പൊതുമേഖലയിലെ സ്വകാര്യനിക്ഷേപം: മുഖ്യമന്ത്രിക്ക് പാർട്ടിയുടെ പച്ചക്കൊടി

Mail This Article
കൊല്ലം∙ പൊതുമേഖലയിലെ സ്വകാര്യ നിക്ഷേപത്തിന് സിപിഎം സംസ്ഥാന സമ്മേളനവും പച്ചക്കൊടി നൽകി. മുഖ്യമന്ത്രി അവതരിപ്പിച്ച നവകേരള രേഖയിലെ ഇതു സംബന്ധിച്ച നിർദേശങ്ങളിൽ പ്രതിനിധികൾ ചില ഭേദഗതികൾ നിർദേശിക്കുകയും ആശങ്ക പങ്കുവയ്ക്കുകയും ചെയ്തെങ്കിലും പൊതുവിൽ പിന്തുണച്ചു. മുഖ്യമന്ത്രിയുടെ ഇന്നത്തെ മറുപടിയോടെ നിർദേശങ്ങൾ അംഗീകരിക്കപ്പെടും.
പൊതുമേഖലാ സ്ഥാപനങ്ങൾ കേന്ദ്രം സ്വകാര്യവൽക്കരിക്കുന്നതിനെതിരെ സമരരംഗത്തുള്ള സിപിഎം, കേരളത്തിൽ പുനരുദ്ധരിക്കാൻ കഴിയാത്ത പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുമെന്ന് ഇതോടെ ഉറപ്പായി.
സിപിഎമ്മിന്റെ രാഷ്ട്രീയ നിലപാടിനു ചേർന്നതാണോ പുതിയ നയംമാറ്റമെന്നതു പൊതുസമൂഹത്തിലും ചർച്ചയ്ക്കു വഴിയൊരുക്കി.
നിർദേശം നടപ്പാക്കുമ്പോൾ ഏറെ കരുതൽ വേണമെന്നും തിരിച്ചടിയുണ്ടാകാതെ നോക്കണമെന്നും പ്രതിനിധികളിൽ ചിലർ ആവശ്യപ്പെട്ടു.
പാർട്ടി ശത്രുക്കൾ ഇത് ഉപയോഗിക്കും. ബംഗാളിൽ സംഭവിച്ചതിനു സമാന അവസ്ഥയുണ്ടാകുമെന്നുമുള്ള ആശങ്കയും പങ്കുവച്ചു. നടത്തിക്കൊണ്ടു പോകാൻ പ്രയാസമുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ നടത്തിപ്പ് കൈമാറുമ്പോൾ ആദ്യപരിഗണന സഹകരണ മേഖലയ്ക്കായിരിക്കണമെന്ന നിർദേശവുമുണ്ടായി.
കേന്ദ്രം ചെയ്യുന്നതുപോലെ പൊതുമേഖലയെ വിൽക്കാനല്ല ഉദ്ദേശിക്കുന്നതെന്നും, മുന്നോട്ടു കൊണ്ടുപോകാൻ കഴിയാതെ വരുന്ന ഘട്ടത്തിലുള്ള നിർദേശമാണു മുന്നോട്ടു വച്ചതെന്നും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു.
സഹകരണ മേഖല ഉപയോഗിക്കാൻ കഴിയില്ലെങ്കിൽ മാത്രമേ പിപിപി മോഡൽ പരിഗണിക്കൂ. സ്വകാര്യ മൂലധന നിക്ഷേപത്തിനു മുൻഗണന കൊടുക്കലല്ല ലക്ഷ്യം. പൊതുമേഖല വിൽക്കാൻ ഉദ്ദേശിക്കുന്നില്ല.
കേന്ദ്രനയം ചങ്ങാത്ത മുതലാളിത്തത്തിന്റെ ഭാഗമാണ്. കേരളത്തിൽ സ്വകാര്യ നിക്ഷേപത്തിന്റെ ഗുണം ലഭിക്കുക പാവപ്പെട്ട തൊഴിലാളികൾക്കാണ്. ജനോപകാരപ്രദമായി പൊതുമേഖലാ സ്ഥാപനങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാമെന്നതിന്റെ പാഠശാലയായിരിക്കും കേരള ബദൽ–ഗോവിന്ദൻ പറഞ്ഞു.