വനിത ചലച്ചിത്ര പുരസ്കാരം: മോഹൻലാൽ മികച്ച നടൻ; നടി മഞ്ജു, പൃഥ്വി സംവിധായകൻ
Mail This Article
കൊച്ചി∙ മലയാളത്തിലെ ഏറ്റവും വലിയ ജനപ്രിയ ചലച്ചിത്ര പുരസ്കാരമായ സെറ–വനിത ഫിലിം അവാർഡ്സിൽ മികച്ച നടന്‍ മോഹൻലാൽ. ലൂസിഫറിലെ അഭിനയമാണ് മലയാളത്തിന്റെ സൂപ്പർ സ്റ്റാറിന് പുരസ്കാരം നേടിക്കൊടുത്തത്. നടി മാധുരി ദീക്ഷിത് പുരസ്കാരം സമ്മാനിച്ചു. മഞ്ജു വാര്യരാണു മികച്ച നടി, ചിത്രം: പ്രതി പൂവൻകോഴി. ‘ലൂസിഫറിന്’ പൃഥ്വിരാജ് മികച്ച സംവിധായകനുള്ള പുരസ്കാരം സ്വന്തമാക്കി. കുമ്പളങ്ങി നൈറ്റ്സ് ആണു മികച്ച ചിത്രം. ലൂസിഫർ മികച്ച ജനപ്രിയ ചിത്രം.
ശ്യാം പുഷ്‌കരൻ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി. നിവിൻ പോളിയാണ് മികച്ച ഗ്രേസ്‌ഫുൾ ആക്‌ടർ. ജനപ്രിയ നടൻ ആസിഫ് അലി. പാർവതിയാണ് ജനപ്രിയ നടി. വിവേക് ഒബ്റോയ് മികച്ച വില്ലനുള്ള പുരസ്കാരം സ്വന്തമാക്കി. സിദ്ദീഖ് ആണ് മികച്ച സ്വഭാവ നടൻ. സ്വഭാവ നടി നൈല ഉഷ. മികച്ച സഹനടനുള്ള പുരസ്കാരം സൗബിൻ ഷാഹിറും സഹനടിക്കുള്ള പുരസ്കാരം അനുശ്രീയും സ്വന്തമാക്കി. സൈജു കുറുപ്പാണ് മികച്ച ഹാസ്യനടൻ.
ചലച്ചിത്ര പുരസ്‌കാരം ലൈവ് അപ്‌ഡേറ്റ്സ്, ചിത്രങ്ങൾ, വിഡിയോ; ഇവിടെ ക്ലിക്ക് ചെയ്യുക
‘വൈറസ്’ ആണ് മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രം. സോഷ്യൽ റെസ്പോൺസിബിൾ ആക്ട്രസ് പുരസ്കാരം റിമ കല്ലിങ്കൽ സ്വന്തമാക്കി. കുഞ്ചാക്കോ ബോബനാണ് സോഷ്യൽ റെസ്പോൺസിബിൾ ആക്ടർ. ലൈഫ്ടൈം അചീവ്മെന്റ് പുരസ്കാരം നടി ശാരദയ്ക്ക് ഇന്നസെന്റ് സമ്മാനിച്ചു.
വനിത ചലച്ചിത്ര പുരസ്‌കാരം സ്പെഷൽ റിപ്പോർട്ടുകൾ
വിജയ് യേശുദാസാണ് മികച്ച ഗായകൻ. ഗായിക ശ്രേയ ഘോഷാൽ. സുരാജ് വെഞ്ഞാറമൂടിന് സ്പെഷൽ പെർഫോമൻസ് പുരസ്കാരം. നടി മംമ്ത മോഹൻദാസിനാണ് വനിതാവിഭാഗം സ്പെഷൽ പെർഫോമൻസ് പുരസ്കാരം. ഷെയ്ൻ നിഗവും അന്ന ബെന്നും മികച്ച താര ജോഡിക്കുള്ള അവാർഡ് സ്വന്തമാക്കി. അന്ന ബെൻ ആണ് മികച്ച പുതുമുഖ നായിക. മാത്യു തോമസാണ് മികച്ച പുതുമുഖ നായകൻ.
