മോഹൻ ലാൽ വീണ്ടും പറയുന്നു, ‘നർകോട്ടിക് ഈസ് ഡേർട്ടി ബിസിനസ്’

Mail This Article
തിരുവനന്തപുരം ∙ നടൻ മോഹൻലാൽ ബ്രാൻഡ് അംബാസഡറായെത്തിയ ‘യോദ്ധാവ്’ ഹ്രസ്വചിത്രം വഴി ലഹരി വിരുദ്ധ ക്യാംപെയ്ൻ പൊലീസ് ശക്തമാക്കി. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിൽ കേരള പൊലീസാണു ഹ്രസ്വചിത്രം തയാറാക്കിയത്.
‘നമ്മുടെ നിശ്ശബ്ദത ഒരു കുരുന്നിനെ തകർക്കുന്നു. എന്നാൽ മൗനം വെടിഞ്ഞുള്ള ശബ്ദസന്ദേശം ഒരു വ്യക്തിയെ മാത്രമല്ല, ഒരു തലമുറയെയാണു ലഹരിയുടെ പിടിയിൽ നിന്നു മോചിപ്പിക്കുന്നത്. കേരള പൊലീസിന്റെ ആന്റി നർകോട്ടിക് ആർമി ഈ ദിശയിലാണു മുന്നേറുന്നത്’– ഹ്രസ്വചിത്രത്തിൽ പറയുന്നു.
ലഹരി ഉപയോഗമോ വിൽപനയോ ശ്രദ്ധയിൽപെട്ടാൽ 99959 66666 എന്ന നമ്പറിൽ അറിയിക്കാമെന്നും ചിത്രത്തിൽ സൂചിപ്പിക്കുന്നുണ്ട്. ശബ്ദസന്ദേശം, ടെക്സ്റ്റ്, ഫോട്ടോ, വിഡിയോ എന്നിവ വഴി മാത്രമേ വിവരം നൽകാൻ കഴിയൂ. 94979 27797 എന്ന നമ്പറിലും വിവരം കൈമാറാം. വിവരം നൽകുന്നവരുടെ കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കും.
പരാതി ലഭിച്ചാൽ ബന്ധപ്പെട്ട കുട്ടികളെ രഹസ്യമായി നിരീക്ഷിക്കുകയും ഇവർക്കു ലഹരിവസ്തുക്കൾ എത്തിക്കുന്നവരെ പിടികൂടുകയും ചെയ്യുമെന്ന് മനോജ് ഏബ്രഹാം പറഞ്ഞു.