ലഹരി പരിശോധനയ്ക്കിടെ പൊലീസിനെതിരെ ആക്രമണം, എഎസ്ഐക്ക് പരുക്ക്

Mail This Article
വടക്കഞ്ചേരി (പാലക്കാട്) ∙ ലഹരിവേട്ടയ്ക്കിറങ്ങിയ പൊലീസിനെ കാറിടിച്ചു പരുക്കേൽപിച്ചു കടന്ന പ്രതിയെ കോട്ടയം കറുകച്ചാലിൽ പൊലീസ് പിടികൂടി. കണ്ണമ്പ്ര ചുണ്ണാമ്പുതറ പൂളയ്ക്കൽപറമ്പ് പ്രതുലിനെയാണ് (20) എംഡിഎംഎയുമായി പൊലീസ് അറസ്റ്റ് ചെയ്തത്. വടക്കഞ്ചേരി സ്റ്റേഷനിലെ എഎസ്ഐ കാവശ്ശേരി പത്തനാപുരം ചേറുംകോട് പെരിയകുളം ഉവൈസിനെ (46) ആണ് ആക്രമിച്ചത്.
തിങ്കളാഴ്ച രാത്രി എട്ടോടെ ദേശീയപാതയിലെ ചെമ്മണാംകുന്നിൽ ലഹരിവിൽപന നടക്കുന്നതായി അറിഞ്ഞാണ് ഉവൈസും സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ റിനു മോഹൻ, ലൈജു, ബ്ലെസ്സൻ ജോസഫ്, അബ്ദുൽ ജലാൽ, സിവിൽ പൊലീസ് ഓഫിസർ റിയാസുദ്ദീൻ എന്നിവർ 3 ബൈക്കുകളിലായി പരിശോധനയ്ക്കു പോയത്. കാറിൽ പ്രതിയെ കണ്ട പൊലീസ് ഇറങ്ങാൻ പറയുന്നതിനിടെ കാർ പെട്ടെന്നു മുന്നോട്ടെടുക്കുകയായിരുന്നു.
കാറിനു മുൻപിൽ ബൈക്കിലുണ്ടായിരുന്ന ഉവൈസിനെ ഇടിച്ചു തെറിപ്പിച്ചു. എസ്ഐ മധു ബാലകൃഷ്ണനും സംഘവും പിന്തുടർന്നെങ്കിലും പിടിക്കാനായില്ല. വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ചുള്ള പരിശോധനയ്ക്കിടെയാണു പ്രതുലിനെ കറുകച്ചാലിൽ നിന്ന് ഇന്നലെ പുലർച്ചെ പിടികൂടിയത്.
എഎസ്ഐ ഉവൈസിന്റെ കാലിനു സാരമായി പരുക്കേറ്റു. ഒപ്പമുണ്ടായിരുന്ന ലൈജുവിനു നിസ്സാര പരുക്കുണ്ട്. കണ്ണമ്പ്ര മേഖലയിൽ സ്ഥിരമായി ലഹരി വിൽപന നടത്തുന്ന ആളാണു പ്രതിയെന്നു പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ വധശ്രമത്തിനു കേസെടുത്തു.