷിബു, മലപ്പുറം കുന്നുമ്മൽ മനോരമ സ്ക്വയറിൽ മലപ്പുറം നഗരസഭാധ്യക്ഷൻ മുജീബ് കാടേരി, കോഴിക്കോട് പുതിയറ ബിഇഎം എയുപി സ്കൂളിൽ എസിപി എ. ഉമേഷ്, വയനാട് കൽപറ്റ എച്ച്ഐഎം യുപി സ്കൂളിൽ നടൻ അബു സലിം, കണ്ണൂർ പയ്യാമ്പലം ഉർസുലൈൻ സീനിയർ സെക്കൻഡറി സ്കൂളിൽ അസി.എക്സൈസ് കമ്മിഷണർ പി.കെ.സതീഷ്കുമാർ, കാസർകോട് പള്ളിക്കര ജിഎംയുപി സ്കൂളിൽ എഎസ്പി ഒ.അപർണ എന്നിവർ കുട്ടികൾക്കു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.