ഹരിനാരായണനാണ് മികച്ച ഗാനരചയിതാവ്. ജയ് ഹരി മികച്ച സംഗീത സംവിധായനുള്ള പുരസ്കാരവും സ്വന്തമാക്കി. മികച്ച ബാലതാരത്തിനുള്ള അംഗീകാരം മാസ്റ്റർ അച്യുതന് നടൻ ഉണ്ണി മുകുന്ദൻ സമ്മാനിച്ചു. മനു അശോകനാണ് മികച്ച നവാഗത സംവിധായകൻ. മികച്ച നൃത്തസംവിധാനത്തിനുള്ള പുരസ്കാരം ബൃന്ദ മാസ്റ്റർ സ്വന്തമാക്കി. ഗിരീഷ് ഗംഗാധരനാണ് മികച്ച ഛായാഗ്രാഹകൻ. വനിത കവർ ഗേളായി രാധിക രവിയെയും കവർ ഫെയ്‌സായി സുമി സി.എസിനെയും തിരഞ്ഞെടുത്തു.
ഫോർട്കൊച്ചി ബ്രിസ്‌റ്റോ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ബോളിവുഡ്, കോളിവുഡ്, ടോളിവുഡ് താരനിരയുടെ നിറഞ്ഞ സാന്നിധ്യമായിരുന്നു. വേദിയിൽ വർണക്കാഴ്ചയൊരുക്കാൻ ഇന്ത്യന്‍ ചലച്ചിത്രലോകത്തെ മിന്നും താരങ്ങളാണെത്തിയത്. കാലം പോറലേൽപിക്കാത്ത സൗന്ദര്യവും മാറ്റുകുറയാത്ത നൃത്ത പ്രതിഭയുമായി താരനിശയിൽ ആടിത്തിമർക്കാൻ ബോളിവുഡ് നടി മാധുരി ദീക്ഷിത്, അസാധ്യമായ മെയ്‌വഴക്കവും അംഗവടിവും കൊണ്ട് ഹിന്ദി, തമിഴ്, തെലുങ്ക്, മലയാള സിനിമകളിലെ സൂപ്പർ ഐറ്റം നമ്പറുകളിലൂടെ കുറഞ്ഞ സമയത്തിനുള്ളിൽ യുവാക്കളുടെ ഹൃദയത്തുടിപ്പായി മാറിയ നോറ ഫത്തേഹി എന്നിവർ ഫിലിം അവാർഡ്സ് വേദിയിൽ തീപ്പൊരി ചിതറിച്ചു.
പവേർഡ് ബേ സ്പോൺസറായി ജോസ്കോയും പോപ്പീസും എത്തുന്ന താര നിശയിൽ മലയാളിച്ചന്തം നിറച്ചത് താരസുന്ദരികളായ അനു സിത്താര, നമിത പ്രമോദ്, അനുശ്രീ, നിഖില വിമൽ, മിയ, ദീപ്തി സതി, രമ്യ നമ്പീശൻ എന്നിവർ. മമ്മൂട്ടി നായകനായെത്തിയ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിലെ കുട്ടിച്ചാവേറായി എത്തി മലയാള സിനിമയിലെ ‘വണ്ടർ ബോയ്’ ആയ മാസ്റ്റർ അച്യുതന്റെ കലാ പ്രകടനം ഫിലിം അവാർഡിന്റെ ഹൈലൈറ്റുകളിലൊന്നായിരുന്നു.
കോമൺ വെൽത്ത് ഗെയിംസിലും ഏഷ്യൻ ചാംപ്യൻഷിപ്പിലും ഇന്ത്യൻ നെറ്റ്ബോൾ ടീമിന്റെ ക്യാപ്റ്റനായി ഇന്ത്യക്ക് വിജയം നേടിക്കൊടുത്ത ശേഷം അഭിനേത്രിയായി മാമാങ്കം സിനിമയിലൂടെ മലയാളത്തിലെത്തിയ സുന്ദരി പ്രാചി തെഹ്‌ലാനും ആവേശകരമായ കലാപ്രകടനവുമായാണ് സെറ– വനിത താരനിശാവേദിയെ കീഴടക്കിയത്.
പുഞ്ചിരിയും പാട്ടും കൊണ്ട് മലയാളിയുടെ മനം നിറയ്ക്കുന്ന നിത്യ ഹരിത ഗായിക കെ.എസ്. ചിത്രയും ഗന്ധർവ നാദത്തിന്റെ പുത്തൻ സൗകുമാര്യം വിജയ് യേശുദാസും കേൾക്കാൻ കൊതിക്കുന്ന ഈണങ്ങളുമായി താരനിശയെ സമ്പന്നമാക്കി. ത്രസിപ്പിക്കുന്ന നൃത്തച്ചുവടുകളുമായി ഇൻഡോ–ശ്രീലങ്കൻ ചലച്ചിത്ര നടി ജാക്വിലിൻ ഫെർണാണ്ടസും പുരസ്കാരനിശയിൽ ആവേശത്തിരയുണർത്തി.
English Summary: Vanitha Film Awards 2020